എം.ഡി.എം.എ യുമായി സീരിയല്‍ താരത്തെ പോലീസ് അറസ്റ്റു ചെയ്തത് നിര്‍ണ്ണായക നീക്കത്തിലൂടെ. ചിറക്കര പഞ്ചായത്ത് ഒഴുകുപാറ കുഴിപ്പില്‍ ശ്രീ നന്ദനത്തില്‍ ഷംനത്ത് (പാര്‍വതി - 36) ആണ് പിടിയിലായത്.
സിനിമാ-സീരിയല്‍ മേഖലയില്‍ മയക്കുമരുന്ന് സാന്നിധ്യം സജീവമാണ്. കഴിഞ്ഞ ദിവസം കൊച്ചിയിലെ ഹോട്ടലിലെ ലഹരി പാര്‍ട്ടിയില്‍ നിര്‍ണ്ണായക വിവരങ്ങള്‍ പുറത്തു വന്നിരുന്നു. ഇതിന് പിന്നാലെയാണ് സീരീയല്‍ താരം കുടുങ്ങുന്നത്.
പരവൂരിലാണ് സംഭവം. പരവൂര്‍ ഇന്‍സ്പെക്ടര്‍ ഡി.ദീപുവിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണു ഷംനത്ത് പിടിയിലായത്. ഭര്‍ത്താവിനൊപ്പം താമസിച്ചിരുന്ന വീട്ടിലാണു പൊലീസ് പരിശോധന നടത്തിയത്. 3 ഗ്രാം എംഡിഎംഎ കണ്ടെത്തി.
രാത്രി എട്ടുമണിയോടെയാണ് പോലീസ് സംഘം ശ്രീനന്ദനം വീട്ടിലെത്തുന്നത്. കതകില്‍ തട്ടി വിളിച്ചപ്പോള്‍ റോസ് നിറത്തിലുള്ള ബനിയനും റോസും വെള്ളയും ഇടകലര്‍ന്ന കളങ്ങളോടും കൂടിയ പാന്റും ധരിച്ച് സ്ത്രീ കതകു തുറന്നു. വീട്ടില്‍ മയക്കുമരുന്ന് ഉണ്ടോ എന്ന് പരിശോധിക്കാനാണ് എത്തിയതെന്ന് ഇവരോട് പറഞ്ഞ് പോലീസ് അഖത്തേക്ക് കടന്നു.
ബെഡ്റൂമില്‍ ഡ്രെസിംഗ് ടേബിളിനുള്ളിലായിരുന്നു മയക്കുമരുന്നുണ്ടായത്. ആറു സിപ്പര്‍ കവറുകളും ഉണ്ടായിരുന്നു. നവാസിന്റെ കൈയ്യില്‍ നിന്നാണ് ഇത് വാങ്ങിയതെന്നും അവര്‍ പറഞ്ഞു. സ്വന്തം ആവശ്യത്തിനാണ് വാങ്ങിയതെന്നും മൊഴി നല്‍കി. പിന്നീട് നടന്ന പരിശോധനയില്‍ പാന്റിന്റെ പോക്കറ്റില്‍ നിന്നും ഐഫോണ്‍ കണ്ടെത്തി. പരിശോധനയ്ക്ക് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്
ഷംനത്തിനെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കും. ഷംനത്തിനെ രക്തപരിശോധനയ്ക്ക് അടക്കം വിധേയമാക്കും. രണ്ടു പ്രതികളാണ് കേസിലുളളത്. കടക്കല്‍ സ്വദേശി നവാസാണ് രണ്ടാം പ്രതി. ഇയാളില്‍ നിന്നാണ് ഷംനത്ത് മയക്കുമരുന്ന് വാങ്ങിയതെന്നാണ് എഫ് ഐ ആര്‍.