നടന്‍ ജഗദീഷ് കോട്ടയം ക്‌നാനായ വലിയ പള്ളിയില്‍ ഭക്തിഗാനമാലപിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നു. 'നന്മ നേരും അമ്മ, വിണ്ണിന്‍ രാജകന്യ' എന്ന പ്രശസ്തമായ ക്രിസ്തീയ ഭക്തിഗാനമാണ് താരം ആലപിച്ചത്. കീബോര്‍ഡിസ്റ്റ് മിഖില്‍ കുര്യനാണ് ഈ ദൃശ്യങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. ഷറഫുദ്ദീന്‍ നായകനായ 'മധുവിധു' എന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ജഗദീഷിന്റെ പാട്ടും മിഖിലിന്റെ കീബോര്‍ഡ് വായനയും പള്ളിയില്‍ അരങ്ങേറിയത്.
ചിത്രം റിലീസ് ചെയ്യുന്നതിനായുള്ള 303 ദിവസത്തെ കാത്തിരിപ്പിന് ശേഷമാണ് ഈ വീഡിയോ പുറത്തുവിടുന്നതെന്ന് മിഖില്‍ കുറിച്ചു. ഇതിഹാസ നടനൊപ്പം പാട്ട് വായിക്കാന്‍ അവസരം ലഭിച്ചത് വലിയ ഭാഗ്യമാണെന്നും മിഖില്‍ കുറിപ്പില്‍ പറയുന്നു. നിരവധി പേരാണ് ജഗദീഷിന്റെ ആലാപനത്തെയും മിഖിലിന്റെ പ്രകടനത്തെയും അഭിനന്ദിച്ച് രംഗത്തെത്തുന്നത്.
കഴിഞ്ഞ ദിവസമാണ് വിഷ്ണു അരവിന്ദ് സംവിധാനം ചെയ്ത 'മധുവിധു' തിയറ്ററുകളിലെത്തിയത്. ജഗദീഷിന് പുറമെ സായ് കുമാര്‍, ബിന്ദു പണിക്കര്‍ തുടങ്ങിയ വന്‍ താരനിരയും ചിത്രത്തിലുണ്ട്. ബിന്ദു പണിക്കരുടെ മകള്‍ കല്യാണി പണിക്കര്‍ നായികയായി അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണിത്. അജിത് വിനായക ഫിലിംസിനു വേണ്ടി വിനായക അജിതാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.