15 വര്‍ഷത്തിനു ശേഷം വീണ്ടും ചിലങ്കയണിഞ്ഞ് നടി രേവതി;ദേവാസുരത്തിലെ ഭാനുമതിയെ വേദിയില്‍ കണ്ട് കൈയടിച്ച് ആരാധകര്‍

Malayalilife
15 വര്‍ഷത്തിനു ശേഷം വീണ്ടും ചിലങ്കയണിഞ്ഞ് നടി രേവതി;ദേവാസുരത്തിലെ ഭാനുമതിയെ വേദിയില്‍ കണ്ട് കൈയടിച്ച് ആരാധകര്‍

ലയാളസിനിമയിലെ ശക്തമായ നായിക കഥാപാത്രമാണ് ദേവാസുരത്തിലെ ഭാനുമതിയായി എത്തിയ രേവതി. നൃത്തം കൊണ്ടും അഭിനയം കൊണ്ടും പകരം വയ്ക്കാനാകാത്ത അഭിനേത്രിയായി പ്രേക്ഷകരുടെ മനസ്സില്‍ താരം സ്ഥാനം നേടിയിട്ടുണ്ട്. ഒരിടവേളയ്ക്ക് ശേഷം തെന്നിന്ത്യന്‍ സിനിമയില്‍ സജീവയായ താരം ഇപ്പോള്‍ 15 വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും നൃത്തത്തിലേക്ക് മടങ്ങി എത്തിയിരിക്കയാണ്. 

നൃത്തിലൂടെ അഭിനയത്തിലെക്ക് എത്തിയവരാണ് എണ്‍പതുകളിലെയും തൊണ്ണൂറുകളിലെയും നടിമാരില്‍ ഭൂരിഭാഗം പേരും. തെന്നിന്ത്യയിലും ഹിന്ദിയിലും നിരവധി ശക്തമായ കഥാപാത്രങ്ങളിലൂടെ  തിളങ്ങിയ രേവതിയെ ഇന്നും മലയാളി പ്രേക്ഷകര്‍ ഓര്‍ക്കുന്നത് ഐ വി ശശിയുടെ ദേവസുരത്തിലെ ഭാനുമതിയായിട്ടാണ്. മോഹന്‍ലാലിന്റെ നായകകഥാപാത്രമായ നീലകണ്ഠനൊപ്പം നില്‍ക്കുന്ന ശക്തമായ കഥാപാത്രത്തെയാണ് താരം അവിസ്മരണീയമാക്കിയത്. നര്‍ത്തകിയായ ഭാനുമതിയെ അവതരിപ്പിക്കാന്‍ മറ്റൊരു അഭിനേത്രിയുമില്ല എന്നു തന്നെ പറയാം. 

മികച്ച ഒരു നര്‍ത്തകിയായ രേവതി നീണ്ട ഇടവേളയ്ക്ക് ശേഷം ചിലങ്കയണിഞ്ഞിരിക്കയാണ്. പതിനഞ്ചു വര്‍ഷത്തെഇടവേളക്ക് ശേഷമാണു രേവതി നൃത്തം ചെയ്തത്. രേവതി പഠിച്ച നൃത്ത വിദ്യാലയത്തിന്റെ എണ്‍പതാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായിട്ടാണ് വര്‍ഷങ്ങള്‍ക്ക് ശേഷം രേവതി ചിലങ്കയണിഞ്ഞത്. ചെന്നൈയില്‍ നടന്ന ശ്രീ സരസ്വതി ഗാന നിലയത്തിന്റെ വാര്‍ഷികത്തില്‍ കൃഷ്ണ നീ ബേഗനേ ഭാരോ എന്ന ഗാനത്തിനൊത്ത് പതിനഞ്ച് മുതല്‍ ഇരുപത് മിനുറ്റോളം നീളുന്ന പെര്‍ഫോമന്‍സാണ് രേവതി കാഴ്ച വച്ചത്.

ഏഴാം വയസ്സുമുതല്‍ നൃത്തം അഭ്യസിക്കാന്‍ ആരംഭിച്ച രേവതി 1979-ലാണ് അരങ്ങേറ്റം നടത്തിയത്. പിന്നീട് സിനിമയില്‍ സജീവമായിരുന്നപ്പോഴും നിരവധി നൃത്തപരിപാടികളില്‍ താരം സജീവമായിരുന്നു. ഒരു മുഴുനീള പെര്‍ഫോമന്‍സിന് ആറുമാസത്തോളം പ്രാക്ടീസ് ആവശ്യമാണെന്നും അത് സാധിക്കാത്തതിനാലാണ് ഇത്ര ചെറിയ സമയത്തെ പെര്‍ഫോമന്‍സ് ചെയ്യുന്നതെന്നും താരം പറഞ്ഞു. നൃത്തത്തില്‍ സജീവമല്ലാതിരുന്നപ്പോഴും തന്റെ നൃത്താധ്യാപകരുമായും സഹപാഠികളുമായും താരം ബന്ധം കാത്തുസൂക്ഷിച്ചിരുന്നു. ഇപ്പോള്‍ രേവതി വീണ്ടും നൃത്തത്തില്‍ സജീവയായതിന്റെ സന്തോഷത്തിലാണ് ഗുരുവും ആരാധകരും. 

ആഷിക് അബുവിന്റെ സംവിധാനത്തിലെത്തിയ വൈറസ് ആണ് ഈ വര്‍ഷം രേവതിയുടെയായി എത്തിയ സിനിമ. മദ്രാസില്‍ വളര്‍ന്ന ആശാ കേളുണ്ണി എന്ന പെണ്‍കുട്ടിയാണ് രേവതിയായി ഇന്ത്യന്‍ സിനിമയില്‍ തന്റേതായ ഇടം നേടിയെടുത്തത്. തമിഴില്‍ ഭാരതിരാജയുടെ 'മണ്‍വാസന' മലയാളത്തില്‍ ഭരതന്റെ 'കാറ്റത്തെ കിളിക്കൂട്' എന്നിവയാണ് രേവതിയുടെ ആദ്യചിത്രങ്ങള്‍. അഭിനയത്തിനു പുറമേ പുറമേ സംവിധാനവും എഴുത്തും സാമൂഹ്യപ്രവര്‍ത്തനവും രേവതിയുടെ മേഖലകളാണ്. മലയാള സിനിമയില്‍ സ്ത്രീകളുടെ ഉന്നമനത്തിനായി ഡബ്ല്യുസിസി എന്ന സംഘടനയിലും രേവതി സജീവ പ്രവര്‍ത്തകയാണ്.

actress revathy back to dance after 15years

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES