നേപ്പാളിലെ തെരുവോരങ്ങളില്‍ ഭിക്ഷ യാചിച്ച് ജീവിതം തള്ളിനീക്കിയിരുന്ന ബാലന്‍ ഇന്ന് ലക്ഷക്കണക്കിന് ആരാധകരുള്ള പ്രശസ്ത ഗായകനാണ്. സാമൂഹിക മാധ്യമങ്ങളിലൂടെ ശ്രദ്ധ നേടിയ 'കുട്ടുമ കുട്ടൂ' എന്ന ഗാനത്തിലൂടെ ലോകമെമ്പാടുമുള്ള മലയാളികള്‍ അടക്കമുള്ളവരുടെ ഹൃദയത്തില്‍ ഇടം നേടിയ അശോക് ദാര്‍ജിയുടെ ജീവിതയാത്ര അവിശ്വസനീയമാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന കുടുംബത്തിന് താങ്ങും തണലുമാകാന്‍ തെരുവില്‍ ഭിക്ഷ യാചിച്ചിരുന്നു അശോക്.
ഭിക്ഷാടനത്തോടൊപ്പം മനോഹരമായ ഗാനങ്ങളും ആലപിച്ചിരുന്നു. അശോകിന്റെ മാധുര്യമൂറുന്ന ശബ്ദം ശ്രദ്ധിച്ച ചിലര്‍ അവന്‍ 'കുട്ടുമ കുട്ടൂ' പാടുന്ന വീഡിയോ പകര്‍ത്തി സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചു. ഇന്ത്യയില്‍ അന്ന് പ്രചാരത്തിലുണ്ടായിരുന്ന ടിക് ടോക്ക് പോലുള്ള പ്ലാറ്റ്ഫോമുകളിലൂടെ ഈ വീഡിയോ അതിവേഗം വൈറലായി. വീഡിയോ ജനശ്രദ്ധ നേടിയതോടെ നേപ്പാളി സംഗീത സംവിധായകന്‍ ടാങ്ക ബുദാതോക്കി അശോകിനെ കണ്ടെത്തി.
തുടര്‍ന്ന്, തെരുവില്‍ പാടിയിരുന്ന ഈ കൊച്ചുമിടുക്കന്‍ ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്ത വലിയ വേദികളില്‍ ഗാനങ്ങള്‍ ആലപിച്ചുതുടങ്ങി. ജനപ്രീതി വര്‍ദ്ധിച്ചതോടെ അശോകിന്റെ ഗാനങ്ങള്‍ റെക്കോര്‍ഡ് ചെയ്യപ്പെടുകയും ആല്‍ബങ്ങളായി പുറത്തിറങ്ങുകയും ചെയ്തു. ഇന്ന്, നേപ്പാളിലെ അറിയപ്പെടുന്ന യുവഗായകരില്‍ ഒരാളാണ് അശോക് ദാര്‍ജി.
സമൂഹമാധ്യമങ്ങളിലൂടെ ലഭിച്ച ഈ അവസരം അശോകിന്റെ ജീവിതശൈലി പൂര്‍ണ്ണമായും മാറ്റിമറിച്ചു. നിലവില്‍ മാതാപിതാക്കളോടൊപ്പം എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ജീവിതമാണ് അശോക് നയിക്കുന്നത്. രണ്ട് മാസം മുന്‍പ് അശോകിന്റെ ജീവിതകഥ പറയുന്ന ഒരു സംഗീത ആല്‍ബം പുറത്തിറങ്ങിയിരുന്നു. ടാങ്ക ബുദാതോക്കി സംഗീത സംവിധാനം നിര്‍വഹിച്ച ഈ ആല്‍ബത്തില്‍ അശോക് തന്നെയാണ് അഭിനയിച്ചിരിക്കുന്നത്.