സീരിയലുകളിലൂടെ ജനശ്രദ്ധ നേടിയ നടനാണ് സിദ്ധാര്‍ത്ഥ് വേണുഗോപാല്‍.ഏപ്രില്‍ 17 നാണ് നടന്‍ സിദ്ധാര്‍ത്ഥ് വേണുഗോപാല്‍ ലോകത്തോട് വിട പറഞ്ഞത്. കുറച്ച് കാലമായി കാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്നു നടന്‍. നടി സീമ ജി നായരാണ് സിദ്ധാര്‍ത്ഥിന്റെ മരണം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.
ഇപ്പോഴിതാ സിദ്ധാര്‍ഥിനെ അനുസ്മരിച്ച് വികാരഭരിതമായ ഒരു കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് സീമ ജി നായര്‍. അവസാന നിമിഷവും ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ സിദ്ധാര്‍ഥ് ആഗ്രഹിച്ചിരുന്നുവെന്നും എന്നാല്‍ നിസ്സഹായരാകാന്‍ മാത്രമേ തങ്ങള്‍ക്ക് കഴിഞ്ഞുള്ളൂവെന്നും കുറിക്കുകയാണ് സീമ.
പ്രിയപ്പെട്ട സിദ്ദു നീ പോയിട്ട് ..ഇന്നേക്ക് അഞ്ചുനാള്‍ .. എത്രയോ ആഗ്രഹങ്ങളും സ്വപ്നങ്ങളും ബാക്കി വെച്ചാണ് നീ യാത്രയായത് ..അവസാന നിമിഷവും നീ ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ നീ ആഗ്രഹിച്ചു ..നിസ്സഹായരാകാന്‍ മാത്രമേ ഞങ്ങള്‍ക്ക് കഴിഞ്ഞുള്ളൂ.
ഇന്നലെ ഐവര്‍മഠത്തില്‍ നിന്റെ അസ്ഥികള്‍ എടുത്തു വെക്കാന്‍ ചെന്നപ്പോള്‍ നിന്നെ ദഹിപ്പിച്ചതിന്റെ തൊട്ടടുത്ത് മറ്റൊരു മൃതശരീരം ദഹിപ്പിക്കാന്‍ കൊണ്ടുവന്നു. മുപ്പതു വയസ്സുള്ള ഒരു പയ്യന്റെ, അവന്‍ ആത്മഹത്യ ചെയ്യുകയായിരുന്നു എന്നു പറഞ്ഞു കേട്ടു,ഒരിടത്തു ജീവിക്കാന്‍ അത്രയേറെ കൊതിച്ചിട്ടും മരണം പിടിച്ചു പറിച്ചു പോയ ജീവിതം. തൊട്ടപ്പുറത്തു ജീവിതം ബാക്കി ഉണ്ടായിട്ടും സ്വയം അതു തീര്‍ത്തു കളയുന്നവരും.എന്താ അല്ലേ എന്നായിരുന്നു കുറിപ്പ്.
സിദ്ധാര്‍ത്ഥിനൊപ്പമുള്ള 2 വര്‍ഷത്തെ ആ യാത്രയെക്കുറിച്ച് സീമ 'വനിത ഓണ്‍ലൈനോട്' മനസ്സ് തുറന്നത് ഇങ്ങനെയാണ്.
''ന്യൂറോ എന്‍ഡോക്രൈന്‍ കാര്‍സിനോമ എന്ന അസുഖമായിരുന്നു സിദ്ധാര്‍ഥിന്. വളരെ അഗ്രസീവ് ആയ കാന്‍സര്‍ ആണിത്. അസുഖം ഭേദമായി എന്നു തോന്നും. പക്ഷേ, അവിടുന്നത് മൂര്‍ധന്യാവസ്ഥയില്‍ എത്തും. ലഭ്യമായ മികച്ച ചികിത്സകളൊക്കെ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.2 വര്‍ഷം മുന്‍പ് ഒരു വയറു വേദനയുടെ രൂപത്തിലാണ് സിദ്ധാര്‍ഥിനെ രോഗം തേടിയെത്തിയത്. അസഡിറ്റിയുടെയോ ഗ്യാസ്ട്രബിളിന്റെയോ ഒക്കെ പ്രശ്‌നമാകുമെന്നാണ് ആദ്യം കരുതിയത്.
