ഒന്നര വര്‍ഷത്തോളം മാത്രം ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത് പ്രേക്ഷക മനസുകളില്‍ ഇടം നേടി പരിസമാപ്തി കുറിച്ച സീരിയലാണ് ഗൗരീശങ്കരം. പരമ്പരയില്‍ നായികാ നായകന്മാരായി എത്തി ശ്രദ്ധ നേടിയ ഹരിശങ്കറിനും വീണയ്ക്കും ഒപ്പം പ്രേക്ഷക പ്രീതി നേടിയ താരമാണ് വില്ലനായി എത്തി ധ്രുവന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നിതീഷ് പുരുഷോത്തമന്‍. മറ്റനേകം സീരിയലുകല്‍ും ചെറുതും വലുതുമായ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചുവെങ്കിലും ധ്രുവനായി എത്തിയപ്പോഴാണ് നിതീഷിനെ പ്രേക്ഷകര്‍ തിരിച്ചറിഞ്ഞു തുടങ്ങിയത്. ഇപ്പോഴിതാ, നിതീഷ് വിവാഹിതനായെന്ന വാര്‍ത്തയാണ് എത്തിയിരിക്കുന്നത്.
ഏറെക്കാലത്തെ സ്വപ്നമായി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചാണ് തന്റെ പ്രണയിനിയായ അഷ്ടമി എന്ന നര്‍ത്തകിയെ നിതീഷ് വിവാഹം കഴിച്ചത്. അടുത്ത ബന്ധുക്കളും സീരിയല്‍ താരങ്ങളായ സുഹൃത്തുക്കളുമെല്ലാം പങ്കെടുത്ത വിവാഹ ചടങ്ങിനു ശേഷം തൊട്ടടുത്തുള്ള ഓഡിറ്റോറിയത്തില്‍ വച്ച് വിവാഹ റിസപ്ഷനും ഉണ്ടായിരുന്നു.
നൂറിലധികം പേരാണ് ഇരുവര്‍ക്കും ആശംസകളേകുവാന്‍ വിവാഹമണ്ഡപത്തിലേക്കും ക്ഷേത്രത്തിലേക്കും എത്തിയത്. നിതീഷിന് കുട്ടിക്കാലം മുതല്‍ക്കേയുള്ള സ്വപ്നമായിരുന്നു ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ച് വിവാഹം കഴിക്കണമെന്ന്. ആ സ്വപ്ന സാഫല്യമെന്നോണമാണ് അഷ്ടമിയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്. വിവാഹചടങ്ങുകള്‍ കഴിഞ്ഞ ശേഷം വിങ്ങിപ്പൊട്ടിയാണ് അഷ്ടമി നിതീഷിനൊപ്പം ഭര്‍തൃവീട്ടിലേക്ക് പോയത്. അമ്മയെ തനിച്ചാക്കി പോകുന്നതിന്റെ സങ്കടമായിരുന്നു ആ മനസ് നിറയെ. അതിന്റെ വീഡിയോകളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. 2014ല്‍ പുറത്തിറങ്ങിയ ആഷാ ബ്ലാക്ക് എന്ന സിനിമയിലും അഭിനയിച്ചിട്ടുള്ള നിതീഷ് സീ കേരളത്തിലെ അകലെ എന്ന പരമ്പരയിലും അഭിനയിച്ചിട്ടുണ്ട്. കണ്ണൂര്‍ സ്വദേശിയായ നിതീഷ് നിരവധി ഷോര്‍ട് ഫിലിമുകളിലും അഭിനയിച്ചിട്ടുണ്ട്.
ഏറെക്കാലത്തെ പ്രണയമാണ് നിതീഷിന്റേയും അഷ്ടമിയുടേയും. തിരുവനന്തപുരം സ്വദേശിനിയാണ് അഷ്ടമി. അതുകൊണ്ടു തന്നെ, ഇരുവരുടേതും ഒരു ലോംഗ് ഡിസ്റ്റന്‍സ് പ്രണയം കൂടിയാണ്. കണ്ണൂര്‍ ടു ടിവിഎം എന്ന പേരില്‍ ഒരു ഇന്‍സ്റ്റഗ്രാം പേജും ഇരുവരും മാനേജ് ചെയ്യുന്നുമുണ്ട്. ഏതാണ്ട് രണ്ടു വര്‍ഷത്തോളം നീണ്ട നിതീഷിന്റെയും അഷ്ടമിയുടേയും പ്രണയമാണ് ഇപ്പോള്‍ സാഫല്യമായിരിക്കുന്നത്. അതേസമയം, ഇരുവരുടേയും വിവാഹ വിശേഷങ്ങളും ചിത്രങ്ങളും വീഡിയോകളുമൊക്കെയാണ് സോഷ്യല്‍ മീഡിയയില്‍ നിറയെയുള്ളത്. നടന്‍, മോഡല്‍ എന്നതിലുപരി ബോഡി ബില്‍ഡര്‍ കൂടിയായ നിതീഷ് അഷ്ടമിയുടെ കരിയറിന് പൂര്‍ണ പിന്തുണ നല്‍കുന്നുണ്ട്. അതുപോലെ തന്നെ അഷ്ടമി നിതീഷിനും. ഗൗരീശങ്കരം പരമ്പര അവസാനിച്ച ശേഷം ഷോര്‍ട് ഫിലിമുകളില്‍ അഭിനയിക്കുകയാണ് നടന്‍.