സീരിയല്‍ മേഖലയില്‍ ബന്ധുക്കളായിട്ടുള്ളവര്‍ നിരവധിയാണ്. ഭാര്യാ ഭര്ത്താക്കന്മാരായിട്ടുള്ളവരും അമ്മയും മക്കളും ആയിട്ടുള്ളവരുമെല്ലാമുണ്ട്. എന്നാല്‍ സഹോദരിമാര്‍ ആയിട്ടുള്ളവര്‍ വളരെ കുറവാണ്. അകന്ന ബന്ധത്തില്‍ സഹോദരിമാരായിട്ടുള്ളവര് ഉണ്ടെങ്കിലും ഒരു വീട്ടില്‍ നിന്നും ചേച്ചിയും അനുജത്തിയും സീരിയല്‍ മേഖലയിലേക്ക് എത്തിയിട്ടുള്ളവര്‍ വളരെ ചുരുക്കമാണ്. സിനിമയില്‍ നടി അംബിക, ശാലിനി, ദിവ്യാ ഉണ്ണി, അനുസിത്താര എന്നിവരുടെയെല്ലാം അനുജത്തിമാര് ഒക്കെയുണ്ടെങ്കിലും സീരിയലില്‍ അങ്ങനെയൊരു രക്തബന്ധം ആദ്യമെത്തിച്ചവര് ഈ നടിമാരാകാനാണ് സാധ്യത.
തുമ്പപ്പൂ എന്ന പരമ്പരയിലൂടെ ശ്രദ്ധേയയായ രേഷ്മാ ആര് നായരും ഇപ്പോള്‍ പത്തരമാറ്റിലെ അനാമികയായും മാംഗല്യത്തിലെ സ്നേഹയായും തിളങ്ങുന്ന ഗ്രീഷ്മ രമേശും യഥാര്‍ത്ഥ സഹോദരിമാര്‍ ആണെന്നതാണ് ഇപ്പോള്‍ സീരിയല്‍ ആരാധകരിലേക്ക് എത്തുന്ന വാര്‍ത്ത. ഇരുവരും തമ്മിലുള്ള മുഖസാദൃശ്യം കണ്ട് നിരവധി പേരാണ് പലപ്പോഴും കമന്റുകളിലൂടെയായി ഇവരോട് ഇക്കാര്യം ചോദിച്ചിരുന്നത്. തുടര്‍ന്നാണ് കഴിഞ്ഞ ദിവസത്തെ ഒരു ക്യൂ ആന്റ് എ സെഷനില്‍ ഗ്രീഷ്മ തന്റെ സ്വന്തം സഹോദരിയാണെന്ന് രേഷ്മ തുറന്നു പറഞ്ഞത്. മാത്രമല്ല, ആരാധകരുടെ അഭ്യര്‍ത്ഥന പ്രകാരം അച്ഛനും അമ്മയ്ക്കും ഒപ്പമുള്ള നിരവധി കുടുംബ ചിത്രങ്ങളും ഗ്രീഷ്മ പങ്കുവച്ചിരുന്നു.
നിരവധി ഷോര്‍ട് ഫിലിമുകളിലൂടെ അഭിനയരംഗത്തേക്കെത്തിയ താരമാണ് രേഷ്മ. മഴവില്‍ മനോരമയിലെ തുമ്പപ്പൂവിലെ നീനു എന്ന കഥാപാത്രമായിട്ടാണ് രേഷ്മ ആദ്യം സീരിയല്‍ മേഖലയിലേക്ക് ചുവടു വച്ചത്. തുടര്‍ന്ന് കന്യാദാനത്തിലെ ഇന്ദുവായും എത്തിയ രേഷ്മ ഇപ്പോള്‍ അഭിനയിക്കുന്നത് സീ കേരളത്തിലെ മാനത്തെ കൊട്ടാരം എന്ന പരമ്പരയിലാണ്. അതില്‍ ഹരിത എന്ന കഥാപാത്രമായി എത്തുന്ന രേഷ്മാ കൗമുദിയിലെ വസുധ എന്ന സീരിയലിലെ രചിത എന്ന കഥാപാത്രമായും എത്തുന്നുണ്ട്. അതേസമയം, ചേച്ചിയേക്കാള്‍ തിരക്കുകളുമായി സജീവമാണ് അനുജത്തി ഗ്രീഷ്മ.
ഇപ്പോള്‍ ഏഷ്യാനെറ്റിലെ സൂപ്പര്‍ ഹിറ്റ് പരമ്പരയായ പത്തരമാറ്റിലെ അനാമികയായും സീ കേരളത്തില്‍ സംപ്രേക്ഷണം ചെയ്യുന്ന മാംഗല്യത്തിലെ സ്നേഹയായും തകര്‍ത്ത് അഭിനയിക്കുന്ന ഗ്രീഷ്മ നേരത്തെ ആനന്ദരാഗം സീരിയലിലും അഭിനയിച്ചിട്ടുണ്ട്. ചേച്ചിയുടെ പാത പിന്തുടര്ന്ന് ഫോട്ടോഷൂട്ടുകളിലൂടെ ഈ രംഗത്തേക്ക് എത്തിയ ഗ്രീഷ്മ മീനാക്ഷിക്കല്യാണം എന്ന പരമ്പരയിലും അഭിനയിച്ചു. അതേസമയം, സീ കേരളത്തിലെ പ്രണയവര്‍ണങ്ങള്‍ എന്ന പരമ്പരയിലൂടെയാണ് അഭിനയ മേഖലയിലേക്ക് ചുവടുവച്ചത്. ഇന്ന് സോഷ്യല്‍ മീഡിയയില്‍ അറുപതിനായിരത്തോളം ഫോളോവേഴ്സ് ചേച്ചിയ്ക്കും 15ത്തിലധികം ഫോളോവേഴ്സും അനുജത്തിയ്ക്കുമുണ്ട്.
ഇരുവരും ശരിക്കും ചേച്ചിയും അനുജത്തിയും ആണെന്ന് ആരാധകരും തിരിച്ചറിയുന്നുണ്ട്. അതിനു കാരണം, മുഖത്തിലെ ചില സാമ്യതകളും അഭിനയിക്കുമ്പോള്‍ മുഖത്തു വരുന്ന എക്സ്പ്രഷനുകളിലെ സാമ്യതകളുമാണ്. ഇരുവരും ഒരുമിച്ചുള്ള കുട്ടിക്കാല ചിത്രങ്ങളും കുടുംബചിത്രങ്ങളുമെല്ലാം കൂടുതല്‍ ചോദിക്കുകയാണ് ആരാധകരിപ്പോള്‍.