ഒന്നിനൊന്നു മികച്ച പരമ്പരകളാലും കഥാഖ്യാന ശൈലികൊണ്ടും സീരിയല്‍ രംഗത്ത് വന്‍ കുതിച്ചു ചാട്ടം നടത്തുന്ന ചാനലാണ് സീ കേരളം. ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന പരമ്പരകളെല്ലാം തന്നെ വളരെ വേഗം ശ്രദ്ധ നേടാറുണ്ട്. അക്കൂട്ടത്തില്‍ ഒരു പരമ്പരയാണ് മധുരനൊമ്പരക്കാറ്റ് എന്ന സീരിയല്‍. ജൂണ്‍ മാസം സംപ്രേക്ഷണം ആരംഭിച്ച സീരിയല്‍ വളരെ പെട്ടെന്നാണ് ആരാധക മനസുകളില്‍ ഇടം നേടിയത്. ഇപ്പോള്‍ വിജയകരമായി മുന്നേറുന്ന പരമ്പരയില്‍ ഒരു പുത്തന്‍ മുഖമാണ് നായിക വേഷത്തിലേക്ക് എത്തിയത്.
കുടുംബവിളക്കിലൂടെ മിനിസ്‌ക്രീനില്‍ സജീവമായ മീരാ വാസുദേവിന്റെ മരുമകളായി ഒരു നാടന്‍ സുന്ദരി പെണ്‍കുട്ടിയായാണ് ബാംഗ്ലൂരുകാരിയായ വിഭിഷ ജാനു എത്തിയത്. ഇപ്പോഴിതാ, വിഭിഷയുടെ യഥാര്‍ത്ഥ ജീവിതമാണ് പ്രേക്ഷകര്‍ക്കു മുന്നിലേക്ക് എത്തിയിരിക്കുന്നത്.
ബാംഗ്ലൂരില്‍ ജനിച്ചു വളര്‍ന്ന ഒരു മോഡേണ്‍ പെണ്‍കുട്ടിയാണ് വിഭിഷ. അച്ഛന്റേയും അമ്മയുടേയും ഏക മകളായ വിഭിഷ മോഡലിംഗിലൂടെയാണ് സിനിമാ-സീരിയല്‍ രംഗത്തേക്ക് എത്തുന്നത്. 2020ലായിരുന്നു തന്റെ കരിയറിന് വിഭിഷ തുടക്കമിട്ടത്. തൊട്ടടുത്ത വര്‍ഷം തന്റെ ആദ്യ സിനിമാ സംരംഭത്തിലേക്കും നടി കാലെടുത്തു വച്ചു. രുദ്രം കോട്ട എന്ന തെലുങ്ക് സിനിമയിലൂടെയാണ് വിഭിഷ നായികയായി തുടക്കം കുറിച്ചത്. രണ്ടു വര്‍ഷത്തോളം നീണ്ട ഷൂട്ടിംഗ്, അണിയറ പ്രവര്‍ത്തനങ്ങള്‍ക്കു ശേഷം 2023ലാണ് ചിത്രം റിലീസ് ചെയ്തത്. അതിനു പിന്നാലെയാണ് മധുരനൊമ്പരക്കാറ്റ് എന്ന സീരിയലിലേക്കും വിഭിഷയ്ക്ക് ക്ഷണം ലഭിച്ചത്.
യഥാര്‍ത്ഥത്തില്‍ തമിഴ് സീരിയലായ പേരന്‍പിന്റെ റീമേക്ക് വേര്‍ഷനാണ് മധുര നൊമ്പരക്കാറ്റ്. എന്നാല്‍ അതിന്റെ യാതൊരു ചായക്കാച്ചലും ഇല്ലാതെ, കേരളീയ ശൈലിയിലാണ് പരമ്പര ഒരുക്കിയിരിക്കുന്നത്. സീരിയല്‍ നടനായ വിവേക് ഗോപനാണ് മധുരനൊമ്പരക്കാറ്റില്‍ വിഭിഷയുടെ നായകനായി എത്തുന്നത്. അനുരാഗ ഗാനം പോലെയിലെ നിതീഷ് എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ മാത്യു ഐസക് തോമസും സിനിമാ സീരിയല്‍ നടനായ ബോബന്‍ ആലുമൂടനും ഒക്കെ ഈ പരമ്പരയില്‍ ശ്രദ്ധേയ കഥാപാത്രമായി എത്തുന്നുണ്ട്. അതേസമയം, വിഭിഷ ഒരു മലയാളി പെണ്‍കുട്ടിയാണെന്നാണ് ആരാധകരെല്ലാം ഇതുവരെ വിശ്വസിച്ചിരുന്നത്.
എന്നാല്‍, മോഡേണ്‍ പെണ്‍കുട്ടിയായി വളര്‍ന്ന വിഭിഷ മധുരനൊമ്പരക്കാറ്റിലൂടെ ഒരു തനി നാടന്‍ പെണ്‍കുട്ടിയായി എത്തിയപ്പോള്‍ ഇരുകയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിച്ചിരിക്കുന്നത്. മീരാ വാസുദേവ് അവതരിപ്പിക്കുന്ന സുജാതയെന്ന കഥാപാത്രത്തിന്റെ മരുമകളായി എത്തുന്ന നിത്യയെന്ന കഥാപാത്രം ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞു. സംശയ രോഗിയായ മകന്‍ ജീവന്റെ പെരുമാറ്റ വൈചിത്രിങ്ങള്‍ക്ക് ഇരയാകുന്ന മരുമകളെ ഏറെ സ്നേഹിക്കുന്ന അമ്മയായിട്ടാണ് മീരാ വാസുദേവ് ഇതില്‍ വേഷമിടുന്നത്. 23കാരിയാണ് വിഭിഷ. ഡിഗ്രി പഠന ശേഷമാണ് അഭിനയ രംഗത്ത് സജീവമായത്. മാതാപിതാക്കള്‍ക്കൊപ്പം കേരളത്തിലെ ഷൂട്ടിംഗ് സെറ്റിലെത്തി ചിത്രീകരണം പൂര്‍ത്തിയാക്കി മടങ്ങുന്ന വിഭിഷ ഇതിനോടകം തന്നെ മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ മനസുകളില്‍ ഇടം നേടിക്കഴിഞ്ഞു.