തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ തന്റെ വോട്ട് കള്ളവോട്ട് ചെയ്‌തെന്ന പരാതിയുമായി നടി അക്ഷയ ഹരിഹരന്‍ രംഗത്ത്. അഡയാറിലെ പോളിങ് ബൂത്തില്‍ വോട്ട് ചെയ്യാനെത്തിയപ്പോഴാണ് തന്റെ വോട്ട് മറ്റാരോ രേഖപ്പെടുത്തിയ വിവരം താരം അറിയുന്നത്. സംഭവത്തില്‍ ഉദ്യോഗസ്ഥരോട് പ്രതിഷേധം അറിയിച്ച താരം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. വേളച്ചേരിയില്‍ നിന്നുമാണ് അക്ഷയ അഡയാറിലെ ബൂത്തില്‍ എത്തിയത്.
വോട്ടേഴ്‌സ് സ്ലിപ്പ് ലഭിക്കാത്തതിനാല്‍ ഓണ്‍ലൈന്‍ വഴിയാണ് ബൂത്ത് കണ്ടെത്തിയത്. എന്നാല്‍ വോട്ട് ചെയ്യാനായി ഉദ്യോഗസ്ഥരെ സമീപിച്ചപ്പോള്‍ വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞു എന്ന മറുപടിയാണ് ലഭിച്ചത്. ഇതോടെ ഒരു മണിക്കൂറോളം ബൂത്തില്‍ കാത്തിരിക്കേണ്ടി വന്നുവെന്നും തന്റെ ജനാധിപത്യ അവകാശം നിഷേധിക്കപ്പെട്ടുവെന്നും അക്ഷയ എക്‌സില്‍ പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞു.
മറ്റൊരാള്‍ വോട്ട് ചെയ്തതായി ബോധ്യപ്പെട്ടാല്‍ യഥാര്‍ത്ഥ വോട്ടര്‍ക്ക് വോട്ട് ചെയ്യാന്‍ അനുവദിക്കുന്ന 'ടെന്‍ഡര്‍ വോട്ട്' വ്യവസ്ഥ പ്രകാരം വോട്ട് രേഖപ്പെടുത്താന്‍ അക്ഷയ ശ്രമം നടത്തി. സംഭവത്തില്‍ ഗുരുതര വീഴ്ചയുണ്ടായെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നും താരം ആവശ്യപ്പെട്ടു. 'ബ്ലഡി ബെഗ്ഗര്‍', 'സത്യ', 'സബ നായകന്‍' തുടങ്ങിയ ചിത്രങ്ങളിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും ശ്രദ്ധേയയാണ് അക്ഷയ ഹരിഹരന്‍.