Latest News

പൊറിഞ്ചു മറിയം ജോസ്' ഒന്നാന്തരം എന്റര്‍ടെയിനര്‍; മലയാളത്തിന്റെ മാസ്റ്റര്‍ കൊമേര്‍ഷ്യല്‍ ക്രാഫ്റ്റ്സ്മാന്റേത് അത്യുജ്ജ്വല തിരിച്ചുവരവ്; പാവങ്ങളുടെ മമ്മൂട്ടിയായി ജോജുജോര്‍ജ്; തന്‍േറടിയായ സ്ത്രീകഥാപാത്രമായി നൈല ഉഷ; ചിരിപ്പിച്ചും നൊമ്പരമായും ചെമ്പന്‍ വിനോദ്; താരങ്ങളുടെ അഭിനയ മല്‍സരംപോലെ ഈ ചിത്രം

Malayalilife
 പൊറിഞ്ചു മറിയം ജോസ്' ഒന്നാന്തരം എന്റര്‍ടെയിനര്‍; മലയാളത്തിന്റെ മാസ്റ്റര്‍ കൊമേര്‍ഷ്യല്‍ ക്രാഫ്റ്റ്സ്മാന്റേത് അത്യുജ്ജ്വല തിരിച്ചുവരവ്; പാവങ്ങളുടെ മമ്മൂട്ടിയായി ജോജുജോര്‍ജ്; തന്‍േറടിയായ സ്ത്രീകഥാപാത്രമായി നൈല ഉഷ; ചിരിപ്പിച്ചും നൊമ്പരമായും ചെമ്പന്‍ വിനോദ്; താരങ്ങളുടെ അഭിനയ മല്‍സരംപോലെ ഈ ചിത്രം

ജോഷി ഇത്തവണ ചതിച്ചില്ലാശാനേ, പുതിയ പടം ഉഗ്രൻ എന്റർടെയിനറാണ്! കഴിഞ്ഞ കുറക്കാലായി ജോഷി ചിത്രങ്ങൾ ഇറങ്ങുമ്പോൾ സോഷ്യൽ മീഡിയയിൽ കാണുന്ന വാചകം 'ജോഷി വീണ്ടും ചതിച്ചാശാനെ' എന്ന മമ്മൂട്ടിയുടെ 'കോട്ടയം കുഞ്ഞച്ചൻ' ട്രോളായിരുന്നു. മലയാളത്തിൽ ഏറ്റവും കൂടുതൽ ഹിറ്റ് ചിത്രങ്ങൾ എടുത്ത സംവിധായകരിൽ ഒരാളായ ജോഷി, നാലുവർഷത്തെ ഇടവേളക്കുശേഷം സംവിധാനം ചെയ്ത 'പൊറിഞ്ചു മറിയം ജോസ്' എന്ന ചിത്രം എല്ലാ ചേരുവകളും ചേരുമ്പടി ചേർത്ത പക്കാ വാണിജ്യ സിനിമയാണ്. പെരുന്നാളും, വെടിക്കെട്ടും, ബാന്റും, പാട്ടും, കള്ളുഷാപ്പും, തമാശയും അടിപിടിയും, കത്തിക്കുത്തും, പ്രണയവും, വിരഹവും, സെന്റിമെൻസും, കുടുംബ കഥയും ഒക്കെയായി ഒരു സൂപ്പർ മസാല. ഈ 67ാം വയസ്സിലും തനിക്ക് ഇനിയും ഒരങ്കത്തിന് ബാല്യമുണ്ടെന്ന് തെളിയിക്കയാണ് ഈ മലയാള മാസ്സ് സിനിമയുടെ തലതൊട്ടപ്പൻ. ലോക്പാൽ, സലാം കാശ്മീർ, അവതാരം, ലൈല ഒ ലൈല എന്ന ഒന്നിനും കൊള്ളാത്ത ചവറ് ചിത്രങ്ങളാണ് അവസാനമായി ജോഷി എടുത്തത്. ന്യൂഡൽഹിയും, നായർസാബും, ട്വന്റി ട്വന്റിയും, കൗരവരും, ധ്രുവവും, ലേലം, മഹായാനവും, ഈ തണുത്ത വെളുപ്പാൻ കാലത്തുമൊക്കെയെടുത്ത ജോഷി ഈ രീതിയിൽ താഴോട്ടുപോയല്ലോ എന്ന സിനിമാപ്രേമികളുടെ ആധിയും ഇതോടെ മാറിക്കിട്ടും.

