ദുബായ്: വിമാനത്തിനുള്ളില്‍ അസ്വഭാവികമായി പെരുമാറിയതിന് വിമാനത്തില്‍ നിന്നും പുറത്താക്കിയത് നടന്‍ ഷൈന്‍ ടോം ചാക്കോയെ. കോക്ക്പിറ്റില്‍ കയറാന്‍ ശ്രമിച്ചതിനാണ് നടനെ ഇറക്കവിട്ടത്. നടനെ ഇപ്പോള്‍ വിമാനത്താവളത്തില്‍ തടഞ്ഞു വെച്ചിരിക്കയാണ്. അദ്ദേഹവുമായി ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ലെന്നാണ് സഹതാരങ്ങള്‍ പറയുന്ന്ത. ഇതുവരെ ഷൈനിന് വിമാനത്താവളത്തില്‍ നിന്നു പുറത്തിറങ്ങാനായിട്ടില്ല. അദ്ദേഹത്തെ ബന്ധപ്പെടാന്‍ സിനിമാ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നുണ്ട്.
ദുബായ് രാജ്യാന്തര വിമാനത്താവളത്തില്‍ വച്ച് എയര്‍ ഇന്ത്യാ ഡ്രീംലൈനര്‍ വിമാന അധികൃതരാണ് ഷൈന്‍ ടോം ചാക്കോയെ പുറത്താക്കിയത്. ഏതാനും മാസം മുന്‍പും ഷൈന്‍ ടോം ദുബായ് വിമാനത്താവളത്തില്‍ പ്രശ്നമുണ്ടാക്കിയിരുന്നു. എയര്‍ ഇന്ത്യ അധികൃതരുമായാണ് അന്ന് വിമാനത്തിനു പുറത്ത് പ്രശ്നമുണ്ടായത്. ദുബായില്‍ നിന്നും കൊച്ചിയിലേക്കുള്ള എഐ 934 വിമാനത്തിലാണ് ഷൈന്‍ ഇപ്പോള്‍ പ്രശ്നമുണ്ടാക്കിയത്.
ഇന്നലെ റിലീസായ ഭാരത സര്‍ക്കസ് എന്ന സിനിമയുടെ ദുബായ് പ്രമോഷനുമായി ബന്ധപ്പെട്ട് ദുബായിലെത്തിയ നടന്‍ മറ്റു താരങ്ങളോടൊപ്പം ഉച്ചയ്ക്ക് 1.30നുള്ള വിമാനത്തില്‍ കേരളത്തിലേക്ക് തിരിച്ചു പോകാനായി വിമാനത്തില്‍ കയറിയപ്പോഴായിരുന്നു സംഭവം. നടന്റെ സംശയാസ്പദമായ പെരുമാറ്റം കണ്ട അധികൃതര്‍ അദ്ദേഹത്തെ വിമാനത്തില്‍ നിന്ന് പുറത്താക്കുകയായിരുന്നു. മറ്റ് അണിയറ പ്രവര്‍ത്തകര്‍ അതേ വിമാനത്തില്‍ നാട്ടിലേയ്ക്ക് തിരിച്ചിട്ടുണ്ട്.
കോക്ക്പിറ്റില്‍ കയറാന്‍ ശ്രമിക്കുന്നത് വിമാനയാത്രയിലെ ഗുരുതരമായ സുരക്ഷാ വീഴ്ച്ചയായി കണക്കാക്കുന്ന സംഭവമാണ്. പൈലറ്റും കോ പൈലറ്റും ചേര്‍ന്ന് വിമാനത്തിന്റെ യാത്രാ ഗതി നിയന്ത്രിക്കുന്ന അതീവ സുരക്ഷാ ഇടമാണ് കോക് പിറ്റ്. അപകട-അട്ടിമറി സാധ്യതകള്‍ ഉള്ളതിനാല്‍ പൈലറ്റിന്റെ അനുമതിയില്ലാതെ ഇവിടെ പ്രവേശിക്കുന്നതില്‍ കര്‍ശന വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
അതേസമയം ഇന്നലെ ഭാരത് സര്‍ക്കാസിന്റെ പ്രമോഷന്‍ പരിപാടികളില്‍ അടക്കം നടന്‍ പങ്കെടുത്തിരുന്നു. പേരിന്റെയറ്റത്തു നിന്നു ജാതി വാല്‍ എടുത്തു കളഞ്ഞാലും മനസ്സിന്റെ ഉള്ളില്‍ നിന്ന് അത്തരം ചിന്താഗതി എടുത്തുകളയാന്‍ പറ്റാത്തവരാണ് നമുക്കു ചുറ്റും ഉള്ളതെന്നാണ് നടന്‍ ഇന്നലെ സിനിമാ പ്രമേഷനുമായി ബന്ധപ്പെട്ട വാര്‍ത്താസമ്മേളനത്തില്‍ പഞ്ഞത്.