പല ഡോക്ടര്‍മാരെയും കാണിച്ചു. കാന്‍സറാണെന്ന സംശയം വന്നപ്പോള്‍ നടന്‍ അരുണ്‍ ഘോഷാണ് എന്നെ വിളിച്ച് ഡോക്ടര്‍ ഗംഗാധരന്റെ ഒരു അപ്പോയിന്‍മെന്റ് എടുത്തു കൊടുക്കാമോ എന്നു ചോദിച്ചത്. സിദ്ധാര്‍ത്ഥിനൊപ്പം ഞാന്‍ അഭിനയിച്ചിട്ടില്ല. മുന്‍പ് പരിചയവുമില്ല. എന്നിട്ടും ഡോക്ടറെ കാണാന്‍ ഞാനും ഒപ്പം പോയി. ആ യാത്രയാണ് കഴിഞ്ഞ ദിവസം അവസാനിച്ചത്...''.-
നിസ്സാര കാര്യത്തിന് ഇന്‍ഷുറന്‍സ് തള്ളിയത് സിദ്ധാര്‍ത്ഥിന്റെ ചികിത്സയില്‍ സാമ്പത്തികമായ ആശങ്കകള്‍ ഉണ്ടാക്കി. എങ്കിലും അവനെ വിട്ടുകൊടുക്കാന്‍ ഞങ്ങള്‍ തയാറായില്ല. വിവിധ ആശുപത്രികളിലായി പല ഡോക്ടര്‍മാരുടെ പിന്തുണ മറക്കാവുന്നതല്ല. പക്ഷേ, പോകെപ്പോകെ കാര്യങ്ങള്‍ കൈവിട്ടു തുടങ്ങി. ചികിത്സയുടെ തുടക്കത്തിലേ ഈ രോഗം കോംപ്ലിക്കേറ്റഡ് ആണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. അസാമാന്യ വേദനയാണ്. പിന്നീട് അസുഖം തലച്ചോറിലേക്ക് സ്‌പ്രെഡ് ആയി. അപ്പോഴും ഇതൊന്നും ആരെയും അറിയിക്കേണ്ട എന്നായിരുന്നു തീരുമാനം. മരിക്കുന്നതിനു രണ്ടു ദിവസം മുന്‍പും രക്ഷപ്പെടുമെന്ന വിശ്വസവും പ്രതീക്ഷയും അവനുണ്ടായിരുന്നു. എന്തും സംഭവിച്ചേക്കാം എന്നു ഡോക്ടര്‍ പറഞ്ഞ ശേഷം അവനെ കണ്ടപ്പോള്‍, 'ഡോക്ടര്‍ എന്ത് പറഞ്ഞു ചേച്ചീ ?' എന്നാണ് അവന്‍ ചോദിച്ചത്. ആ നിമിഷത്തിലും നല്ലതിനായുള്ള കാത്തിരിപ്പിലായിരുന്നു പാവം...''- സീമ പറയുന്നു.
''2 വര്‍ഷത്തെ അടുപ്പത്തിലൂടെ സിദ്ധാര്‍ത്ഥുമായി വലിയ ആത്മബന്ധമുണ്ടായി. അവന്റെ കാര്യങ്ങള്‍ അറിഞ്ഞപ്പോള്‍ കൈവിട്ട് പോരാന്‍ തോന്നിയില്ല. ശരണ്യയുടെ കാര്യത്തിലും അങ്ങനെയായിരുന്നു. അസുഖം ആണെന്നറിഞ്ഞ് കാണാന്‍ പോയതാണ്. ആ കാഴ്ച അവളെ എന്റെ ജീവിതത്തിന്റെ ഭാഗമാക്കി. ഇവിടെയും അതാണ് സംഭവിച്ചത്. ഡോക്ടറുടെ അപ്പോയിന്‍മെന്റ് എടുത്തു കൊടുക്കുക മാത്രം ചെയ്‌തെങ്കില്‍ അവിടെ തീര്‍ന്നേനെ. പക്ഷേ, അവന്റെ ഒപ്പം പോകാനാണ് തോന്നിയത്. ഇതിനൊക്കെ പിന്നില്‍ ദൈവത്തിന്റെ ഒരു ആസൂത്രണമുണ്ടാകും. അങ്ങനെയാണ് ഞാന്‍ വിശ്വസിക്കുന്നത്''.
''സിദ്ധാര്‍ത്ഥിന്റെ വിയോഗത്തെ തുടര്‍ന്ന് ഞാന്‍ അനുഭവിക്കുന്ന വിഷമം മനസ്സിലാക്കി ഒരുപാട് മനുഷ്യര്‍ വിളിച്ചു. ഇനി ആരെയും നെഞ്ചോട് ചേര്‍ക്കരുതെന്ന് പലരും പറഞ്ഞു. സഹായിക്കുക, പോകുക. നെഞ്ചോട് ചേര്‍ത്താല്‍ അവരുടെ വേര്‍പാട് താങ്ങാന്‍ പറ്റില്ല. അതിനാല്‍ ഉണ്ടാകുന്ന വേദനകള്‍ വളരെ വലുതാണ്. എന്നോടുള്ള താല്‍പര്യത്താലാണ് ഇതു പറയുന്നതെന്നറിയാം. പക്ഷേ, എനിക്കതിനാകില്ല. വേദനിക്കുന്നവരെ ജീവിതത്തിന്റെ ഭാഗമാക്കി ഒപ്പം നില്‍ക്കുന്നതാണ് എന്റെ ശീലം. അതു മാറില്ല. വേദന കണ്ടു നില്‍ക്കുക എളുപ്പമല്ല. അവര്‍ക്കു വേദനിക്കുമ്പോള്‍ നമുക്കും വേദനിക്കും''. - സീമ പറയുന്നു.