ഇടവേള ബാബു നടി ഭാവനയെ ആക്ഷേപിച്ചു എന്ന വിവാദത്തിന്റെ ചര്‍ച്ചകള്‍ അവസാനിക്കുന്നില്ല. നേരത്തെ അമ്മയുടെ നേതൃത്വത്തില്‍ നിര്‍മ്മിക്കുന്ന പുതിയ മള്‍ട്ടിസ്റ്റാര്‍ ചിത്രത്തില്‍ നടി ഭാവന അംഗമാവില്ലെന്ന് ഇടവേള ബാബു പറഞ്ഞിരുന്നു. നിലവില്‍ ഭാവന അമ്മയുടെ അംഗമല്ല. മരിച്ചു പോയ ആളുകള്‍ തിരിച്ച് വരില്ലല്ലോ. അതുപോലെ ആണ് ഇതെന്നും ഇടവേള ബാബു റിപ്പോര്‍ട്ടര്‍ ചാനലിലെ പരിപാടിയില്‍ പറഞ്ഞിരുന്നു. ഇതാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. ഇതിന് പിന്നാലെ ഇടവേള ബാബുവിനെതിരെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശനമുന്നയിച്ച് പാര്‍വ്വതി അമ്മ സംഘടനയില്‍ നിന്നും രാജിവച്ചിരുന്നു. ാ തന്റെ പരാമര്‍ശം വിവാദമായതിനെ തുടര്‍ന്ന് വിശദീകരണവുമായി നടന്‍ രംഗത്തെത്തുകയും ചെയ്തിരുന്നു. ഭാവനയെ കളിയാക്കിയിട്ടില്ല എന്നും അമ്മ നിര്‍മ്മിക്കുന്ന പുതിയ സിനിമയില്‍ ഭാവന ഉണ്ടാകില്ല എന്ന് അഭിമുഖത്തില്‍ പറഞ്ഞത് തെറ്റായി വ്യാഖ്യാനിക്കപ്പെടുകയായിരുന്നുവെന്നും ഇടവേള ബാബു പറഞ്ഞു. സംഭവത്തില്‍ വുമണ്‍ ഇന്‍ സിനിമ കളക്ടീവിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ വന്ന കുറിപ്പാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. എ.എം. എം. എ യുടെ ജനറല്‍ സെക്രട്ടറിയുടെ ചാനല്‍ ചര്‍ച്ചയിലെ പരാമര്‍ശത്തെ ഞങ്ങള്‍ ശക്തമായി അപലപിക്കുന്നുവെന്ന് കുറിപ്പില്‍ പറയുന്നു.
ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
അവള്‍ മരിച്ചിട്ടില്ല!
അവള്‍ തല ഉയര്‍ത്തി തന്നെ ഇവിടെ ജീവിച്ചിരിക്കുന്നു...! 'മരിച്ചു പോയവരെ തിരിച്ചു കൊണ്ടുവരാന്‍ പറ്റുമോ ' എന്ന എ.എം. എം. എ യുടെ ജനറല്‍ സെക്രട്ടറിയുടെ ചാനല്‍ ചര്‍ച്ചയിലെ പരാമര്‍ശത്തെ ഞങ്ങള്‍ ശക്തമായി അപലപിക്കുന്നു.
മാധ്യമങ്ങള്‍ 'ഇര'യായി കണ്ടവളെ 'അതിജീവിച്ചവളാണെന്ന് 'പറഞ്ഞു കൊണ്ടായിരുന്നു WCC ചേര്‍ത്തു പിടിച്ചത്. എന്നാല്‍ അസാധാരണമായ മനശ്ശക്തിയോടെ മലയാള സ്ത്രീ ചരിത്രത്തില്‍ നിര്‍ണ്ണായകമായ ഒരു പോരാട്ടത്തില്‍ ഉറച്ചു നില്‍ക്കുന്നവളെ മരിച്ചവരോട് ഉപമിച്ച ബഹു. സെക്രട്ടറിയുടെ പരാമര്‍ശം ആ സംഘടനയുടെ സ്ത്രീവിരുദ്ധതയെ പൂര്‍ണ്ണമായും വെളിവാക്കുന്നതായിരുന്നു.
നിശ്ചലവും ചിതലരിച്ചതും സ്ത്രീവിരുദ്ധവുമായ ഈ മനോഭാവത്തില്‍ പ്രതിഷേധിച്ചു കൊണ്ടാണ് പാര്‍വ്വതി തിരുവോത്ത് അമ്മയില്‍ നിന്ന് രാജിവെച്ചത്.
