പ്രേക്ഷകര്‍ ഏവരും ആകാംക്ഷയോടെ കാത്തിരുന്ന ബിഗ് ബോസ് മലയാളം സീസണ്‍ 8 ഇന്നലെ വര്‍ണ്ണാഭമായ ചടങ്ങുകളോടെ ആരംഭിച്ചപ്പോള്‍ ബിഗ് ബോസ് ഹൗസിനുള്ളില്‍ അരങ്ങേറിയത് അപ്രതീക്ഷിത സംഭവവികാസങ്ങള്‍. കേരളത്തില്‍ വലിയ രീതിയില്‍ ചര്‍ച്ചയായ ഒരു കേസില്‍ പരസ്പരം നിയമപോരാട്ടം നടത്തുന്ന വാദിയും പ്രതിയുമാണ് ഇത്തവണ ബിഗ് ബോസ് ഹൗസിനുള്ളില്‍ ഒന്നിച്ചു ജീവിക്കാന്‍ എത്തിയിരിക്കുന്നത്. സാമൂഹിക പ്രവര്‍ത്തകനായ രാഹുല്‍ ഈശ്വറും മോഡലും നടിയുമായ റിനി ആന്‍ ജോര്‍ജ്ജുമാണ് അങ്കത്തട്ടില്‍ നേര്‍ക്കുനേര്‍ എത്തിയത്.
മുന്‍പ് സമാന്തര ടെലിവിഷന്‍ ചര്‍ച്ചകളിലും സമൂഹമാധ്യമങ്ങളിലും നടന്ന വലിയ തര്‍ക്കങ്ങള്‍ക്കൊടുവിലാണ് രാഹുല്‍ ഈശ്വറും റിനി ആന്‍ ജോര്‍ജ്ജും തമ്മില്‍ പരസ്പരം പരാതികള്‍ നല്‍കുന്നതിലേക്ക് കാര്യങ്ങളെത്തിയത്. സ്ത്രീവിരുദ്ധ പ്രസ്താവന നടത്തി എന്നാരോപിച്ച് രാഹുല്‍ ഈശ്വറിനെതിരെ റിനിയും, തനിക്കെതിരെ വ്യാജ പ്രചാരണം നടത്തിയെന്ന് ആരോപിച്ച് റിനിക്കെതിരെ രാഹുലും പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. നിയമപോരാട്ടം തുടരുന്ന കേസില്‍ ഇരുവര്‍ക്കുമിടയില്‍ കടുത്ത ഭിന്നത നിലനില്‍ക്കെയാണ് ഇരുവരും ബിഗ് ബോസ് വീടിനുള്ളിലേക്ക് ഒന്നിച്ചെത്തുന്നത്.
ബിഗ് ബോസ് വീടിനുള്ളിലേക്ക് കാലുകുത്തിയ പാടെ തന്നെ പരസ്പരം വിട്ടുവീഴ്ചയില്ലെന്ന മുന്നറിയിപ്പാണ് ഇരുവരും നല്‍കിയത്. 'നമ്മള്‍ തമ്മില്‍ മുന്‍പേ അറിയാമല്ലോ, പരസ്പരം പോലീസ് സ്റ്റേഷനില്‍ പരാതി കൊടുത്തവരാണ് നമ്മള്‍' എന്ന് റിനിയെ ചൂണ്ടിക്കാട്ടി രാഹുല്‍ പറഞ്ഞപ്പോള്‍ വീടിനുള്ളിലെ അന്തരീക്ഷം പെട്ടെന്ന് ചൂടുപിടിച്ചു. പോലീസ് സ്റ്റേഷനില്‍ വെച്ച് കണ്ടുമുട്ടേണ്ടവര്‍ ഇപ്പോള്‍ ബിഗ് ബോസ് വീട്ടില്‍ വെച്ചാണ് കണ്ടുമുട്ടിയിരിക്കുന്നത് എന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ രാഹുലിന്റെ വാക്കുകള്‍ക്ക് മുന്നില്‍ ഒട്ടും പതറാതെ റിനി ആന്‍ ജോര്‍ജ് ശക്തമായ മറുപടിയാണ് നല്‍കിയത്. 'താങ്കള്‍ എന്നെ കാണാന്‍ ശ്രമിച്ചിട്ടും ഞാന്‍ അതിന് സമ്മതിക്കാത്തതുകൊണ്ടല്ലേ നമുക്ക് പോലീസ് സ്റ്റേഷനില്‍ വെച്ച് കാണാന്‍ സാധിക്കാത്തത്?' എന്നായിരുന്നു രാഹുല്‍ ഈശ്വറിനോട് റിനിയുടെ മൂര്‍ച്ചയേറിയ ചോദ്യം. ഇതോടെ ഇരുവരും തമ്മിലുള്ള പോര് വീടിനുള്ളില്‍ കൂടുതല്‍ കനക്കുമെന്ന് ഉറപ്പായി.
റിനിയുടെ ചോദ്യത്തിന് മറുപടിയായി, 'കുഴപ്പമില്ല, ഈ 100 ദിവസത്തെ ബിഗ് ബോസ് ജീവിതം കഴിഞ്ഞാല്‍ നമുക്ക് എന്തായാലും പോലീസ് സ്റ്റേഷനില്‍ വെച്ച് തന്നെ കാണാം' എന്ന് രാഹുല്‍ മറുപടി നല്‍കി. അതേസമയം, തങ്ങള്‍ തമ്മില്‍ ആശയപരമായ വലിയ വിയോജിപ്പുകള്‍ മാത്രമേയുള്ളൂവെന്നും വ്യക്തിപരമായി ആരോടും ശത്രുതയില്ലെന്നും രാഹുല്‍ ഈശ്വര്‍ പിന്നീട് എടുത്തുപറയുകയും ചെയ്തു.
മത്സരാര്‍ത്ഥിയായി വേദിയിലെത്തിയപ്പോള്‍ തന്നെ തന്റെ നിലപാടുകള്‍ രാഹുല്‍ ഈശ്വര്‍ മോഹന്‍ലാല്‍ മുഖേന പ്രേക്ഷകരെ അറിയിച്ചിരുന്നു. സമൂഹത്തില്‍ പുരുഷന്മാര്‍ നേരിടുന്ന അനീതികളും പ്രശ്നങ്ങളും ഉന്നയിക്കാനാണ് താന്‍ എത്തിയിരിക്കുന്നതെന്നും മെന്‍സ് അസോസിയേഷന് വേണ്ടിയാണ് ഇവിടെ പോരാടുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയത്തില്‍ മോഹന്‍ലാല്‍ കൃത്യമായ നിലപാട് വ്യക്തമാക്കിയില്ലെങ്കില്‍ ബിഗ് ബോസ് ഹൗസിനുള്ളില്‍ നിരാഹാരം ഇരിക്കുമെന്നും രാഹുല്‍ അന്ത്യശാസനം നല്‍കിയിട്ടുണ്ട്.
അതേസമയം, ഏതൊരു പ്രതികൂല സാഹചര്യത്തിലും പ്രതികരിക്കേണ്ടിടത്ത് താന്‍ കൃത്യമായി പ്രതികരിക്കുമെന്നാണ് റിനി ആന്‍ ജോര്‍ജ് അവതാരകനായ മോഹന്‍ലാല്‍ മുന്‍പാകെ വ്യക്തമാക്കിയത്. അന്യായങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയതിന്റെ പേരില്‍ ജീവിതത്തില്‍ ഒരുപാട് വിമര്‍ശനങ്ങളും പരിഹാസങ്ങളും നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും സ്വന്തം നിലപാടുകളില്‍ നിന്ന് പിന്നോട്ട് പോകില്ലെന്ന് റിനി ഉറപ്പിച്ചുപറഞ്ഞു. ഗായത്രി സുരേഷ്, രാഹുല്‍ ഈശ്വര്‍, റിനി ആന്‍ ജോര്‍ജ്, ശ്രീലക്ഷ്മി അറക്കല്‍, വിക്കി തഗ്ഗ്, മൃദുല വിജയ് തുടങ്ങിയ പ്രമുഖരും വ്യത്യസ്ത മേഖലകളില്‍ നിന്നുള്ള നിരവധി താരങ്ങളുമാണ് ഇത്തവണ ബിഗ് ബോസ് സീസണ്‍ 8-ല്‍ മത്സരാര്‍ത്ഥികളായി എത്തിയിരിക്കുന്നത്.
തര്‍ക്കങ്ങളും അഭിപ്രായവ്യത്യാസങ്ങളും നിറഞ്ഞുനില്‍ക്കുന്ന ബിഗ് ബോസ് വീട്ടില്‍ രാഹുലും റിനിയും എങ്ങനെ ഒന്നിച്ചു മുന്നോട്ടുപോകുമെന്ന ആകാംക്ഷയിലാണ് പ്രേക്ഷകര്‍. പഴയ കേസുകളും നിയമതര്‍ക്കങ്ങളും നെഞ്ചിലേറ്റി എത്തിയ ഇരുവരും ഹൗസിനുള്ളില്‍ വരും ദിവസങ്ങളില്‍ എങ്ങനെ പെരുമാറും എന്നത് ഏറെ നിര്‍ണ്ണായകമാണ്. പ്രത്യശാസ്ത്രപരമായി രണ്ടു ധ്രുവങ്ങളില്‍ നില്‍ക്കുന്ന വ്യക്തികളായതിനാല്‍ തന്നെ ചെറിയ വിഷയങ്ങളില്‍ പോലും ഇവര്‍ക്കിടയില്‍ വലിയ കൊമ്പുകോര്‍ക്കലുകള്‍ക്ക് സാധ്യതയേറെയാണ്.
ബിഗ് ബോസ് ഹൗസിലെ ആദ്യ ദിനത്തില്‍ തന്നെ രാഹുലും റിനിയും തമ്മിലുണ്ടായ വാക്പോര് സമൂഹമാധ്യമങ്ങളിലും വലിയ രീതിയില്‍ ചര്‍ച്ചയായിക്കഴിഞ്ഞു. 100 ദിവസത്തെ പോരാട്ടത്തിനൊടുവില്‍ ഇവര്‍ തമ്മിലുള്ള കേസും തര്‍ക്കങ്ങളും എങ്ങോട്ട് തിരിയുമെന്നത് കണ്ടുതന്നെ അറിയേണ്ടിവരും