എന്തായിരുന്നു അവസാനമായി ഇറങ്ങി പൊട്ടിയ ജോഷിപ്പടങ്ങളുടെയാക്കെ തകരാറ് എന്ന് ഈ പടം കണ്ടാൽ കൃത്യമായി മനസ്സിലാവും. ജോഷിയെപ്പോലൊരു പൊട്ടഷ്യൽ ഡയറക്ടർക്ക് ഇറങ്ങി പണിയാനുള്ള ഒരു ശക്തമായ കഥപരിസരം അതിൽ ഒന്നും ഉണ്ടായിരുന്നില്ല. മുമ്പ് ഡെന്നീസ് ജോസഫിനും, പത്മരാജനും, ലോഹിതദാസിനും, രഞ്ജിപണിക്കർക്കും, ഉദയകൃഷ്ണ ടീമിനുമൊപ്പം സിനിമകൾ എടുത്ത ജോഷിക്ക് നല്ല പ്രമേയങ്ങൾ കൊടുക്കാൻ പറ്റിയ എഴുത്തുകാർ പിന്നീട് വന്നിട്ടില്ല. 1978 മുതലുള്ള കാലയളവിൽ എഴുപതോളം ചിത്രങ്ങൾ എടുത്ത ജോഷിക്ക് കഥ നിർണ്ണായകമാണ്. ഇവിടെ അത് കിട്ടി. അതിന് ഈ ചിത്രത്തിന് ആധാരമായ 'വിലാപ്പുറങ്ങൾ' എന്ന നോവൽ എഴുതിയ ലിസി ജോസും, തിരക്കഥ ഒരുക്കിയ അഭിലാഷ് ചന്ദ്രനും അഭിനന്ദനം അർഹിക്കുന്നു. ( ലിസി ജോസിനെ ഈ ചിത്രത്തിന്റെ അണിയറക്കാർ അംഗീകരിക്കുന്നില്ലെങ്കിലും).

ഒരു സ്റ്റാർ ഓറിയൻഡഡ് ചിത്രമാണിത്. ഒരൊറ്റ കഥാപാത്രംപോലും ഇതിൽ മോശമായിട്ടില്ല. 'ജോസഫി'ലൂടെ ദേശീയ അവാർഡ് നേടിയ ജോജുജോർജിന്റെ അതിശക്തമായ വേഷമാണ് കാട്ടാളൻ പൊറിഞ്ചു. ഒപ്പം ചെമ്പൻ വിനോദ്, നൈല ഉഷ, തുടങ്ങിയവർ അങ്ങോട്ട് തൃശൂർ ഭാഷയിൽ പറഞ്ഞാൽ പൊളിക്കുകയാണ്. പിന്നെ കൊമേർഷ്യൽ സിനിമകളിൽ കലാമൂല്യം എത്രയുണ്ടെന്നൊന്നും സാധാരണ ആരും അന്വേഷിക്കാറില്ല. പക്ഷേ ഈ പടം ആ അർഥത്തിലുള്ള വിലയിരുത്തലിലും വല്ലാതെ പിറകോട്ട് പോകുന്നില്ല. ആദ്യ ഷോട്ടുതൊട്ട് ഒരിടത്തും ഇഴച്ചിലില്ലാതെ 80കളിലെ തൃശൂർ നഗരത്തിലേക്ക് കൂട്ടിക്കൊണ്ടുപോവുകയാണ് സംവിധായകൻ. അതും കൊതിപ്പിക്കുന്ന ഫ്രെയിമുകളിലൂടെ. ഒരു അടിപൊളി പടം ഇഷ്ടപ്പെട്ടുപോകുന്ന സാധാരണ പേക്ഷകന് ടിക്കറ്റ് കാശ് വസൂലാകുന്ന ചിത്രമാണിത്.

പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും ആഘോഷം

മൊത്തത്തിൽ ഒരു ഫെസ്റ്റിവൽ മൂവി പോലെയാണ് ഈ ചിത്രം. തൃശൂരിലെ പള്ളിപ്പെരുന്നാളും ബാൻഡുമാണ് പശ്ചാത്തലം. ഇതൊക്കെ പലവട്ടം കണ്ടതാണെങ്കിലും ഈ പടത്തിൽ എന്തൊക്കെയോ പുതുമ തോന്നിക്കുന്നുണ്ട്. അതാണ് സംവിധായകന്റെ വിജയം. ജോഷിയുടെ വിജയചിത്രമായ നരന്റെ രീതിയിലാണ് ഈ പടവും. പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും ആഘോഷമാണ് ചിത്രം. പേരു സൂചിപ്പിക്കുന്നതുപോലെ തന്നെ പൊറിഞ്ചു ( ജോജുജോർജ്), മറിയം ( നൈല ഉഷ), ജോസ് ( ചെമ്പൻ വിനോദ്) എന്നീ സുഹൃത്തുക്കളുടെ സൗഹൃദത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. അതിനൊപ്പം മൊയ്തീൻ- കാഞ്ചനമാല പ്രണയം പോലെ പൊറിഞ്ചുവും മറിയവും തമ്മിലുള്ള മനോഹര പ്രണയവും.

അറുപതുകളിൽ തുടങ്ങി 1985 കാലഘട്ടത്തിൽ അവസാനിക്കുന്ന കഥ നടക്കുന്നത് തൃശൂരിന്റെ പശ്ചാത്തലത്തിലാണ്. ആലപ്പാട്ട് വർഗീസ് എന്ന പ്രമാണിയുടെ മകൾ മറിയവും അടിസ്ഥാന വർഗമായ പൊറിഞ്ചുവും തമ്മിലുള്ള സൗഹൃദം സ്‌കൂൾക്കാലത്ത് തുടങ്ങിയതാണ്. ഇടയ്ക്ക് അത് പ്രണയമാവുന്നു. എല്ലാറ്റിനും സാക്ഷിയായി ഉറ്റ സുഹൃത്ത് ജോസും. ചെയ്യാത്ത തെറ്റിന് സ്‌കുളിൽനിന്ന് പുറത്താക്കപ്പെടുന്ന പൊറിഞ്ചു വളർന്ന് വലുതാവുന്നത് നാട്ടുകാർ ആരാധിക്കുന്ന പ്രതിനായകനെയാണ്. പത്തുപേർ വന്നാലും ഒറ്റയ്ക്കുനിന്ന് പോരടിക്കുന്ന ശരിക്കും ഒരു 'കാട്ടാളൻ'. നാട്ടിലെ കുട്ടികളൊക്കെ വളരുന്നത് പൊറിഞ്ചുവിന്റെ വീര കഥകൾ കേട്ടാണ്. അതുപോലെയാണ്് ഈ സോ കോൾഡ് കുലസ്ത്രീ സ്വഭാവത്തെ കാറ്റിൽ പറത്തിക്കൊണ്ടുള്ള മറിയവും. മദ്യപിക്കുകയും പള്ളിപ്പെരുന്നാളിന് പരസ്യമായി ഡാൻസ് ചെയ്യുകയും, തൃശൂർ മാർക്കറ്റിൽ പട്ടാപ്പകൽ പലിശപ്പണം പിരിക്കയും, തോണ്ടിയവന്റെ കുത്തിന് പടിച്ച് വിരട്ടുകയും ചെയ്യുന്ന, ഒറ്റക്ക് താമസിക്കുന്ന വിമതയായ സ്ത്രീ. അവർ എന്തുകൊണ്ട് അങ്ങനെയായി എന്നതൊക്കെ പ്രേക്ഷകർ കണ്ട് അറിയുക.

വിജയരാഘവൻ അവതരിപ്പിക്കുന്ന ഐപ്പ് എന്ന മുതലാളിക്ക് വേണ്ടി മരിക്കുന്ന പ്രകൃതമാണ് പൊറിഞ്ചുവിന്റെത്. ഐപ്പിനെ പൂട്ടാൻ വരുന്ന ഗുണ്ടകളെയൊക്കെ ഒറ്റക്ക് അടിച്ചിടുന്നത് മരണമാസ്സായാണ് ചിത്രീകരിച്ചിരിക്കുന്ന്. ഒന്ന് പിഴച്ചാൽ കത്തി എന്ന് പറഞ്ഞുപോവുന്ന ഇത്തരം സീനുകളിൽ കാണാം സംവിധായകന്റെ കൈയടക്കം. സൗഹൃദം തുടരുമ്പോഴും മറിയവും പൊറിഞ്ചുവും തമ്മിലുള്ള പ്രണയം സാക്ഷാത്കരിക്കാതെ പോവുകയാണ്. പക്ഷേ മറിയത്തിനായുള്ള പൊറിഞ്ചുവിന്റെ കാത്തിരിപ്പ് തുടരുകയാണ്. പൊറിഞ്ചുവും മറിയവും ഒന്നിക്കണമെന്ന് ജോസും ശക്തമായി ആഗ്രഹിക്കുന്നു. ഈ കാത്തിരിപ്പിനുമിടയിൽ ഒരു പള്ളിപെരുന്നാൾ കാലത്ത് സംഭവിക്കുന്ന അപ്രതീക്ഷിതമായ ചില കശപിശകളും അതിനെ തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമൊക്കെയാണ് ചിത്രത്തെ സംഭവബഹുലമാക്കുന്നത്.

