മുന്‍ ബിഗ് ബോസ് വിജയിയും സിനിമാ സംവിധായകനുമായ അഖില്‍ മാരാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബിഗ് ബോസ് മലയാളം സീസണ്‍ 7 മത്സരാര്‍ത്ഥിയായിരുന്ന കെ.ബി ശാരിക. സഹമത്സരാര്‍ത്ഥിയായ ശൈത്യ സന്തോഷിനെതിരെ അഖില്‍ മാരാര്‍ നടത്തിയ പരാമര്‍ശങ്ങളോടുള്ള പ്രതികരണമായാണ് ശാരികയുടെ വിമര്‍ശനം.
ബിഗ് ബോസ് സീസണ്‍ 7 അവസാനിച്ചതിന് പിന്നാലെ, മത്സരാര്‍ത്ഥി ശൈത്യ സന്തോഷ് അഖില്‍ മാരാരെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. 'മാരാര്‍ കൊട്ടിയാല്‍ മാക്രി കരയും, പക്ഷേ അഡ്വക്കേറ്റ് ശൈത്യ കരയില്ല' എന്നായിരുന്നു ശൈത്യയുടെ വാക്കുകള്‍. ഇതിന് മറുപടിയായി അഖില്‍ മാരാര്‍ ശൈത്യയെ 'പൊട്ടക്കിണറ്റിലെ തവള' എന്ന് വിശേഷിപ്പിക്കുകയും 'മാക്രികള്‍ കാരണം വലിയ ശല്യമാണെന്നും' പറയുകയുണ്ടായി.
ഈ വിഷയത്തില്‍ പ്രതികരിച്ച ശാരിക, ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് അഖില്‍ മാരാരെ കടന്നാക്രമിച്ചത്. 'മാക്രികള്‍ക്ക് മറുപടി കൊടുക്കാന്‍ നിങ്ങള്‍ ആരാണ്? സുവോളജിയാണോ നിങ്ങള്‍ ഡിഗ്രിക്ക് പഠിച്ചത്?' എന്ന് പരിഹാസരൂപേണ ശാരിക ചോദിക്കുന്നു. മാക്രികളുടെ അനാട്ടമിയെക്കുറിച്ച് അഖില്‍ മാരാര്‍ പറയുന്നതിനാലാണ് താന്‍ ഇങ്ങനെ ചോദിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
നേരത്തെ ബഹുമാനത്തോടെ കണ്ടിരുന്ന ഒരാളാണ് അഖില്‍ മാരാരെന്ന് പറഞ്ഞ ശാരിക, ഇപ്പോള്‍ അദ്ദേഹത്തെക്കുറിച്ച് പറയുമ്പോള്‍ ചിരിയാണ് വരുന്നതെന്നും വ്യക്തമാക്കി. ശൈത്യയെ 'കട്ടപ്പ' എന്ന് വിളിക്കുന്നതിന്റെ കാരണം സഹമത്സരാര്‍ത്ഥികള്‍ക്കുപോലും അറിയില്ലെന്ന് അവര്‍ സൂചിപ്പിച്ചു. അനുമോള്‍ക്കെതിരെ അഖില്‍ മാരാര്‍ക്ക് പരാതിയുണ്ടെങ്കില്‍, അനുമോള്‍ ഇതുവരെ അക്കാര്യത്തെക്കുറിച്ച് പ്രതികരിച്ചിട്ടില്ലെന്നും ശാരിക ഓര്‍മ്മിപ്പിച്ചു.
അഖില്‍ മാരാര്‍ തന്റെ സീസണില്‍ പോലും ഇല്ലാത്ത ഒരാള്‍ (ശൈത്യ) ആക്രമിച്ചാല്‍ സ്വാഭാവികമായും പ്രതികരിച്ചു പോകും. അഖില്‍ മാരാര്‍ ഫേസ്ബുക്ക് ലൈവില്‍ വന്ന് മറ്റുള്ളവരെ അധിക്ഷേപിക്കാനാണ് ശ്രമിക്കുന്നതെന്നും, അതില്‍ ഉളുപ്പില്ലേയെന്നും ശാരിക ചോദിക്കുന്നു. സ്വയം പ്രശംസിക്കുന്ന അഖില്‍ മാരാരോട്, 'മാക്രികള്‍ക്ക് മറുപടി കൊടുക്കാന്‍ നിങ്ങള്‍ ആരാണെന്ന്' ചോദിച്ച് ശാരികയുടെ പ്രതികരണം അവസാനിക്കുന്നു.