ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ നടന്‍ ജയറാം എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇ ഡി) മുന്നില്‍ ഹാജരായി. കടവന്ത്രയിലെ ഓഫീസിലാണ് താരം ചോദ്യം ചെയ്യലിനായി ഹാജറായത്. പറയാനുള്ളതെല്ലാം ഇഡിയോട് പറയുമെന്നും ജയറാം മാദ്ധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ ആഴ്ചയാണ് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് ഇഡി നടന് നോട്ടീസ് അയച്ചത്.'കുടുങ്ങാനുള്ളവരെല്ലാം കുടുങ്ങട്ടെ, കള്ളത്തരം കാണിച്ചവരെ അയ്യപ്പന്‍ വെറുതെ വിടുമോ? നടന്ന സംഭവങ്ങളുടെ സത്യാവസ്ഥ പുറത്തുവരണമെന്നും ജയറാം പ്രതികരിച്ചു.
50 വര്‍ഷമായി ഞാന്‍ ശബരിമലയില്‍ മുടങ്ങാതെ പോകുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റി വന്നപ്പോള്‍ ഒരു ഭക്തന്‍ എന്ന നിലയിലാണ് സൗകര്യം ഒരുക്കിയത്. അതിനപ്പുറം ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ഒരു ബന്ധവുമില്ല. ശബരിമലയില്‍ മാത്രമല്ല മറ്റ് പല ക്ഷേത്രങ്ങളിലും അതിഥിയായി പോയിട്ടുണ്ട്. ശബരിമല കേസില്‍ സത്യം പുറത്തുവരണം'- ജയറാം വ്യക്തമാക്കി.
അറ്റകുറ്റപ്പണികള്‍ക്കായി മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി കൊണ്ടുപോയ ശബരിമലയിലെ വാതില്‍പ്പാളികള്‍ ജയറാമിന്റെ ചെന്നൈയിലെ വീട്ടിലെത്തിച്ച് പൂജ നടത്തിയിരുന്നു. പോറ്റിയുമായി ദീര്‍ഘകാല പരിചയം ജയറാമിനുണ്ട്. ഇവ സംബന്ധിച്ച വിശദീകരണമാണ് ഇ ഡി തേടുക. ഇരുവരും തമ്മില്‍ പണമിടപാടുകള്‍ നടന്നിട്ടുണ്ടോയെന്നും ഇ ഡി പരിശോധിക്കുന്നുണ്ട്.ജയറാമും പോറ്റിയും ചേര്‍ന്ന് പൂജ നടത്തുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് ഇ ഡി നടപടി.
സ്വര്‍ണവാതില്‍, ശബരിമല ശ്രീകോവിലിന്റെ കട്ടിളപ്പാളി, ദ്വാരപാലക ശില്പ പാളികള്‍ എന്നിവയുമായി ബന്ധപ്പെട്ട് 2019ല്‍ സ്വര്‍ണക്കൊള്ള നടന്നുവെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. 2019 മാര്‍ച്ച് മാസത്തിലാണ് പുതിയ വാതില്‍ സമര്‍പ്പിക്കുന്നത്. ജൂണ്‍ മാസത്തില്‍ കട്ടിളപ്പാളി നിര്‍മ്മിച്ചു. സെപ്തംബറില്‍ ദ്വാരപാലക പാളികള്‍ സമര്‍പ്പിച്ചു. ഇതേ സമയത്ത് നടന്‍ ജയറാമിന്റെ വീട്ടില്‍ സ്വര്‍ണപ്പാളികള്‍ എത്തിച്ച് പൂജിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. കൂടാതെ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ നടക്കുന്ന പൂജയില്‍ ജയറാം പങ്കെടുക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു