അടുത്തിടെയാണ് തനിക്ക് കാന്‍സറാണെന്ന് സോഷ്യല്‍ മീഡിയ താരം രേണു സുധി തുറന്നു പറയുന്നത്. സ്തനാര്‍ബുദമാണെന്നും അസുഖം അതിന്റെ മൂന്നാം ഘട്ടത്തിലാണെന്നും രേണു പറയുകയുണ്ടായി. മാത്രമല്ല രോഗത്തിന്റെയും ചികില്‍സയുടെയും എല്ലാ കാര്യങ്ങളും രേണു തന്റെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുന്നുമുണ്ട്. എന്നാല്‍ ഇപ്പോള്‍ തന്റെ പേരില്‍ ചികില്‍സയ്ക്കായി പണപ്പിരിവ് നടക്കുന്നതായി അറിഞ്ഞെന്നും എന്നാല്‍ ഇത് തന്റെ സമ്മതത്തോടെയോ അറിവോടെയോ കൂടെയല്ല എന്നും അറിയിക്കുകയാണ് രേണു
സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയത വിഡിയോയിലാണ് ഒരുപാട് പേര്‍ അസുഖവിവരം അറിഞ്ഞ് ആശ്വസിപ്പിക്കുന്നും സഹായിക്കുന്നുമുണ്ടെന്നും എന്നാല്‍ തന്റെ ചികില്‍സയ്ക്കായി പണം പിരിക്കണമെന്ന് താന്‍ ആരോടും പറഞ്ഞിട്ടില്ലെന്നും രേണു വ്യക്തമാക്കുന്നത്. തന്നെ സ്‌നേഹിക്കുന്നവര്‍ തന്നെയോ അല്ലെങ്കില്‍ തന്റെ മാനേജരേയോ വിളിക്കാറുണ്ട്. അത്തരത്തില്‍ കോണ്‍ടാക്ട് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ നേരിട്ട് അല്ലെങ്കില്‍ മാനേജര്‍ വഴി ബന്ധപ്പെടണമെന്നും രേണു പറയുന്നു. താന്‍ ഒരിക്കലും ഒരു പിരിവ് ആവശ്യപ്പെടുന്ന വ്യക്തിയല്ലെന്നും രേണു വ്യക്തമാക്കി.
'ഒരുപാട് സ്‌നേഹമുള്ള ആളുകള്‍ എന്നെ കാണാന്‍ വന്നു. ദൂരെ നിന്ന് രേണു ഞങ്ങള്‍ കൂടെയുണ്ടെന്ന് പറയുന്നവരുമുണ്ട്. എന്റെ ജീവിതത്തിലെ പറഞ്ഞറിയിക്കാന്‍ പറ്റാത്ത സന്തോഷമാണിത്. ഒത്തിരി സന്തോഷമായി എന്നെ ജനങ്ങള്‍ ഇത്രത്തോളം സ്‌നേഹിക്കുന്നുണ്ടെന്ന് അറിഞ്ഞപ്പോള്‍. എന്റെ ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ ഘട്ടത്തിലാണ് കടന്നു പോകുന്നത്. ഒരുപാട് പേര്‍ എന്നെ ചേര്‍ത്തു നിര്‍ത്തുന്നു. എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല'- രേണു വിതുമ്പുന്നു.
തന്റെ അസുഖം സ്തനത്തില്‍ മാത്രമല്ല, കക്ഷം ഹൃദയ പേശികള്‍ അങ്ങിനെ മറ്റിടങ്ങളിലേക്കും വ്യാപിച്ചിട്ടുണ്ടെന്നും രേണു വ്യക്തമാക്കി. 'ചികിത്സയ്ക്ക് നല്ല തുകയാകും അതുകൊണ്ടാണ് സബ്‌സ്‌ക്രിപ്ഷനും യൂട്യൂബ് ചാനലും ഇപ്പോളും മുന്നോട്ട് മുന്നോട്ടു കൊണ്ടുപോകുന്നത്. ഇതില്‍ നിന്നാണ് പണം കണ്ടെത്തുന്നത്. ഇപ്പോള്‍ ജോലി ചെയ്യാന്‍ പറ്റത്തില്ല. ഈ പണം ഉണ്ടെങ്കിലേ തുടര്‍ ചികിത്സകളൊക്കെ നടത്താന്‍ പറ്റുകയുള്ളൂ. അപ്പോളും ഇത് തികയുമോ എന്നും അറിയില്ല'- രേണു പറയുന്നു.
