വീടും സ്ഥലവും ജപ്തി ചെയ്യാന്‍ ഉത്തരവായെന്ന വാര്‍ത്തകള്‍ നിഷേധിച്ച് നടി ശാലു മേനോന്‍. ജപ്തി ചെയ്യാന്‍ ഉത്തരവ് വന്നുവെന്ന് പറയപ്പെടുന്ന വീട്ടിലാണ് താനിപ്പോഴും താമസിക്കുന്നതെന്നും കോടതിയില്‍നിന്നും ഇങ്ങനെ ഒരു നടപടി ഉണ്ടായിട്ടില്ലെന്നും ശാലു മേനോന്‍ മനോരമ ഓണ്‍ലൈനിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
സോളാര്‍ തട്ടിപ്പു കേസിലെ പ്രതിയായ ശാലു മേനോന്റെ വീടും സ്ഥലവും ജപ്തി ചെയ്യാന്‍ ഉത്തരവായെന്നായിരുന്നു സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തകള്‍ പ്രചരിച്ചത്. 'കേസ് കോടതിയില്‍ ഉളളപ്പോള്‍ ഇത്തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ മാനസിക സംഘര്‍ഷമുണ്ടാക്കും. കേസിന്റെ വിചാരണയും സാക്ഷി വിസ്താരവും തുടങ്ങാന്‍ പോകുന്നതേയുളളൂ. എന്നെ അറസ്റ്റ് ചെയ്ത സമയത്ത് സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള ഉത്തരവ് ഉണ്ടായിരുന്നു. അത് 2013ല്‍ വന്നതാണ്. അതല്ലാതെ, ഇപ്പോള്‍ നിലവില്‍ സാക്ഷിവിസ്താരം പോലും നടക്കാത്ത കേസില്‍ ഇങ്ങനെ ഒരു നടപടി ഉണ്ടായിട്ടില്ല,' അഭിമുഖത്തില്‍ ശാലു മേനോന്‍ പറഞ്ഞു.
കേസും അറസ്റ്റുമെല്ലാം കഴിഞ്ഞിട്ട് അഞ്ചു വര്‍ഷമായി. അതിനുശേഷവും ഇത്തരത്തിലുളള വാര്‍ത്തകള്‍ വരുന്നത് മാനസിക സംഘര്‍ഷമുണ്ടാക്കുന്നു. വാര്‍ത്ത കേട്ടപ്പോള്‍ ആദ്യം സങ്കടം തോന്നി. പക്ഷേ മാതാപിതാക്കളും ഡാന്‍സ് സ്‌കൂളിലെ കുട്ടികളും വലിയ പിന്തുണ നല്‍കി. സ്റ്റേജ് പരിപാടികളും ഡാന്‍സ് സ്‌കൂളുമായാണ് ഞാന്‍ ഇപ്പോള്‍ മുന്നോട്ടുപോകുന്നത്,' അഭിമുഖത്തില്‍ ശാലു പറഞ്ഞു.
സോളാര്‍ തട്ടിപ്പു കേസിലെ ഒന്നാം പ്രതിയായ ബിജു രാധാകൃഷ്ണനുമായി ചേര്‍ന്ന് പണം തട്ടിയെടുത്തുവെന്നാണ് ശാലു മേനോനെതിരായ കേസ്. കേസിലെ രണ്ടാം പ്രതിയാണ് ശാലു. കേസില്‍ ശാലു മേനോന്‍ അറസ്റ്റിലാവുകയും പിന്നീട് പുറത്തിറങ്ങുകയും ചെയ്തിരുന്നു. ചങ്ങനാശ്ശേരിയില്‍ ശാലു മേനോന്റെ വീട് നിര്‍മ്മിച്ചു നല്‍കിയത് ബിജു രാധാകൃഷ്ണനാണെന്നും ആരോപണം ഉയര്‍ന്നിരുന്നു.