ബോളിവുഡ് താരം ജാന്‍വി കപൂര്‍ തന്റെ വ്യക്തിജീവിതത്തെക്കുറിച്ച് നടത്തിയ തുറന്നുപറച്ചിലുകളാണ് ഇപ്പോള്‍ സിനിമാലോകത്ത് ചര്‍ച്ചയാകുന്നത്. കോവിഡ് കാലത്ത് താന്‍ നേരിട്ട മാനസിക സംഘര്‍ഷങ്ങളെക്കുറിച്ചും ആ സമയത്ത് മദ്യപാന ശീലത്തിലേക്ക് തിരിഞ്ഞതിനെക്കുറിച്ചും രാജ് ഷമാനിയുമായുള്ള അഭിമുഖത്തില്‍ ജാന്‍വി വെളിപ്പെടുത്തി.
താന്‍ ഒരിക്കലും സ്ഥിരമായി മദ്യപിക്കുന്ന വ്യക്തിയായിരുന്നില്ലെന്നും മാസത്തിലൊരിക്കല്‍ മാത്രം ഉപയോഗിച്ചിരുന്ന ഒരാളായിരുന്നു താനെന്നും ജാന്‍വി പറയുന്നു. എന്നാല്‍ കോവിഡ് കാലത്ത് ജീവിതത്തിലുണ്ടായ ചില കഠിനമായ അനുഭവങ്ങളെത്തുടര്‍ന്ന് ഒരു വര്‍ഷത്തോളം തുടര്‍ച്ചയായി മദ്യം ഉപയോഗിക്കേണ്ടി വന്നു. മദ്യത്തിന് അടിമയായി എന്നതിലുപരി, ആ സാഹചര്യത്തില്‍ തനിക്ക് മദ്യം ആവശ്യമായിരുന്നു എന്ന അവസ്ഥയെക്കുറിച്ചാണ് താരം സംസാരിച്ചത്.
എന്നാല്‍ മദ്യപാനം തന്റെ ശരീരത്തിലും മനസ്സിലും വരുത്തിയ മാറ്റങ്ങള്‍ ഒട്ടും സന്തോഷകരമായിരുന്നില്ലെന്ന് ജാന്‍വി ഓര്‍ക്കുന്നു. 'മദ്യപിച്ചതിന് ശേഷം രാവിലെ എഴുന്നേല്‍ക്കുമ്പോഴുള്ള ആ അവസ്ഥ എനിക്ക് ഇഷ്ടമായിരുന്നില്ല. കടുത്ത ഹാങ്ഓവറോടെയാണ് ഓരോ ദിവസവും തുടങ്ങിയിരുന്നത്. രാവിലെ ഉണരുമ്പോള്‍ എന്റെ ശരീരത്തില്‍ നിന്ന് ഒരു പ്രത്യേക തരം ഗന്ധം വരുന്നത് ഞാന്‍ ശ്രദ്ധിച്ചു. അത് മദ്യത്തിന് അടിമയായ, എനിക്ക് അറിയാവുന്ന മറ്റൊരാളുടെ ശരീരഗന്ധത്തിന് സമാനമായിരുന്നു. ആ തിരിച്ചറിവ് എന്നെ വല്ലാതെ അലട്ടിയിരുന്നു,' ജാന്‍വി പറഞ്ഞു. ശരീരത്തിന് നല്‍കുന്ന അസ്വസ്ഥതകളും അസാധാരണമായ ആ ഘട്ടവും തന്നെ വല്ലാതെ ബുദ്ധിമുട്ടിച്ചുവെന്ന് താരം കൂട്ടിച്ചേര്‍ത്തു.
സാധാരണയായി ഗ്ലാമര്‍ ലോകത്തെ താരങ്ങള്‍ ഇത്തരം സ്വകാര്യമായ കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ മടിക്കാറുണ്ടെങ്കിലും, തന്റെ ജീവിതത്തിലെ ആ ഇരുണ്ട കാലഘട്ടത്തെക്കുറിച്ച് യാതൊരു മടിയും കൂടാതെയാണ് ജാന്‍വി സംസാരിച്ചത്. ഈ തുറന്നുപറച്ചില്‍ താരത്തിന്റെ ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.
തന്റെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് മദ്യപാനം തടസ്സമാണെന്ന് തിരിച്ചറിഞ്ഞതോടെ ആ ശീലത്തില്‍ നിന്ന് താരം മോചിതയാവുകയായിരുന്നു. ജാന്‍വിയുടെ ഈ സത്യസന്ധമായ വെളിപ്പെടുത്തലിനെ പിന്തുണച്ച് നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തുന്നത്.