കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന സൂര്യ ചിത്രം 'റെട്രോ'യില്‍ നിന്നും ഗാനങ്ങളും ഗ്ലിമ്പ്‌സ് വീഡിയോകളും ഇതിനകം പുറത്തിറങ്ങിക്കഴിഞ്ഞു. പൂജാ ഹെഗ്ഡെ നായികയാവുന്ന സിനിമയില്‍ ജോജു ജോര്‍ജ്, ജയറാം തുടങ്ങിയ മലയാളി താരങ്ങളും വേഷമിടുന്നുണ്ട്. എന്നാല്‍, അധികം ചര്‍ച്ചയാക്കപ്പെടാത്ത ഒരു താരം കൂടിയുണ്ട് ഇവര്‍ക്കിടയില്‍. മലയാളത്തില്‍ ഒരുപക്ഷെ ഈ കുട്ടിത്താരം പ്രശസ്തയാണ് താനും. ബാലതാരം മാത്രമല്ല, മലയാളത്തിലെ ഒരു ശ്രദ്ധേയ താരത്തിന്റെ മകള്‍ കൂടിയാണ് ഈ കുട്ടി.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന റെട്രോ ലോഞ്ചിനിടെ നടന്‍ സൂര്യ ഈ കാര്യം എടുത്തു പറയുകയും ആവണിയുടെ ധൈര്യത്തെ പ്രകീര്‍ത്തിക്കുകയും ചെയ്തിരുന്നു.കൈയ്ക്ക് പൊള്ളലേറ്റിട്ടും കഠിനമായ വേദനയെ വകവയ്ക്കാതെ ഷൂട്ട് തുടരാന്‍ തയ്യാറായ ആവണിയുടെ ധൈര്യത്തെ സൂര്യ അഭിനന്ദിച്ചു.
റെട്രോയുടെ ഷൂട്ടിനിടെ ആവണിയ്ക്ക് കൈയ്ക്ക് പൊള്ളലേറ്റിരുന്നു. എന്നാല്‍, കഠിനമായ വേദനയെ വകവയ്ക്കാതെ ഒരു മണിക്കൂര്‍ റെസ്റ്റെടുത്തതിനു ശേഷം ക്യാമറയ്ക്ക് മുന്നിലേക്ക് എത്തുകയായിരുന്നു ആവണി.തിരുവനന്തപുരത്ത് നടന്ന റെട്രോ ലോഞ്ചിനിട നടന്‍ സൂര്യ ഈ കാര്യം എടുത്തു പറയുകയും ആവണിയുടെ ധൈര്യത്തെ പ്രകീര്‍ത്തിക്കുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ, റെട്രോ ഷൂട്ടിനിടെ ആവണിയ്ക്കുണ്ടായ അപകടത്തെ കുറിച്ച് നടി അഞ്ജലി പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.
'ഹലോ ഫ്രണ്ട്സ്, തിരുവനന്തപുരത്ത് നടന്ന റെട്രോ ലോഞ്ചിന്റെ വീഡിയോ നിങ്ങളില്‍ ചിലര്‍ കണ്ടിട്ടുണ്ടാകും. നടന്‍ സൂര്യ സര്‍ ആവണിയെ വേദിയിലേക്ക് ക്ഷണിച്ച് കൈകള്‍ പിടിച്ച്, റെട്രോ ഷൂട്ടിംഗ് ലൊക്കേഷനില്‍ ഉണ്ടായ തീപിടുത്ത അപകടത്തെക്കുറിച്ച് സംസാരിച്ചത്. ആവണിയെ അനുഗ്രഹിച്ചതിനും പിന്തുണച്ചതിനും കരുതലിനും സ്‌നേഹത്തിനും നന്ദി, സൂര്യ സര്‍.
കഠിനമായ വേദന അനുഭവിച്ചിട്ടും അഭിനയത്തോടുള്ള അവളുടെ അഭിനിവേശവും സമര്‍പ്പണവും കണ്ട് ഞങ്ങള്‍ ഞെട്ടിപ്പോയി. അവളുടെ കണ്ണുകള്‍, പുരികം, മുടി, ചെവി, കൈകള്‍ എല്ലായിടത്തും പൊള്ളലേറ്റിരുന്നു. സംവിധായകനും സംഘവും ആവണിയെ വീട്ടിലേക്ക് മടങ്ങാന്‍ നിര്‍ദ്ദേശിച്ചപ്പോഴും, അവള്‍ ഒരു ഇടവേള എടുത്ത്, ഒരു മണിക്കൂര്‍ വിശ്രമം ആവശ്യപ്പെട്ട്, ധൈര്യപൂര്‍വ്വം തന്റെ രംഗങ്ങള്‍ പൂര്‍ത്തിയാക്കാന്‍ മടങ്ങിയെത്തി എന്നത് സന്തോഷകരമാണ്. ആവണിയുടെ അമ്മ എന്ന നിലയില്‍, അത്തരമൊരു മകളെ ലഭിച്ചതില്‍ ഞാന്‍ ഭാഗ്യവതിയായി കരുതുന്നു. ഒരു നടി എന്ന നിലയില്‍, അവളുടെ ശക്തിയെയും സഹിഷ്ണുതയെയും ഞാന്‍ അഭിനന്ദിക്കുന്നു. ദൈവം നിന്നെ അനുഗ്രഹിക്കട്ടെ കണ്ണാ,' അഞ്ജലി കുറിച്ചു.
ആവണിയുടെ പൊള്ളല്‍ സുഖപ്പെടുത്താന്‍ സമയോചിതമായി പ്രഗത്ഭരായ ഡോക്ടറെ നിര്‍ദ്ദേശിച്ച മെഗാസ്റ്റാര്‍ മമ്മൂട്ടിയ്ക്കും നടന്‍ വിഷ്ണു ഉണ്ണികൃഷ്ണനും അഞ്ജലി പ്രത്യേക നന്ദി പറയുന്നുണ്ട് പോസ്റ്റില്‍.