പ്രസവത്തെക്കുറിച്ച് അഖില്‍ മാരാര്‍ നടത്തിയ വിവാദ പരാമര്‍ശങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് നടിയും അവതാരകയുമായ ആതിര മാധവ്. ഇത്രമാത്രം മണ്ടത്തരം സംസാരിക്കുന്ന ഒരു മനുഷ്യനെ തന്റെ ജീവിതത്തില്‍ കണ്ടിട്ടില്ലെന്ന് ആതിര പറഞ്ഞു. ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു താരം. പ്രസവം എന്നത് ഒരുകാലത്ത് സ്ത്രീകള്‍ ആസ്വദിച്ചു ചെയ്തിരുന്ന കാര്യമാണെന്നും ആശുപത്രികള്‍ അതിനെ സങ്കീര്‍ണ്ണമാക്കിയെന്നുമായിരുന്നു അഖില്‍ മാരാരുടെ വാദം.
ഇതിനെതിരെയാണ് ആതിര രംഗത്തെത്തിയത്. 'ബിഗ് ബോസില്‍ ഇയാള്‍ ഉണ്ടായിരുന്ന സമയത്ത് ഒരു ശതമാനമെങ്കിലും ഇഷ്ടപ്പെട്ടുപോയല്ലോ എന്ന് ആലോചിക്കുമ്പോഴാണ് സങ്കടം തോന്നുന്നത്. ഇമ്മാതിരി പ്രസ്താവനകള്‍ എങ്ങനെ പറയാന്‍ സാധിക്കുന്നു എന്ന് അറിയില്ല. സ്വന്തം അമ്മയോട് ചോദിച്ചാല്‍ പോലും സത്യാവസ്ഥ പറഞ്ഞുതരുമല്ലോ'- ആതിര ചോദിക്കുന്നു.
രണ്ട് പെണ്‍കുട്ടികളുടെ പിതാവായ അഖില്‍, കുഞ്ഞുങ്ങളുടെ മരണനിരക്കിനെക്കുറിച്ചുള്ള വിവരങ്ങളൊക്കെ പഠിക്കണമെന്നും ഇതൊന്നുമറിയാതെ ഇത്തരം കാര്യങ്ങള്‍ പറയുന്നത് സങ്കടകരമാണെന്നും താരം കൂട്ടിച്ചേര്‍ത്തു. അഖില്‍ മാരാരുടെ പഴയ അഭിമുഖത്തിലെ ഭാഗങ്ങള്‍ വൈറലായതോടെ വലിയ കോളിളക്കമാണ് സോഷ്യല്‍ മീഡിയയില്‍ ഉണ്ടായത്. എന്നാല്‍ തന്റെ പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്ന അഖില്‍, സമൂഹമാധ്യമങ്ങളിലൂടെ തന്റെ വാദങ്ങളെ ന്യായീകരിക്കുന്നത് തുടരുകയാണ്..