Latest News

ദുബായില്‍ ബിസിനസ് നടത്തുന്ന ശശിധരന്റെയും കൃഷ്ണവേണിയുടേയും ഇളയ മകള്‍; ഗുരുവായൂരില്‍ ജനിച്ചെങ്കിലും വളരുന്നത് മലപ്പുറത്ത്; നാലര വയസില്‍ തുടങ്ങിയ വയലിന്‍ പ്രേമം; വേദിയില്‍ കണ്ണീര് വീണേതാടെ സോഷ്യല്‍ മീഡിയയിലടക്കം താരമായി; വയലിനില്‍ വിസ്മയം തീര്‍ക്കുന്ന 11 വയസുകാരി ഗംഗയുടെ കഥ

Malayalilife
 ദുബായില്‍ ബിസിനസ് നടത്തുന്ന ശശിധരന്റെയും കൃഷ്ണവേണിയുടേയും ഇളയ മകള്‍; ഗുരുവായൂരില്‍ ജനിച്ചെങ്കിലും വളരുന്നത് മലപ്പുറത്ത്; നാലര വയസില്‍ തുടങ്ങിയ വയലിന്‍ പ്രേമം; വേദിയില്‍ കണ്ണീര് വീണേതാടെ സോഷ്യല്‍ മീഡിയയിലടക്കം താരമായി; വയലിനില്‍ വിസ്മയം തീര്‍ക്കുന്ന 11 വയസുകാരി ഗംഗയുടെ കഥ

ഈ അടുത്ത കാലം വരെയ്ക്കും വയലിന്‍ എന്നാല്‍ മലയാളികള്‍ക്ക് ബാലഭാസ്‌കര്‍ എന്ന മുഖമാണ്. വേദിയില്‍ വയലിന്‍ തന്ത്രികളില്‍ സ്വയം മറന്ന് വായിച്ച് സംഗീതം ആസ്വാദകരിലേക്ക് എത്തിച്ച ആ മനുഷ്യനായിരുന്നു മലയാളികളുടെ വയലിന്‍ സ്റ്റാര്‍. സൗമ്യമായ മുഖവും ആ മുഖത്തെ പുഞ്ചിരിയും ആരാധകരും ആസ്വദിച്ചിരുന്നു. ആ സംഗീതം കണ്ട് വയലിന്‍ മീട്ടി തുടങ്ങിയ പെണ്‍കുട്ടിയാണ് ഗംഗാ ശശിധരന്‍ എന്ന 12കാരി. ബാലഭാസ്‌കറിന്റെ മരണ വാര്‍ത്ത എത്തിയപ്പോള്‍ അഞ്ചു വയസുകാരിയായിരുന്നു ഗംഗ. അപ്പോഴാണ് വയലിനെ കുറിച്ച് ഗംഗ അറിയുന്നതും പഠിക്കാന്‍ ആഗ്രഹം പ്രകടിപ്പിക്കുന്നതും. പിന്നീടിങ്ങോട്ടുള്ള ഏഴു വര്‍ഷം കൊണ്ട് ഗംഗ താണ്ടിയതും കീഴടക്കിയതും സംഗീതത്തിലെ ഉയരങ്ങളാണ്. അപൂര്‍വ്വ കഴിവാണ് ഗംഗയുടേതെന്ന് ഗുരുക്കന്മാരും സാക്ഷ്യപ്പെടുത്തുന്നു.

ഗുരുവായൂരിലാണ് ഗംഗ ജനിച്ചത്. ദുബായില്‍ ബിസിനസ് നടത്തുന്ന ശശിധരന്റെയും കൃഷ്ണവേണിയുടേയും ഇളയ മകള്‍. മൂത്തത് ചേട്ടനാണ്. ജനിച്ചത് ഗുരുവായൂരിലാണെങ്കിലും വളര്‍ന്നതെല്ലാം മലപ്പുറത്താണ്. കുറച്ചു മാസങ്ങള്‍ക്കു മുമ്പാണ് ഗംഗയുടെ പ്രതിഭയും സംഗീതവും മലയാളികളറിഞ്ഞ സംഭവം ഉണ്ടായത്. കൊല്ലം കൊറ്റന്‍കുളങ്ങര ദേവീ ക്ഷേത്രത്തില്‍ ഗംഗ അതിമനോഹരമായി പരിപാടി അവതരിപ്പിക്കവേ വേദിയ്ക്ക് മുന്നിലേക്ക് എത്തിയ പൊലീസ് പരിപാടി നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. അനുവദിച്ച സമയം കഴിഞ്ഞെന്നു ചൂണ്ടിക്കാട്ടി പൊലീസെത്തി പരിപാടി നിര്‍ത്തിവെപ്പിക്കുകയായിരുന്നു. ആ വീഡിയോ വൈറലായതോടെയാണ് ഗംഗയേയും ഗംഗയുടെ സംഗീതത്തേയും ആളുകള്‍ കൂടുതല്‍ അറിഞ്ഞതും ആരാധകരേറിയതും.