പക്ഷേ ഒന്നു രണ്ട് കാര്യങ്ങളിൽ ഈ ചിത്രത്തോടുള്ള വിയോജിപ്പുകൾ പറയാതിരിക്കാൻ വയ്യ. അതിലൊന്നാണ്് സിനിമാറ്റിക്കാവാനുള്ള ശ്രമത്തിനിടയിൽ ചിലയിടത്തൊക്കെ സാമാന്യ യുക്തി കൈയിൽ നിന്ന് പോവുന്നുണ്ട്. എതിരാളികളെയൊക്കെ അടിച്ച് പറപ്പിക്കുന്ന കാട്ടാളൻ, ചിത്രത്തിന്റെ റിയലിസ്റ്റിക്ക് ടോണിന് ചേരുന്നില്ല. നിയമവാഴ്ചയല്ലാത്ത വെള്ളരിക്കാപ്പട്ടണത്തിൽ നടക്കുന്ന കഥ എന്ന കമേർഷ്യൽ സിനിമയുടെ പതിവ് ഫോർമാറ്റ് ഇവിടെയും ആവർത്തിക്കപ്പെടുന്നു. ജോഷി എക്കാലവും പഴികേട്ടത് ഗോഡൗൺ ക്ലൈമാക്‌സിന്റെ പേരിലാണ്. നായകനും വില്ലനും ഉൾപ്പെടെയുള്ള സകലരും ഒരു ഗോഡൗണിലെത്തി അടിപിടിയും, വെടിയും, അവസാനം തീയിടലും. ഇത് പൂർണ്ണമായും മാറ്റിപ്പിടിക്കാൻ ജോഷിക്കായിട്ടില്ല. ഗോഡൗണിന് പകരം മാർക്കറ്റും പള്ളിപ്പെരുന്നാൾ പരിസരങ്ങളിലേക്കുമായി കഥാപരിസരം മാറുന്നുണ്ട്. തീപ്പിടുത്തവും ബോംബേറും ഇല്ലെന്ന് മാത്രം. പാരമ്പര്യങ്ങളെയും മാമൂലുകളെയും ലംഘിച്ച് ജീവിക്കുന്നവരാണ് പൊറിഞ്ചുവും, മറിയവും, ജോസും. പക്ഷേ അപ്പോഴും യജമാന സ്നേഹം എന്ന ഒരു സാധനം പൊറിഞ്ചുവിൽനിന്ന് പോയിട്ടില്ല എന്നറിയാൻ നിങ്ങൾ ക്ലൈമാക്സ്വരെ കാത്തിരിക്കുക.

പാവങ്ങളുടെ മമ്മൂട്ടിയായി ജോജു ജോർജ്

'തൃശ്ശൂരിൽ ജീവിച്ചിരുന്ന ഒരു യഥാർത്ഥ മനുഷ്യന്റെ ജീവിതം ആസ്പദമാക്കിയാണ് കാട്ടാളൻ പൊറിഞ്ചു രൂപപ്പെടുത്തിയിരിക്കുന്നത്. പൂരങ്ങളുടെയും പെരുന്നാളുകളുടെയും നാടാണ് തൃശൂർ. ഞങ്ങളുടെയൊക്കെ ചെറുപ്പത്തിൽ പെരുന്നാളിന് അടി ഉറപ്പാണ്. ഒരു വശത്തു ബാൻഡ് മേളം കൊട്ടിക്കയറുമ്പോൾ മറുവശത്തു അടി പൊട്ടിക്കയറും. അങ്ങനെ അടി പൊറിഞ്ചുമാർ അന്ന് നാട്ടിൽ ധാരാളമുണ്ടായിരുന്നു. ആയുധങ്ങൾ ഉപയോഗിച്ചുള്ള അടിയല്ല. അതുകൊണ്ട് ജീവഹാനിയൊന്നും ഉണ്ടാകില്ല. ചില പെരുന്നാളിന് ഉണ്ടാകുന്ന അടിയുടെ തുടർച്ച അടുത്ത പെരുന്നാളിനായിരിക്കും. അങ്ങനെയുള്ളൊരു പൊറിഞ്ചുവാണ് എന്റെ കഥാപാത്രം.'' ചിത്രം ഇറങ്ങുന്നതിന് മുമ്പ്് അഭിമുഖത്തിൽ ജോജു പറഞ്ഞത് ഇങ്ങനെയായിരുന്നു.

