നടന്‍ ദിലീപ് ശങ്കര്‍ ആദ്യം ആത്മഹത്യ ചെയ്തതാണെന്ന് വാര്‍ത്തകള്‍ പരന്നെങ്കിലും പൊലീസ് ആത്മഹത്യയല്ലെന്ന് തീര്‍ത്തു പറഞ്ഞു. പിന്നാലെ മുറിയില്‍ കണ്ടെത്തിയ മദ്യക്കുപ്പികളുടെ അടിസ്ഥാനത്തിലും തലയിലുണ്ടായ ആന്തരിക രക്തസ്രാവത്തിന്റെയും അടിസ്ഥാനത്തില്‍ മദ്യപിച്ച് ലക്കുകെട്ടപ്പോള്‍ തലയിടിച്ചു വീണതാകാനുള്ള സാധ്യതയും പുറത്തുവന്നു. എന്നാലിപ്പോഴിതാ, നടന്റെ മൃതദേഹം സംസ്‌കരിച്ച് മണിക്കൂറുകള്‍ മാത്രം കഴിയവെ ഇന്‍ക്വസ്റ്റ് നടത്തിയ പൊലീസ് സംഘത്തിന്റെ പ്രാഥമിക വിലയിരുത്തല്‍ എത്തിയിരിക്കുകയാണ്. തലച്ചോറിലുണ്ടായ രക്തസ്രാവം മൂലമാകാം മരണമെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. എന്നാല്‍ തലച്ചോറിലെ രക്തസ്രാവം കാല്‍തെറ്റി വീണതിനിടെ തലയിടിച്ചതു കൊണ്ടുണ്ടായതല്ല. പകരം, കരള്‍രോഗം വഷളാവുകയും രക്തസമ്മര്‍ദം ഉയരുകയും ചെയ്തതിനെത്തുടര്‍ന്ന് കട്ടിലില്‍ നിന്നും എഴുന്നേല്‍ക്കാനുള്ള ശ്രമത്തിനിടെ തലയിടിച്ചു വീണതാണെന്നാണ് സംശയം.
കട്ടിലിനു സമീപം മദ്യക്കുപ്പികള്‍ ഉണ്ടായിരുന്നു. തറയില്‍ കിടന്ന മൃതദേഹത്തില്‍ മൂക്കില്‍ നിന്നും രക്തം പുറത്തേക്ക് ഒഴുകുകയും ചെയ്തിരുന്നു. അതേസമയം, ആത്മഹത്യയിലേക്ക് നയിക്കുന്ന തെളിവുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. മരണത്തിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്താന്‍ ആന്തരികാവയവങ്ങള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം മാത്രമേ തുടര്‍നടപടിയുണ്ടാകൂവെന്നും പൊലീസ് പറഞ്ഞു. ഹോട്ടലില്‍ പൊലീസ് എത്തുമ്പോള്‍ ദിലീപ് ശങ്കര്‍ താമസിച്ച മുറി അകത്തുനിന്നും പൂട്ടിയ നിലയിലായിരുന്നു. പൂട്ട് പൊളിച്ചാണ് പൊലീസ് അകത്തു കയറിയത്.
സീരിയല്‍ ഷൂട്ടിങ്ങിനായി താമസിച്ച തിരുവനന്തപുരം വാന്റോസ് ജങ്ഷനിലെ ഹോട്ടലില്‍ ആണ് ദിലീപിനെ ഉച്ചയോടെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സീരിയല്‍ ഷൂട്ടിങ്ങിനായി 19ന് ആണ് ദിലീപ് മുറി എടുത്തത്. 26വരെ ഷൂട്ടിങ് ഉണ്ടായിരുന്നു. ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടായതു കാരണം, നേരത്തെ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി രണ്ടു ദിവസം വിശ്രമിച്ചോളൂ എന്നു പറഞ്ഞാണ് അദ്ദേഹത്തെ ഹോട്ടല്‍ മുറിയില്‍ എത്തിച്ചത്. എന്നാല്‍ രണ്ടു ദിവസം അവധി കിട്ടിയതോടെ ശാരീരിക പ്രശ്നങ്ങള്‍ കണക്കിലെടുക്കാതെ വീണ്ടും മദ്യം വാങ്ങിയാണ് അദ്ദേഹം മുറിയിലേക്ക് എത്തിയതെന്നാണ് സൂചന.