ആ അഭിമുഖത്തില്‍ ആക്രമിക്കപ്പെട്ട നടിയെ വീണ്ടും ക്രൂരമായി പൊതു മദ്ധ്യത്തില്‍ വലിച്ചിഴക്കുകയും സഹപ്രവര്‍ത്തകനായിരുന്ന കുറ്റാരോപിതനുമായി ചേര്‍ത്ത് പലതരത്തിലുള്ള ദുസ്സൂചനകള്‍ നല്‍കുകയുമാണ് സെക്രട്ടറി ചെയ്തത്. അത് ക്രൂരമായിപ്പോയി എന്നു മാത്രമെ പറയാനുള്ളൂ.
സോഷ്യല്‍ മീഡിയയില്‍ എ എം.എം.എ യുടെ എക്‌സികൂട്ടിവ് അംഗമായ നടന്‍ സിദ്ധിക്കിനെതിരെ ഞങ്ങളുടെ മെമ്പര്‍ കൂടിയായ നടി രേവതി സമ്പത്ത് ഉന്നയിച്ച ലൈംഗിക ആരോപണത്തെ സെക്രട്ടറി പുച്ഛത്തോടെ ഈ ചര്‍ച്ചയില്‍ തള്ളി പറയുകയും ചെയ്യുകയുണ്ടായി. നടന്‍ സിദ്ധിഖിന്റെ വിശദീകരണത്തില്‍ സംഘടന വിശ്വസിക്കുന്നുവെന്നും സിനിമയില്‍ എന്തെങ്കിലും ആവാന്‍ ശ്രമിച്ചിട്ട് സാധിക്കാത്തവരുടെ അസൂയയും , ജല്പനവുമാണ് നടിയുടെ ആരോപണമെന്നുമുള്ള സെക്രട്ടറിയുടെ പ്രസ്താവന നിരുത്തരവാദപരവും , ഈ തൊഴിലിടത്തിന്റെ ജീര്‍ണ്ണാവസ്ഥയെയുമാണ് സൂചിപ്പിക്കുന്നത്.
ലിംഗസമത്വം എന്ന സ്വപ്നം ഒരിക്കലും സംഭവിക്കാത്ത ഒരിടമായി മലയാള സിനിമയെ മാറ്റുന്നതില്‍ ഈ സംഘടനയുടെ ബഹുമാനപ്പെട്ട സെക്രട്ടറി ഇടവേള ബാബുവും, എ എം എം.എ എന്ന സംഘടനയും ഒരു പോലെ മല്‍സരിക്കുകയാണ്.
ഇരുപത്തിയഞ്ചാം വാര്‍ഷികത്തിന്റെ ഭാഗമായി എ എം എം എ നിര്‍മ്മിക്കാന്‍ പോകുന്ന കെട്ടിടത്തിന്റെ അടിത്തറ ഉറപ്പിക്കുന്നത് സിനിമാരംഗത്തെ പഴയതും പുതിയതുമായ ഒട്ടേറെ സ്ത്രീകളുടെ കണ്ണീരിലും, ആണ്‍കോയ്മയുടെ ബലത്തിലുമാണ് എന്നു പറയാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു.
അമ്മ അംഗമായിരുന്ന പ്രസിദ്ധ നടന്‍ തിലകന്റെ മരണത്തിനു ശേഷം പോലും അദ്ദേഹത്തിനോട് നീതികേട് കാണിച്ചു എന്ന് തുറന്നു പറയാത്ത സംഘടന, ജീവിച്ചിരിക്കുന്നവരെ മരിച്ചതായി കണക്കാക്കുന്നു. അതെ! നിങ്ങളുടെ സ്ത്രീവിരുദ്ധ അലിഖിത നിയമങ്ങള്‍ അംഗീകരിക്കാത്തവരെല്ലാം സിനിമക്ക് പുറത്താണ് എന്നും നിങ്ങളവരെയെല്ലാം മരിച്ചവരായി കാണുന്നു എന്നും എ.എം.എം.എ അതുവഴി തുറന്നു സമ്മതിക്കുകയാണ്.
പറയുന്നതിലെ സ്ത്രീവിരുദ്ധത എന്താണെന്ന് പോലും തിരിച്ചറിയാത്ത നിങ്ങളോട് ഞങ്ങള്‍ ഉറച്ച ശബ്ദത്തില്‍ വീണ്ടും പറയുന്നു.
അവളെ ഇല്ലാതാക്കാന്‍ നിങ്ങള്‍ക്കാവില്ല. അവള്‍ ജീവിച്ചിരിക്കുക തന്നെ ചെയ്യും! ഈ നിയമയുദ്ധത്തില്‍ പോരാടാനുള്ള ശക്തി പകര്‍ന്നു കൊണ്ട് WCC കൂടെ തന്നെ ഉണ്ടാവുകയും ചെയ്യും.