പക്ഷേ ചിത്രം കണ്ടാൽ അറിയാം അതുക്കുംമേലെയാണ് ജോജുവിന്റെ പ്രകടനം. പലയിടത്തും മമ്മൂട്ടിയോട് കിടപിടിക്കുന്ന രീതിയിൽ. ഈ പടത്തോടെ പാവങ്ങളുടെ മമ്മൂട്ടി എന്നപേരും അദ്ദേഹത്തിന് കിട്ടും. പല്ലിനിടയിൽ ബീഡി ഒട്ടിച്ചുവെച്ചതുപോലെ തോന്നിപ്പിച്ച് പുകയൂതിക്കൊണ്ട് പള്ളിപ്പെരുന്നാളിന് ഇടയിലെ അടിപിടിയിലെ കാട്ടാളന്റെ ഇൻട്രോ സീനൊക്കെ മരണമാസ്സ് തന്നെയാണ്. പക്ഷേ സൂപ്പർതാരങ്ങൾ അല്ലാത്തതുകൊണ്ട് തുള്ളിച്ചാടാനും തള്ളാനും ഫാൻസുകാർ ഇല്ലെന്ന് മാത്രം. മുരളിയും വേണുനാഗവള്ളിയുമടക്കമുള്ള സ്വഭാവ നടന്മാരുടെ ഗ്യാപ്പ് നികത്തുന്നത് ജോജുവിനെപ്പോലുള്ള കരുത്തർ തന്നെയാണ്. എക്സ്ട്രാ നടനായി വന്ന് നായകനായ ജോജുവിന്റെ വളർച്ചയും കൊതിപ്പിക്കുന്നതാണ്.

ശരീരഭാഷ കൊണ്ടും തമാശകൾ കൊണ്ടും സ്‌ക്രീനിൽ ചിരിയുണർത്തുന്ന സാമീപ്യമാണ് ചെമ്പൻ വിനോദിന്റെ ജോസ്. അയാളുടെ ഡിസ്‌കോ ചുവടുകളുമൊക്കെ കാണണം. കമൽഹാസന്റെ മൂന്നാംപിറയൊക്കെ അഭിനയിച്ച് കാണിക്കുന്നത് ചിരിയുണർത്തും. ശരീരഭാഷകൊണ്ട് മാത്രം ചിരിപ്പിക്കാൻ കഴിയുന്ന നടന്മാർ, ഒരുപക്ഷേ ജഗതിക്കുശേഷം ചെമ്പനും സൗബിൻ ഷാഹിറും ആയിരിക്കും. ശരിക്കും ബോൾഡ് ആൻഡ് ബ്യൂട്ടിഫുളാണ് നൈല ഉഷ. ജോജുവിനും ചെമ്പനുമൊപ്പം തന്നെ പെർഫോമൻസിലൂടെ സ്‌ക്രീനിൽ തന്റെയിടം ഉറപ്പിക്കുന്നുണ്ട് നൈലയും. ടി ജി രവിയും സുധീർ കൊപ്പെയുമടക്കമുള്ള ചെറുതും വലുതുമായ കഥാപാത്രങ്ങൾ ചെയ്ത മുഴുവൻ നടീനടന്മാരും നന്നായിട്ടുണ്ട്. അജയ് ഡേവിഡ് കാച്ചപ്പിള്ളി ക്യാമറ ചിത്രത്തിന് വലിയ മുതൽക്കൂട്ടാണ്. സംഗീതം ഒരുക്കുന്നത് ജേക്സ് ബിജോയും തന്റെ ജോലി ഗംഭീരമാക്കി.

Read more topics: # kattalan porinju,# malayalam movie,# review
kattalan porinju, malayalam movie, review

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക