സീരിയല്‍ താരം വിഷ്ണു പ്രസാദിന്റെ വിയോഗത്തില്‍ ഹൃദയം നുറുങ്ങുന്ന കുറിപ്പ് പങ്കുവച്ച് നടന്റെ സഹോദരി വിഷ്ണു പ്രിയ. സഹോദരന്റെ വിയോഗം ഉണ്ടാക്കിയ വേദന താങ്ങുന്നതിനും അപ്പുറമാണെന്ന് വിഷ്ണു പ്രിയ പറയുന്നു. ഏറെനാളായി വിഷ്ണു രോഗവുമായി പൊരുതുകയായിരുന്നു.കുഞ്ഞു മക്കള്‍ക്ക് വേണ്ടി ജീവിതത്തിലേക്കു തിരിച്ചുവരാന്‍ ഏറെ ആഗ്രഹിച്ചു അതിനായി പൊരുതി. പക്ഷേ വിധി മരണത്തിന്റെ രൂപത്തില്‍ അവനെ തട്ടിയെടുക്കുകയായിരുന്നുവെന്ന് വിഷ്ണു പ്രിയ പറയുന്നു..
2025 മെയ് 2-ന് അതിരാവിലെ നമ്മെ വിട്ടുപോയ എന്റെ പ്രിയ സഹോദരന്‍ വിഷ്ണുപ്രസാദിന്റെ (കണ്ണന്‍) വിയോഗമുണ്ടാക്കിയ വേദന ചെറുതല്ല. തന്റെ രണ്ട് സുന്ദരികളായ മാലാഖമാര്‍ക്കുവേണ്ടി, കൂടുതല്‍ ശക്തനായി ജീവിതത്തിലേക്ക് മടങ്ങാന്‍ ശ്രമിച്ചുകൊണ്ട്, മാസങ്ങളോളം അവന്‍ ധീരമായി പോരാടി. അവന്റെ ശക്തിയും, ധൈര്യവും, സ്‌നേഹവും ഒരിക്കല്‍ പോലും അടിപതറിയില്ല.
ഈ യാത്രയില്‍ അദ്ദേഹത്തെയും കുടുംബത്തെയും എന്നെയും പിന്തുണച്ച നിങ്ങള്‍ ഓരോരുത്തര്‍ക്കും ഞാന്‍ ആത്മാര്‍ഥമായി നന്ദി പറയുന്നു. നിങ്ങളുടെ അനുകമ്പയും പ്രാര്‍ഥനകളും വാക്കുകള്‍ക്ക് വിവരിക്കാന്‍ കഴിയുന്നതിലും അപ്പുറമാണ്. ഞങ്ങളുടെ കുടുംബത്തിന് അദ്ദേഹത്തിന്റെ നഷ്ടം അളക്കാനാവാത്തതാണ്. അവന്റെ രണ്ട് കുഞ്ഞു മാലാഖമാരെ നിങ്ങളുടെ പ്രാര്‍ഥനകളില്‍ ഉള്‍പ്പെടുത്താന്‍ ഞാന്‍ താഴ്മയോടെ അപേക്ഷിക്കുന്നു.
അമ്മയോടും അച്ഛനോടും ഒപ്പം വീണ്ടും ഒന്നിച്ച് സ്വര്‍ഗത്തില്‍ നമ്മുടെ കണ്ണന് ശാന്തമായി ഉറങ്ങാനും കഴിയണം അതിനു നിങ്ങള്‍ പ്രാര്‍ത്ഥിക്കണം. എന്റെ മാതാപിതാക്കളെ നഷ്ടപ്പെട്ടതിന്റെ മുറിവുകള്‍ ഇതുവരെയും ഉണങ്ങിയിട്ടില്ല - അതിന്റെ ഒപ്പം ഈ വിയോഗവും , ഇത് എന്റെ ഹൃദയത്തില്‍ മറ്റൊരു ആഴത്തിലുള്ള മുറിവ് ആണ് നല്‍കിയത്.
ഞാന്‍ ഒറ്റയ്ക്കായിരുന്നപ്പോഴും ജീവിതത്തില്‍ മുന്നോട്ട് പോകാന്‍ എനിക്ക് ശക്തി നല്‍കിയത് എന്റെ കണ്ണന്‍ ആണ്. അവന്റെ മോര്‍ണിങ് മെസേജസ്, കോളുകള്‍, അളവില്ലാത്ത സ്‌നേഹം, ഞങ്ങളുടെ കുഞ്ഞുകുഞ്ഞു വഴക്കുകള്‍, ഞങ്ങള്‍ പങ്കിട്ട വിലയേറിയ സമയങ്ങള്‍- എനിക്ക് അവനെ വല്ലാതെ മിസ്സ് ചെയ്യും.
ഇപ്പോഴും, അവന് ഗുഡ് മോര്‍ണിങ് ആശംസിക്കാന്‍ ഞാന്‍ അറിയാതെ ഫോണില്‍ ടൈപ്പ് ചെയ്യും. അമ്മയ്ക്കും അച്ചയ്ക്കുമൊപ്പമുള്ള ആ സുവര്‍ണ്ണ ദിനങ്ങളുടെ ഓര്‍മ്മകള്‍ പങ്കുവയ്ക്കാന്‍ ഞാന്‍ എന്റെ ഫോണിലേക്ക് എത്തുമ്പോള്‍ ആണ് അവന്‍ ഇല്ലെന്നത് ഓര്‍ക്കുന്നത്...ഇപ്പോള്‍, ആ നിമിഷങ്ങള്‍ എന്റെ ഹൃദയത്തില്‍ മാത്രം ജീവിക്കുന്നു.
എന്റെ കണ്ണനെ സഹായിച്ച, പിന്തുണച്ച, പ്രാര്‍ഥിച്ച, കൂടെ നിന്ന എല്ലാവര്‍ക്കും എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നുള്ള അഗാധമായ നന്ദി. നിങ്ങളുടെ ഓര്‍മകളിലും പ്രാര്‍ഥനകളിലും അദ്ദേഹത്തെയും കുടുംബത്തെയും കരുതുന്നത് തുടരുക. വളരെ നന്ദി. എന്നേക്കും വളരെ കടപ്പെട്ടിരിക്കുന്നു.'' വിഷ്ണു പ്രിയയുടെ വാക്കുകള്‍.
ഇക്കഴിഞ്ഞദിവസമാണ് ഗുരുതരമായ കരള്‍ രോഗത്തെ തുടര്‍ന്ന് വിഷ്ണു പ്രസാദ് വിടവാങ്ങിയത്. ഏറെ നാളായി ചികിത്സയില്‍ ആയിരുന്നു അദ്ദേഹം. മകള്‍ ദാതാവായി കരള്‍ മാറ്റിവയ്ക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതിനിടെയാണു വിയോഗം.