ഒരു സിനിമ കണ്ടതിനു ശേഷം അതിന്മേല്‍ ചര്‍ച്ചകളുണ്ടാകുന്നു എന്നത് തന്നെ വലിയ നേട്ടമായി കരുതുന്നു. അതില്‍ എന്തോ കാര്യമായി ഉണ്ട് എന്നതാണ് അത് സൂചിപ്പിക്കുന്നത്. മിക്കവരും മികച്ച അഭിപ്രായമാണ് പറഞ്ഞത്. എതിരഭിപ്രായങ്ങളും ഉണ്ടായിട്ടുണ്ട്. പടം കണ്ടിട്ടാണ് അത്തരം കമന്റുകള്‍ വരുന്നതും അവര്‍ തുറന്നു സംസാരിക്കുന്നതും. അതു വളരെയധികം സന്തോഷം തരുന്നു. ഇന്നത്തെ തലമുറയ്ക്ക് ജാതി സംബന്ധമായ വിഷയങ്ങളൊന്നും അറിയില്ലെന്നായിരുന്നു ഒരു സ്ത്രീയുടെ അഭിപ്രായം. എങ്കില്‍ എല്ലാവരും മിണ്ടാണ്ടിരിക്കേണ്ടി വരില്ലേ? മാത്രമല്ല, വിപ്ലവങ്ങളെക്കുറിച്ചും സ്വാതന്ത്ര്യദിനത്തെക്കുറിച്ചുമെല്ലാം ഓര്‍മിപ്പിക്കേണ്ടതില്ലോയെന്നും നടന്‍ ചോദിച്ചിരുന്നു.
സോഹന്‍ സിനുലാല്‍ സംവിധാനം ചെയ്യുന്ന ഭാരത സര്‍ക്കസിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് മുഹാദ് വെമ്പായം ആണ്. ജാഫര്‍ ഇടുക്കി, സുധീര്‍ കരമന, മേഘ തോമസ്, ആരാധ്യ ആന്‍, സുനില്‍ സുഖദ, സരിത കുക്കു, അഭിജ, കലാഭവന്‍ പ്രജോദ്, ജയകൃഷ്ണന്‍, അനു നായര്‍, ജോളി ചിറയത്ത്, ലാലി, ദിവ്യ എം നായര്‍, നിയ തുടങ്ങിയവര്‍ അഭിനയിക്കുന്നു. ബെസ്റ്റ് വേ എന്റര്‍ടെയ്‌ന്മെന്റിന്റെ ബാനറില്‍ അനൂജ് ഷാജിയാണ് ചിത്രം നിര്‍മ്മിക്കുന്നത്.
കുറച്ചു കാലം മുമ്പും ഷൈന്‍ ടോം വിവാദങ്ങളില്‍ ചെന്നുചാടിയിരുന്നു. 'തല്ലുമാല' സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിലായിരുന്നു സംഘര്‍ഷമുണ്ടായത്. നാട്ടുകാരില്‍ ഒരാളെ ഷൈന്‍ തല്ലിയെന്ന് ആരോപണമുണ്ടായിരുന്നു. ചിത്രീകരണത്തിനിടെ പരുക്കേറ്റ താന്‍ ഈ കാല് വച്ച് തല്ലുമോയെന്ന് ഷൈന്‍ ചോദിച്ചു. 'പട' സിനിമയുടെ പ്രദര്‍ശനത്തിന് കൊച്ചിയിലെത്തിയപ്പോഴായിരുന്നു താരത്തിന്റെ പ്രതികരണം. തല്ലിനെക്കുറിച്ച് ചോദിക്കാനില്ലേയെന്ന് മാധ്യമപ്രവര്‍ത്തകരോട് ഷൈന്‍ ചോദിക്കുകയായിരുന്നു. 'ഞാന്‍ തല്ലില്ല, കൊല്ലും. ഇനി ഞാന്‍ തല്ലുമെന്ന് എഴുതിവിടരുത്. ഈ കാല് വച്ച് ഞാന്‍ തല്ലുമെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ?' ഷൈന്‍ പ്രതികരിച്ചു. സിനിമയുടെ ചിത്രീകരണത്തിനിടെ ഷൈനിന്റെ കാലിന് പരുക്കേറ്റിരുന്നത് വാര്‍ത്തയായിരുന്നു.