ഒപ്പം തനിക്ക് വേണ്ടി പ്രാര്‍ഥിച്ചില്ലെങ്കിലും താന്‍ മരിച്ചെന്ന തരത്തില്‍ പ്രചരിക്കുന്ന പോസ്റ്റുകള്‍ പങ്കുവയ്ക്കരുതെന്നും രേണു പറയുന്നു. തന്റെ കുഞ്ഞ് മോന്‍ ഉള്‍പ്പെടെ തന്നെ സ്‌നേഹിക്കുന്ന ഒരുപാട് പേരുണ്ട് അവര്‍ക്ക് ഇതെല്ലാം കാണുമ്പോള്‍ വിഷമമാകുമെന്നും രേണു പറഞ്ഞു. 'മുന്നോട്ട് പോകാന്‍ വേണ്ടി എനിക്ക് ധൈര്യം നല്‍കാന്‍ നിങ്ങള്‍ പ്രാര്‍ഥിക്കുക. മറ്റൊന്നും എനിക്ക് പറയാനില്ല'- രേണു പറഞ്ഞു. തന്റെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക ലൈക്ക് ചെയ്യുക ഷെയര്‍ ചെയ്യുക, നന്ദി എന്ന് പറഞ്ഞാണ് രേണു സുധി വിഡിയോ അവസാനിപ്പിക്കുന്നത്.
ഇതിനിടെ രേണു സുധിയെ കുറിച്ച് താന്‍ ചെയ്ത വീഡിയോകളില്‍ നിന്ന് ലഭിച്ച വരുമാനത്തിന്റെ ഒരു വിഹിതം രേണുവിന് സാമ്പത്തിക സഹായമായി നല്‍കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് യുട്യൂബറായ സായ് കൃഷ്ണ (സീക്രട്ട് ഏജന്റ്). രേണുവിനെ കേന്ദ്രീകരിച്ച് 48-ഓളം കണ്ടന്റുകള്‍ താന്‍ നിര്‍മ്മിച്ചിട്ടുണ്ടെന്നും, അവയിലൂടെ മികച്ച രീതിയിലുള്ള വരുമാനം തനിക്ക് ലഭിച്ചിട്ടുണ്ടെന്നും സായ് കൃഷ്ണ വെളിപ്പെടുത്തി. നിലവില്‍ രേണു സുധി നേരിടുന്ന സങ്കീര്‍ണ്ണമായ ജീവിതസാഹചര്യത്തിലും അവരുടെ ആരോഗ്യപ്രശ്‌നങ്ങള്‍ക്കിടയിലും ഈ തുക കൈമാറുന്നത് ഒരു കണ്ടന്റ് ക്രിയേറ്റര്‍ എന്ന നിലയില്‍ തന്റെ കടമയാണെന്നാണ് സായ് കൃഷ്ണ വിശ്വസിക്കുന്നത്.
രേണുവിനെ വിമര്‍ശിച്ചും പിന്തുണച്ചും വിവിധ ഘട്ടങ്ങളിലായി താന്‍ ചെയ്ത വീഡിയോകള്‍ വലിയ രീതിയില്‍ ജനശ്രദ്ധ നേടിയിരുന്നു. ഒരു വ്യക്തിയുടെ ജീവിതത്തെ ആസ്പദമാക്കി താന്‍ സാമ്പത്തിക നേട്ടമുണ്ടാക്കിയ സാഹചര്യത്തില്‍, അവര്‍ക്കൊരു ബുദ്ധിമുട്ട് വരുമ്പോള്‍ തിരികെ സഹായിക്കേണ്ടത് അനിവാര്യതയാണെന്നും സായ് കൃഷ്ണ കൂട്ടിച്ചേര്‍ത്തു.