മലയാള സിനിമയിലും പൊതു സമൂഹത്തിലും തിരുത്തല്‍ ശക്തിയായ വിമണ്‍ കളക്ടീവ് രണ്ടാം വര്‍ഷത്തിലേക്ക്. ഡബ്ല്യുസിസിയുടെ രണ്ടാം വാര്‍ഷിക സമ്മേളന ആഘോഷപരിപാടികള്‍ ഏപ്രില്‍ 26 വൈകിട്ട് എറണാകുളം സെന്റ് തെരേസാസ് കോളേജ് ഓഡിറ്റോറിയത്തില്‍ നടക്കും. വൈകിട്ട് ആരോഗ്യ സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി ശൈലജ ടീച്ചര്‍ ഉത്ഘാടനം ചെയ്യുന്ന ചടങ്ങില്‍ പ്രശസ്ത സംവിധായകന്‍ പാ രഞ്ജിത്ത് മുഖ്യ അതിഥിയായെത്തും. സുപ്രീം കോടതി അഭിഭാഷക വൃന്ദാ ഗ്രോവര്‍ മുഖ്യ പ്രഭാഷണം നടത്തും. പ്രശസ്ത അഭിനേത്രി സ്വര ഭാസ്‌കര്‍, സംവിധായകന്‍ ഡോ. ബിജു, തിരക്കഥാകൃത്ത് ശ്യാം പുഷ്‌കരന്‍, കെ.എസ്.ഡബ്ല്യു.സി.സി എം.ഡി ബിന്ദു വി സി എന്നിവര്‍ സംസാരിക്കും. രണ്ടു ദിവസങ്ങളിലായി ദേശീയ തലത്തില്‍ നടക്കുന്ന ഒരു കോണ്‍ഫറന്‍സും ഡബ്ല്യുസിസിയുടെയും സഖി വിമെന്‍ റിസോഴ്സ് സെന്ററിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്നു. തമിഴ്, തെലുങ്ക്, കന്നഡ സിനിമാ മേഖലകളിലുള്ളവര്‍ ഈ കോണ്‍ഫറന്‍സില്‍ പങ്കെടുക്കും.
സംഘടന സജീവമായ ഇടപെടലുകള്‍ നടത്തി രണ്ട് വര്‍ഷം കഴിയുമ്പോള്‍ പോലും, നിങ്ങള്‍ ഉയര്‍ത്തുന്ന രാഷ്ട്രീയത്തെ 'കുട്ടിക്കളി'യെന്നും 'ജാട'യെന്നും വിളിക്കുന്ന ആളുകളുണ്ടല്ലോ എന്ന് ചോദിക്കുമ്പോള്‍ വിമണ്‍ ഇന്‍ സിനിമ കളക്ടീവ് അംഗവും സംസഥാന ചലച്ചിത്ര അവാര്‍ഡ് ജേതാവുമായ വിധു വിന്‍സെന്റിന് പറയാനുള്ളത് ഒരു പോരാട്ടത്തിന്റെ ചരിത്രമാണ്.
1912 ല്‍ ലണ്ടനിലെ മാഞ്ചസ്റ്ററിലെ നാല് സ്ത്രീകള്‍ വോട്ടവകാശത്തിനായി പോരാട്ടത്തിനിറങ്ങിയ കഥ. പുരുഷന്മാര്‍ അനുഭവിക്കുന്ന രാഷ്ട്രീയ, സാമൂഹ്യ, സാമ്പത്തിക ഇടപെടല്‍ സ്വാതന്ത്ര്യവും കൈകാര്യ കര്‍തൃത്വവും തങ്ങള്‍ക്കും വേണമെന്ന് ആവിശ്യപ്പെട്ട് ഈ നാലു സ്ത്രീകള്‍ സമരം ചെയ്യാനിറങ്ങി. രാഷ്ട്രീയാധികാരം ഉറപ്പിക്കാനായി ആദ്യം സ്ത്രീകള്‍ക്ക് വേണ്ടത് തങ്ങളുടെ പ്രാതിനിധ്യം രേഖപ്പെടുത്താനുള്ള വോട്ടവകാശമാണെന്ന് തിരിച്ചറിഞ്ഞുകൊണ്ടാണ് ഇവര്‍ പോരാട്ടത്തിനിറങ്ങുന്നത്. തങ്ങള്‍ക്ക് രണ്ടാം തരം പൗരന്മാരാകാന്‍ മനസ്സില്ല എന്ന ദൃഢ പ്രതിജ്ഞ. പക്ഷെ ഈ സ്ത്രീകള്‍ സംസാരിച്ച രാഷ്ട്രീയം അന്നത്തെ സമൂഹത്തിന് ഉള്‍ക്കൊള്ളാവുന്നതിലുമപ്പുറത്തായിരുന്നു. ഈ നാല് സ്ത്രീകള്‍ക്കും അവരുടെ തൊഴില്‍ നഷ്ടപ്പെട്ടു. വീട്ടില്‍ നിന്നും പുറത്താക്കപ്പെട്ടു. സുഹൃത്തുക്കളെ നഷ്ടമായി. പ്രിയപ്പെട്ടവര്‍ തെറ്റിദ്ധരിച്ചു. സാമൂഹ്യമായി ഒറ്റപ്പെട്ടു. വളരെ പതുക്കെയാണ് ആയിരക്കണക്കിന്, പതിനായിരക്കണക്കിന് പൗരന്മാര്‍ ഇവരുടെ രാഷ്ട്രീയം അറിഞ്ഞ് ഐക്യപ്പെടുകയും ഇവരുടെ പ്രതിരോധം വിജയമാകുകയും ചെയ്യുന്നത്...
വിമണ്‍ ഇന്‍ സിനിമ കളക്ടീവ് സ്വന്തം പോരാട്ടങ്ങളെ വോട്ടവകാശത്തിനുള്ള മാഞ്ചസ്റ്ററിലെ വനിതകളുടെ സഫ്രാജറ്റ് മുന്നേറ്റവുമായി ബന്ധിപ്പിക്കുന്നതിന് നിരവധി കാരണങ്ങള്‍ നിരത്താനാകും. തുല്യജോലിക്ക് തുല്യ വേതനമോ, ആത്മാഭിമാനത്തോടെ സ്ത്രീകള്‍ക്ക് തൊഴിലെടുക്കാന്‍ കഴിയുന്ന അന്തരീക്ഷമോ, ലൈംഗിക ചൂഷണങ്ങളില്‍ നിന്ന് സംരക്ഷണം നല്‍കാനുള്ള യാതൊരു മുന്‍കരുതലുകളോ നിലവിലില്ലാത്ത മലയാളസിനിമ എന്ന തീര്‍ത്തും ജനാധിപത്യ വിരുദ്ധമായ മലയാളസിനിമ വ്യവസായത്തിന്റെ സ്റ്റാറ്റസ്‌കോയെ ചൊടിപ്പിച്ചുകൊണ്ടാണ് കുറച്ച് പെണ്ണുങ്ങള്‍ ഒരു സംഘടനയുണ്ടാക്കുന്നത്. മാഞ്ചസ്റ്ററിലെ വനിതകള്‍ അനുഭവിച്ചപോലെ സാമൂഹ്യമായ ഒറ്റപ്പെടുത്തല്‍, ഭീഷണികള്‍, തൊഴില്‍ നഷ്ടം ഇതൊക്കെ ഇവര്‍ക്കും നേരിടേണ്ടി വന്നു. ഡബ്ല്യുസിസി എന്ന പ്രസ്ഥാനത്തിന് ഏതു തരത്തിലുള്ള പോരായ്മയുണ്ടെങ്കിലും അതിനെ കാണാതെ, അതിനോട് വിമര്‍ശനാത്മകമായി കൊടുക്കല്‍ വാങ്ങലുകള്‍ നടത്താതെ കേരളത്തിലെ സ്ത്രീ മുന്നേറ്റങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാനാകില്ല എന്ന അവസ്ഥയിലേക്ക് അത് വളര്‍ന്നിട്ടുണ്ട്. മലയാള സിനിമയെ ഡബ്ല്യുസിസിക്ക് മുന്‍പ്, ശേഷം എന്ന് വ്യക്തമായി തരം തിരിച്ച് വെച്ചുകൊണ്ട് ഈ സംഘടന മൂന്നാം വര്‍ഷത്തിലേക്ക് കടക്കുകയാണ്.
രണ്ട് നിലയ്ക്കുള്ള മാറ്റങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ടാണ് ഡബ്ല്യുസിസി രാഷ്ട്രീയം സംസാരിക്കുന്നത്. ഒന്ന് ഭരണഘടനാപരമായ മാറ്റങ്ങളും മറ്റൊന്ന് സാമൂഹ്യ മാറ്റവുമാണ്. മദ്യനയം എന്ന പോലെ ആരോഗ്യപരമായ ഒരു സിനിമ നയത്തെ കുറിച്ച് സര്‍ക്കാര്‍ സംസാരിക്കേണ്ടുന്ന കാലം അതിക്രമിച്ചുവെന്ന് ഡബ്ല്യുസിസി അംഗംങ്ങള്‍ പറയുന്നുണ്ട്. തങ്ങളുടെ പ്രശ്നങ്ങള്‍ നേരിട്ട് മുഖ്യമന്ത്രിയെ ധരിപ്പിക്കുകയും സിനിമ രംഗത്തെ തൊഴില്‍ പ്രശ്നങ്ങള്‍ പഠിക്കാന്‍ ഒരു കമ്മീഷനെ നിയോഗിക്കാനായി സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തത് വലിയൊരു നേട്ടമായി ഇവര്‍ എടുത്ത് പറയുന്നുണ്ട്. സിനിമയുമായി ബന്ധപ്പെട്ട നിയമങ്ങള്‍ ഭേദഗതി ചെയ്യുകയെന്നതല്ല, കാലഹരണപ്പെട്ട നിയമങ്ങള്‍ ഒഴിവാക്കി പകരം പുതിയ നിയമങ്ങള്‍ കൊണ്ട് വരണമെന്നതാണ് ഇവരുടെ നിലവിലെ ആവശ്യം. നിയമനിര്‍വഹണം ശക്തമാകുമ്പോള്‍ തന്നെ ഒരു പരിധിവരെ സാമൂഹ്യമാറ്റങ്ങള്‍ സംഭവിക്കുമെന്നാണ് ഇവരുടെ പ്രതീക്ഷ.
''ഇതാ വിപ്ലവം നടത്താന്‍ പോകുന്നുവെന്ന് ആഹ്വാനം ചെയ്ത് വന്ന ആളുകളല്ല ഞങ്ങള്‍. സാമൂഹ്യമാറ്റത്തിന്റെ രാസത്വരകം മാത്രമാണ് ഞങ്ങള്‍. ചിലയിടങ്ങളില്‍ കാവല്‍ നായ്ക്കളും ചിലയിടങ്ങളില്‍ വെളിച്ചം വീശുന്നവരുമാണ്'', ഡബ്ല്യുസിസി എന്ന സംഘടന നിലനില്‍ക്കുന്നത് എന്തിനെന്ന് രണ്ട് വര്‍ഷത്തെ പ്രവര്‍ത്തങ്ങളില്‍ ഊന്നി വിധു വിന്‍സെന്റ് വ്യക്തമാക്കുന്നു. നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് അവരോടൊപ്പം നില്‍ക്കേണ്ടുന്നതിന്റെ അടിയന്തിര ആവശ്യം കൂടാതെ ഡബ്ല്യുസിസി പോലൊരു പ്രസ്ഥാനം നിലവില്‍ വരേണ്ടിയിരുന്നതിന് ചരിത്രപരമായ കാരണങ്ങള്‍ അനവധിയായിരുന്നു.
ഭീകരമായ തൊഴില്‍ പ്രശ്ങ്ങള്‍ നിലനില്‍ക്കുന്ന തൊഴിലിടത്തില്‍, പുരുഷ ഈഗോ ഒരു അവിശ്യ ഗുണഗണമെന്ന നിലയില്‍ ആഘോഷിക്കപ്പെടുന്ന ഒരു വ്യവസായത്തില്‍ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പറയാനും ഒപ്പം നില്‍ക്കാനും ഒരു സംഘടന അത്യാവശമായിരുന്നു. ഡബ്ല്യുസിസി അംഗങ്ങള്‍ തന്നെ പറയുന്നത് പോലൊരു 'വാച്ച് ഡോഗ്'. ഈ രണ്ട് വര്‍ഷങ്ങള്‍ കൊണ്ട് നാളെ സ്ത്രീകള്‍ക്ക് നേരെ അതിക്രമം നടത്താനൊരുങ്ങുന്ന ഏതൊരാളെയും പ്രതിരോധിക്കാന്‍ പോന്ന കരുത്തുറ്റ ഒരു പ്രസ്ഥാനമായി മാറിയെന്ന് ഡബ്ല്യുസിസി അംഗങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. പലവിധ സാഹചര്യങ്ങള്‍ മൂലം പ്രത്യക്ഷത്തില്‍ ഡബ്ല്യുസിസിക്ക് ഒപ്പം നില്‍ക്കാനാകാത്ത സ്ത്രീകള്‍ പോലും സംഘടനയ്ക്ക് മാനസികമായി പിന്തുണ അര്‍പ്പിക്കുന്നത് ഈ വിശ്വാസം കൊണ്ട് തന്നെയാണെന്നാണ് ഇവര്‍ ഉറപ്പിച്ച് പറയുന്നത്.
'ഞങ്ങള്‍ ഒരു സ്വതന്ത്ര സംഘടനയാണ്, ഞങ്ങളുടെ പോരാട്ടങ്ങളെ ആരും ഹൈജാക്ക് ചെയ്യാന്‍ ഞങ്ങള്‍ അനുവദിക്കില്ല' എന്ന് ഉറപ്പിച്ചു പറയുന്ന ഡബ്ല്യുസിസിയുടെ സ്വപ്നങ്ങള്‍ വളരെ വലുതാണ്. ക്യാമറയ്ക്ക് പുറത്തുള്ള ഇത്തരം പോരാട്ടങ്ങള്‍ അഭ്രപാളിക്കകത്തെ സ്ത്രീ പ്രതിനിധാനത്തെയും മാറ്റിത്തീര്‍ത്തേക്കുമെന്നതാണ് ഇവരുടെ വിശ്വാസം. സ്ത്രീകളെ കേന്ദ്രകഥാപാത്രമാക്കി കൊണ്ടുള്ള വെറും ക്ളീഷേ പ്രതിനിധാനങ്ങളിലോ, ടോക്കണിസത്തിലോ അല്ല തങ്ങളുടെ വിശ്വാസം എന്ന് ഉറപ്പിച്ച് പറയുന്ന ഇവര്‍ സിനിമയുടെ ഉള്ളടക്കങ്ങള്‍ നിശ്ചയിക്കുന്ന നിര്‍ണ്ണായക സ്ഥാനങ്ങളിലേക്ക് സ്ത്രീകള്‍ ഉയര്‍ന്ന വരണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്നുണ്ട്. വനിതാ ഫോട്ടോഗ്രാഫറുമാരും എഡിറ്ററുമാരും ഉയര്‍ന്ന് വന്നാല്‍ മാത്രമേ ഈ ആണ്‍നോട്ടങ്ങളോട് പൊരുതാനാകൂ എന്നാണ് ഇവരുടെ വിശ്വാസം.
മലയാള സിനിമയിലെ ആദ്യ നായിക ഒരു ദളിത് സ്ത്രീ ആണെന്ന ചരിത്രം നമുക്ക് മുന്‍പിലുള്ളപ്പോഴും നിലവില്‍ എന്തുകൊണ്ട് സിനിമയില്‍ ദളിത്, ആദിവാസി സ്ത്രീകള്‍ തീരെ ഇല്ല എന്നത് വളരെ നിര്‍ണ്ണായകമായ ചോദ്യമാണ്. ഡബ്ല്യുസിസി ചില വരേണ്യരുടെ, സിനിമയുടെ മുഖമായി നില്‍ക്കുന്ന കുറച്ച് പേരുടെ മാത്രമല്ലേ എന്ന് ആക്ഷേപത്തെ സംഘടന ശക്തിയുക്തം എതിര്‍ക്കുന്നുണ്ട്. പുരുഷാധിപത്യത്തെയും താരാധിപത്യത്തെയും അതുമായി ബന്ധപ്പെട്ട അധികാര ഘടനയെയും ചോദ്യം ചെയ്യുന്ന പ്രസ്ഥാനത്തിന് എല്ലാ നിലകളിലുള്ളവരെയും ഉള്‍ക്കൊള്ളാനാകുമെന്നാണ് വിധു വിന്‍സെന്റ് വ്യക്തമാക്കുന്നത്. പല നിലകളില്‍, പല സ്വത്വങ്ങളുള്ള സ്ത്രീകള്‍ സംഘടനയില്‍ ഉണ്ടെന്നും താക്കോല്‍ സ്ഥാനങ്ങള്‍ കയ്യാളുന്നുണ്ടെന്നും അവര്‍ സൂചിപ്പിക്കുന്നു. സിനിമയുടെ മുഖമായി നില്‍ക്കാത്ത അണിയറയിലെ മേക്ക് അപ്പ് ആര്‍ട്ടിസ്റ്റുകള്‍ക്കും വസ്ത്രാലങ്കാരം വിദഗ്ദ്ധര്‍ക്കും എഡിറ്റര്‍മാര്‍ക്കുമെല്ലാം അവരെ അടയാളപ്പെടുത്താനും ലൈംഗിക ചൂഷണമുള്‍പ്പടെയുള്ള കാര്യങ്ങള്‍ തുറന്ന് പറയാനും ഡബ്ല്യുസിസി ധൈര്യം നല്കുന്നുവെന്നും അവര്‍ ഉറപ്പിച്ചു പറയുന്നു. അവര്‍ കൂടി ഉള്‍പ്പെട്ടതാണ്, ഇതെല്ലാമാണ് ഡബ്ല്യുസിസിഎന്ന് ഇവര്‍ ആത്മവിശ്വാസത്തോടെ പറയുന്നു.