തുടര്‍ന്ന് പ്രൊഡക്ഷനില്‍ നിന്നും മാനേജര്‍ വിളിച്ചെങ്കിലും അദ്ദേഹം ഫോണ്‍ എടുത്തിരുന്നില്ല. ശനിയാഴ്ച സീരിയലിന്റെ പ്രൊഡക്ഷന്‍ മാനേജര്‍ പലതവണ ഫോണില്‍ വിളിച്ചിട്ടും ദിലീപിനെ കിട്ടിയില്ല. ഞായറാഴ്ച പ്രൊഡക്ഷന്‍ വിഭാഗത്തിലുള്ളവര്‍ ദിലീപിനെ അന്വേഷിച്ച് ഹോട്ടലില്‍ എത്തി. മുറി തുറക്കാതായതോടെ പൊലീസിനെ അറിയിക്കുകയായിരുന്നു. രണ്ടു വര്‍ഷം മുന്നേയാണ് നടനെ കരള്‍ രോഗം ബാധിക്കുന്നത്. അപ്പോള്‍ തന്നെ, തന്നെ മാത്രം ആശ്രയിച്ചു മുന്നോട്ടു പോകുന്ന കുടുംബത്തിനു വേണ്ടി ദുശ്ശീലങ്ങളെല്ലാം ഒഴിവാക്കുകയായിരുന്നു അദ്ദേഹം. മദ്യപാനം അടക്കം ഉപേക്ഷിച്ച് ശുദ്ധ വെജിറ്റേറിയനായി മാറുകയും ചെയ്തു. എന്നാല്‍ ഇടയ്ക്കെപ്പോഴോ മരുന്നും ഭക്ഷണവും എല്ലാം കാലം തെറ്റിയതോടെ ആരോഗ്യാവസ്ഥയും മോശമായിരുന്നു.
സുഗമമായ ജോലിയ്ക്കും യാത്രകള്‍ക്കുമെല്ലാം രോഗാവസ്ഥ തടസമായി വന്നു തുടങ്ങിയതോടെ മാനസികമായി അദ്ദേഹം ഏറെ തളര്‍ന്നിരുന്നു. ഇക്കാര്യം പലപ്പോഴും പറഞ്ഞിരുന്നത് സഹപ്രവര്‍ത്തകരോട് ആയിരുന്നു. മാത്രമല്ല ഇടക്ക് വച്ച് ചികിത്സ മുടങ്ങുകയും ചെയ്തിരുന്നു. എങ്കിലും അദ്ദേഹത്തിന്റെ അവസ്ഥ അറിയാവുന്ന സഹപ്രവര്‍ത്തകര്‍ പലപ്പോഴും ആരോഗ്യം ശ്രദ്ധിക്കണം എന്ന് ഓര്‍മ്മിപ്പിച്ചിരുന്നു. എന്നാല്‍ മരണമറിഞ്ഞ് ഹോട്ടല്‍ മുറിയിലേക്ക് എത്തിയവര്‍ കണ്ട കാഴ്ച നടുക്കുന്നതായിരുന്നു. മദ്യം ഒരു തുള്ളി പോലും കുടിക്കാന്‍ പാടില്ലാത്ത അദ്ദേഹത്തിന്റെ മുറിയില്‍ കണ്ടത് രണ്ട് ഒഴിഞ്ഞ മദ്യക്കുപ്പികളും കരള്‍ രോഗത്തിനുള്ള മരുന്നുകളുമായിരുന്നു.