രണ്ടാം വിവാഹവാര്‍ഷികദിനത്തില്‍ മനോഹരമായ കുറിപ്പ് പങ്കുവെച്ച് നടി അമേയ മാത്യു. വിവാഹത്തില്‍ നിന്നുള്ള ഏതാനും ചിത്രങ്ങള്‍ സമൂഹമാധ്യമത്തില്‍ പങ്കുവെച്ചുകൊണ്ടായിരുന്നു ഭര്‍ത്താവ് കിരണ്‍ കട്ടിക്കാരന് താരം ആശംസകള്‍ നേര്‍ന്നത്.
'ഞങ്ങള്‍ക്ക് രണ്ടാം വിവാഹവാര്‍ഷികാശംസകള്‍! വാക്കുകള്‍ക്കതീതമായി ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു, എന്റെ ബേബി ബൂ, എന്നെന്നേക്കുമായി നിനക്കൊപ്പമാണ് ഞാന്‍' എന്നായിരുന്നു അമേയ കുറിച്ചത്.
2024 ലായിരുന്നു അമേയയും കാനഡയില്‍ സോഫ്റ്റ്വെയര്‍ എന്‍ജിനീയറായ കിരണ്‍ കട്ടിക്കാരനും വിവാഹിതരായത്. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു ഇരുവരുടെയും വിവാഹം. 'ഞങ്ങള്‍ വിവാഹിതരായി, ബെസ്റ്റ് ഫ്രണ്ട്‌സില്‍ നിന്നും മിസ്റ്റര്‍ ആന്‍ഡ് മിസിസ്' എന്ന അടിക്കുറിപ്പോടെയാണ് അന്ന് വിവാഹച്ചിത്രങ്ങള്‍ അമേയ പങ്കുവെച്ചത്.
സോഷ്യല്‍ മീഡിയയില്‍ സജീവമായ അമേയ തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. തിരുവനന്തപുരം സ്വദേശിയാണ് താരം. കരിക്ക് വെബ് സീരീസിലൂടെയാണ് അമേയ പ്രശസ്തയായത്. ആട് 2, ദി പ്രീസ്റ്റ്, തിമിരം, വുള്‍ഫ് എന്നീ ചിത്രങ്ങളിലും അമേയ അഭിനയിച്ചിട്ടുണ്ട്. മോഡലിങ് രംഗത്ത് സജീവമായ അമേയയുടെ ഗ്ലാമറസ് ഫൊട്ടോ ഷൂട്ടുകളും ആരാധകരുടെ ഇടയില്‍ വൈറലാകാറുണ്ട്.