ആ സംഭവങ്ങളൊന്നും തന്നെ ഗംഗയെ തളര്‍ത്തിയിരുന്നില്ല. കൈ നിറയെ പ്രോഗ്രാമുകളും സ്റ്റേജുകളുമായി തകര്‍ക്കുകയായിരുന്നു ഗംഗ പിന്നീടങ്ങോട്ട്. ഇപ്പോള്‍ വിദേശത്ത് അടക്കം പരിപാടികള്‍ അവതരിപ്പിച്ചു കഴിഞ്ഞു. അഞ്ചാം വയസ്സില്‍ വയലിന്‍ പഠിച്ചു തുടങ്ങിയ ഗംഗ ഇന്ന് നിരവധി വേദികളില്‍ തന്റെ കലാമികവ് കാഴ്ചവെച്ചു കഴിഞ്ഞു. തൃശൂര്‍ ആകാശവാണി നിലയത്തിലെ സിഎസ് അനുരൂപ് ആയിരുന്നു ആദ്യ ഗുരു. കളിയും ചിരിയുമൊക്കെ നിറഞ്ഞ അനുരൂപിന്റെ വയലിന്‍ ക്ലാസാണ് ഗംഗയുടെ ജീവിതത്തിലെ ചവിട്ടുപടി. അതിരാവിലെ രണ്ടുമണിക്കൂറോളം വയലിന്‍ പരിശീലിക്കാന്‍ ഗംഗ സമയം കണ്ടെത്തുന്നുണ്ട്. 'അമ്പലപ്പുഴ ഉണ്ണിക്കണ്ണനേ...', 'കണികാണും നേരം...', 'തേടിവരും കണ്ണുകളില്‍...' തുടങ്ങിയ ഗാനങ്ങള്‍ ഗംഗ വയലില്‍ മീട്ടുമ്പോള്‍ ആസ്വാദകര്‍ ലയിച്ചിരിക്കുന്നത്.

അമ്മയുടെ പ്രചോദനത്തിലാണ് വയലിന്‍ പഠനം തുടങ്ങിയത്. വയലില്‍ പഠനം തുടങ്ങിയപ്പോള്‍ കൈ പൊട്ടി രക്തം വന്നു. അമ്മയുടെ സുഹൃത്ത് വയലിന്‍ വായിക്കുന്നതു കണ്ടാണ് ഗംഗയ്ക്ക് ഇഷ്ടം വന്നു തുടങ്ങിയത്. വയലിനിനൊപ്പം വായ്പ്പാട്ടും അഭ്യസിക്കുന്നുണ്ട് ഗംഗ. എറണാകുളത്തുള്ള സംഗീതജ്ഞനായ നന്ദകിശോറിന്റെ കീഴില്‍ ഓണ്‍ലൈന്‍ ക്ലാസുകളിലൂടെയാണ് ഇപ്പോള്‍ പരിശീലനം. പക്ഷേ, സംഗീതം മാത്രമല്ല, വയലിനൊപ്പം മറ്റൊരു സ്വപ്നം കൂടി ഉള്ളില്‍ കൊണ്ടുനടക്കുന്നുണ്ട് ഈ വിസ്മയകലാകാരി. വലുതായാല്‍ ആരാകണമെന്ന് ചോദിച്ചാല്‍ പൈലറ്റ് എന്ന് പറയാന്‍ രണ്ടാമതൊന്നാലോചിക്കേണ്ടിവരില്ല ഈ പതിനൊന്നുകാരിക്ക്. ഇപ്പോള്‍ മലപ്പുറത്തെ വെളിയന്‍കോട്ടാണ് ഗംഗ പഠിക്കുന്നത്. ആയിരൂര്‍ എയൂപിഎസിലെ ആറാം ക്ലാസ് വിദ്യാര്‍ഥിയാണ്.


 

Ganga Sasidharan LIFE STORY

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES