സമയ പരിമിതി കാരണം ഉള്‍പ്പെടുത്താന്‍ പറ്റാതിരുന്ന ഗാനം ചിത്രമിറങ്ങി 23 വര്‍ഷങ്ങള്‍ക്ക് ശേഷം പുറത്ത് വിട്ട് സൈന മ്യൂസിക്. മലയാള സിനിമയിലെ ക്ലാസിക്കുകളിലൊന്നായ കാലാപാനിയിലെ ഗാനമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. പ്രിയദര്‍ശന്റെ സംവിധാനത്തില്‍ പിറന്ന കാലാപാനി നാല് ദേശീയ പുരസ്‌കാരങ്ങളും ആറ് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളും സ്വന്തമാക്കിയിട്ടുണ്ട്. സ്വാതന്ത്ര്യ സമരത്തിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രത്തില്‍ മോഹന്‍ലാലും തബുവുമാണ് പ്രധാന വേഷങ്ങളിലെത്തിയത്. ഇളയരാജ ഈണം നല്‍കിയ ഗാനങ്ങളെല്ലാം തന്നെ മലയാളികള്‍ക്ക് എക്കാലവും പ്രിയപ്പെട്ടതാണ്.
ആറ്റിറമ്പിലെ കൊമ്പിലെ, ചെമ്പൂവേ പൂവേ, മാരിക്കൂടിനുള്ളില്‍ എന്നിവ നിത്യഹരിത ഗാനങ്ങളാണ്. കൊട്ടും കുഴല്‍ വിളി എന്ന ഗാനം സമയപരിധി മൂലം് ചിത്രത്തിന്റെ മലയാള പതിപ്പില്‍ ഉള്‍പ്പെടുത്താന്‍ സാധിച്ചില്ല. ഗാനത്തിന് വരികളെഴുതിയത് ഗിരീഷ് പുത്തഞ്ചേരിയാണ്. മോഹന്‍ ലാലും തബുവും തമ്മിലുള്ള പ്രണയ രംഗങ്ങളാണ് ഗാനത്തിലുള്ളത്. എം ജി ശ്രീകുമാറും കെ എസ് ചിത്രയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. റീമാസ്റ്റര്‍ ചെയ്ത പതിപ്പ് ഇപ്പോള്‍ യൂ ട്യൂബിലാണ് അപ്ലോഡ് ചെയ്തിരിക്കുന്നത്.
ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണകാലത്ത് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലെ കാലാപാനി എന്ന ജയിലില്‍ നടക്കുന്ന കഥയാണ് ചിത്രത്തില്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. മലയാളം. തമിഴ് എന്നീ ഭാഷകളില്‍ ചിത്രം ഇറങ്ങിയിരുന്നു. ടി ദാദോദരനാണ് തിരക്കഥ എഴുതിയത്. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍, കേരളം, മദ്രാസ് എന്നിവിടങ്ങളിലായി 72 ദിവസം കൊണ്ടാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. നാലു മാസത്തിലധികം സമയമെടുത്തു, പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ തീര്‍ക്കാന്‍. 16 ദിവസംകൊണ്ടാണ് ഇളയരാജ കാലാപാനിക്കായി പാട്ടുകള്‍ ചിട്ടപ്പെടുത്തിയത്. മലയാളത്തിലെ ആദ്യ ഡോള്‍ബി സ്റ്റീരിയോ ചിത്രമാണ് 'കാലാപാനി'. ബോക്‌സ് ഓഫീസില്‍ ചിത്രം അര്‍ഹിച്ച വിജയം നേടിയില്ലെങ്കിലും നിരവധി അവാര്‍ഡുകള്‍ ചിത്രം വാരിക്കൂട്ടി.