റിലീസ് കേന്ദ്രങ്ങളില്‍ നിന്നും മികച്ച അഭിപ്രായം നേടി മുന്നേറുകയാണ് ഉണ്ണി മുകുന്ദന്‍ നായകനായെത്തിയ 'മാര്‍ക്കോ'. മികച്ച പ്രേക്ഷക പ്രതികരണങ്ങള്‍ കൂടാതെ നിരൂപക പ്രശംസയും പിടിച്ചു പറ്റാന്‍ ചിത്രത്തിനായി. കേരളത്തിന് പുറത്തും മികച്ച സ്വീകാര്യതയാണ് ചിത്രത്തിന് ലഭിക്കുന്നത്. ഉണ്ണി മുകുന്ദന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റായിരിക്കും 'മാര്‍ക്കോ' എന്നാണ് വിലയിരുത്തല്‍. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ അപ്‌ഡേറ്റുകളാണ് പുറത്ത് വരുന്നത്. മലയാളത്തിലെ മോസ്റ്റ് വയലന്റ് ചിത്രമെന്ന ലേബലിലെത്തിയ മാര്‍ക്കോ കൊറിയയില്‍ റിലീസിനൊരുങ്ങുകയാണ്. ഉണ്ണി മുകുന്ദന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
ദക്ഷിണ കൊറിയന്‍ എന്റര്‍ടെയ്ന്‍മെന്റ് മേഖലയിലെ വമ്പന്‍ നിര്‍മ്മാണ കമ്പനിയായ നൂറി പിക്‌ചേഴ്‌സ് ആണ് മാര്‍ക്കോ കൊറിയയില്‍ വിതരണത്തിന് എത്തിക്കുന്നത്. ഒരു ഇന്ത്യന്‍ സിനിമയ്ക്ക് കൊറിയയില്‍ ലഭിക്കാവുന്ന ഏറ്റവും വലിയ ഓപ്പണിങ്ങും കൂടിയാണ് മാര്‍ക്കോയ്ക്ക് ലഭിക്കാന്‍ പോകുന്നത്. 100 സ്‌ക്രീനുകളില്‍ ചിത്രം പ്രദര്‍ശനം ആരംഭിക്കുന്ന ചിത്രം ഏപ്രിലില്‍ കൊറിയയില്‍ റിലീസ് ചെയ്യും. മാര്‍ക്കോയുടെ ഈ നേട്ടത്തെ പ്രശംസിച്ച് ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ രാം ഗോപാല്‍ വര്‍മയും രംഗത്തെത്തിയിട്ടുണ്ട്. ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലിയ്ക്ക് ശേഷം ഇതാദ്യമായാണൊരു തെന്നിന്ത്യന്‍ ചിത്രം കൊറിയയില്‍ റിലീസ് ചെയ്യപ്പെടുന്നത്.
അതേസമയം, മാര്‍ക്കോ ബോക്‌സ് ഓഫീസില്‍ ഗംഭീര പ്രകടനം കാഴ്ചവച്ച് മുന്നോട്ട് പോവുകയാണ്. നിലവില്‍ മലയാളത്തിന് പുറമെ ഹിന്ദി, തെലുങ്ക് പതിപ്പുകളും പ്രദര്‍ശനത്തിനെത്തിയിട്ടുണ്ട്. ജനുവരി 3 മുതല്‍ തമിഴ് പതിപ്പും തിയറ്ററുകളില്‍ എത്തും. നിലവില്‍ ചിത്രത്തിന്റെ കളക്ഷന്‍ 75 കോടി കടന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ആദ്യ ദിനം മുതല്‍ മികച്ച പ്രതികരണം ലഭിച്ച ചിത്രം മലയാളത്തിലെ അടുത്ത ബ്ലോക്ക് ബസ്റ്ററാകുമെന്നാണ് കണക്ക് കൂട്ടല്‍. ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സ്, ഉണ്ണി മുകുന്ദന്‍ ഫിലിംസ് എന്നീ ബാനറുകളില്‍ ഷെരീഫ് മുഹമ്മദ് ആണ് മാര്‍ക്കോ നിര്‍മിക്കുന്നത്. കെജിഎഫ്, സലാര്‍ അടക്കമുള്ള ബിഗ് ബഡ്ജറ്റ് ചിത്രങ്ങളുടെ സംഗീത സംവിധായകന്‍ രവി ബസ്‌റൂര്‍ ആണ് മാര്‍ക്കോയിലെയും ഈണങ്ങള്‍ ഒരുക്കുന്നത്. സിദ്ദിഖ്, ജഗദീഷ്, ആന്‍സണ്‍ പോള്‍, കബീര്‍ ദുഹാന്‍സിംഗ്, അഭിമന്യു തിലകന്‍, മാത്യു വര്‍ഗീസ്, അര്‍ജുന്‍ നന്ദകുമാര്‍, ബീറ്റോ ഡേവിസ്, ദിനേശ് പ്രഭാകര്‍, ശ്രീജിത്ത് രവി, ലിഷോയ് തുടങ്ങി നിരവധി താരങ്ങളും ഈ ബിഗ് ബജറ്റ് ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.