Latest News

ജാന്‍വി കപറിന്റെ എ.ഐ ഡീപ്ഫെയ്ക്ക് അശ്ലീല വീഡിയോ വന്‍ വിവാദത്തില്‍; ഡിജിറ്റല്‍ ലൈംഗികാതിക്രമമെന്ന് വിജയ് ദേവരകൊണ്ട; കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണമെന്ന് സിനിമാലോകം; നിയമനടപടി ഉണ്ടാകുമെന്ന് ജൂനിയര്‍ എന്‍.ടി.ആര്‍

Malayalilife
 ജാന്‍വി കപറിന്റെ എ.ഐ ഡീപ്ഫെയ്ക്ക് അശ്ലീല വീഡിയോ വന്‍ വിവാദത്തില്‍; ഡിജിറ്റല്‍ ലൈംഗികാതിക്രമമെന്ന് വിജയ് ദേവരകൊണ്ട; കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണമെന്ന് സിനിമാലോകം; നിയമനടപടി ഉണ്ടാകുമെന്ന് ജൂനിയര്‍ എന്‍.ടി.ആര്‍

ജൂനിയര്‍ എന്‍.ടി.ആര്‍ - ജാന്‍വി കപൂര്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ 'ദേവര: പാര്‍ട്ട് 1' എന്ന ചിത്രത്തിലെ സൂപ്പര്‍ഹിറ്റ് ഗാനരംഗം എ.ഐ ഡീപ്ഫെയ്ക്ക് സാങ്കേതികവിദ്യ ഉപയോഗിച്ച് മോര്‍ഫ് ചെയ്ത് വ്യാജ അശ്ലീല വീഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ പ്രതിഷേധം പുകയുന്നു. നടി ജാന്‍വി കപൂറിന്റെ ദൃശ്യങ്ങള്‍ മോര്‍ഫ് ചെയ്തതിനെതിരെ ആഞ്ഞടിച്ച് വിജയ് ദേവരകൊണ്ടയും. കഴിഞ്ഞ ദിവസം ജൂനിയര്‍ എന്‍.ടി.ആറും സംഭവത്തിനെതിരെ രംഗത്തെത്തിയിരുന്നു. 

 സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ 'എക്‌സി'ലൂടെയാണ് വിജയ് ദേവരകൊണ്ട സംഭവത്തില്‍ തന്റെ കടുത്ത അമര്‍ഷം രേഖപ്പെടുത്തിയത്. ഈ ദാരുണ സംഭവത്തെ 'ഡിജിറ്റല്‍ ലൈംഗികാതിക്രമം' എന്ന് വിശേഷിപ്പിച്ച താരം, ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് നിയമപരമായി ലഭിക്കാവുന്ന ഏറ്റവും കടുത്ത ശിക്ഷ തന്നെ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടു. എ.ഐ സാങ്കേതികവിദ്യ തൊഴിലവസരങ്ങള്‍ ഇല്ലാതാക്കുമോ എന്ന് ലോകം ആശങ്കപ്പെടുമ്പോള്‍, ചിലര്‍ അതിനെ ഇത്തരം നിന്ദ്യമായ ആവശ്യങ്ങള്‍ക്കാണ് ഉപയോഗിക്കുന്നതെന്നും മറ്റുള്ളവരെ അപമാനിക്കുന്നതില്‍ സന്തോഷം കണ്ടെത്തുന്ന അവസ്ഥയിലേക്ക് സമൂഹം അധപതിച്ചെന്നും അദ്ദേഹം കുറിച്ചു.

നേരത്തെ തന്നെ സംഭവത്തില്‍ അതിരൂക്ഷ പ്രതികരണവുമായി ജൂനിയര്‍ എന്‍.ടി.ആര്‍ രംഗത്തെത്തിയിരുന്നു. വീഡിയോ നിര്‍മ്മിച്ചവര്‍ക്കും പ്രചരിപ്പിച്ചവര്‍ക്കും എതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയ അദ്ദേഹം, ദൃശ്യങ്ങള്‍ കാണുകയോ ഷെയര്‍ ചെയ്യുകയോ ചെയ്യരുതെന്ന് പ്രേക്ഷകരോട് അഭ്യര്‍ത്ഥിച്ചു. 'ഇന്ന് ഇത് മറ്റൊരാളാണെങ്കില്‍ നാളെ സ്വന്തം അമ്മയോ സഹോദരിയോ ഭാര്യയോ മകളോ ആകാം' എന്ന് ഓര്‍മ്മിപ്പിച്ച താരം, എ.ഐ സാങ്കേതികവിദ്യയുടെ ദുരുപയോഗത്തിനെതിരെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കര്‍ശന നിയമങ്ങള്‍ നിര്‍മ്മിക്കണമെന്നും ആവശ്യപ്പെട്ടു. 

സംഭവത്തില്‍ പ്രമുഖ ഗായിക ചിന്മയി ശ്രീപാദയും ശക്തമായി പ്രതികരിച്ചു. സോഷ്യല്‍ മീഡിയയില്‍ ഇത്തരം വ്യാജ അശ്ലീല വീഡിയോകളുടെ ലിങ്ക് ആവശ്യപ്പെട്ട് കമന്റ് ചെയ്യുന്ന പുരുഷന്മാരുടെ വൃത്തികെട്ട മനോഭാവത്തെയും വ്യക്തിഗത സമ്മതത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകളെയുമാണ് ചിന്മയി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചത്. 

ചിത്രത്തിലെ വന്‍ ഹിറ്റായ 'ചുട്ടമല്ലെ' എന്ന ഗാനരംഗം എ.ഐ ഡീപ്ഫേക്ക് സാങ്കേതികവിദ്യ ഉപയോഗിച്ച് മോര്‍ഫ് ചെയ്ത വീഡിയോ കഴിഞ്ഞ ദിവസമാണ് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്. സിനിമാലോകത്തെയും ആരാധകരെയും ഒരുപോലെ ഞെട്ടിച്ച സംഭവത്തില്‍ കുറ്റവാളികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.

Janhvi Kapoor AI Deepfake Video

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES