'പ്രേമലു' എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെ തെന്നിന്ത്യയൊട്ടാകെ വലിയ തരംഗം സൃഷ്ടിച്ച യുവനടന്‍ നസ്ലെന്‍ കെ. ഗഫൂര്‍ പുതിയ ആഡംബര കാര്‍ സ്വന്തമാക്കി. ബ്രിട്ടീഷ് വാഹന നിര്‍മ്മാതാക്കളായ ലാന്‍ഡ് റോവറിന്റെ റേഞ്ച് റോവര്‍ മോഡലാണ് താരം തന്റെ ഗാരേജിലെത്തിച്ചത്.
ലാന്‍ഡ് റോവറിന്റെ ഏറ്റവും പ്രീമിയം മോഡലുകളിലൊന്നായ 'റേഞ്ച് റോവര്‍ സ്‌പോര്‍ട്ട് ഓട്ടോബയോഗ്രഫി' ആണ് നസ്ലന്‍ ഗാരേജിലെത്തിച്ചിരിക്കുന്നത്. രണ്ട് കോടി രൂപയിലധികം എക്‌സ്-ഷോറൂം വിലവരുന്ന ഈ ആഡംബര എസ്യുവി, അത്യാധുനിക ഫീച്ചറുകള്‍ക്കും പെര്‍ഫോമന്‍സിനും പേരുകേട്ടതാണ്.
സിനിമയിലും സുവര്‍ണ്ണ കാലഘട്ടത്തിലൂടെയാണ് നസ്ലന്‍ കടന്നുപോകുന്നത്. കൈനിറയെ വമ്പന്‍ പ്രോജക്റ്റുകളാണ് താരത്തെ കാത്തിരിക്കുന്നത്. ജിത്തു മാധവന്‍ സംവിധാനം ചെയ്യുന്ന സൂര്യയുടെ 47-ാമത്തെ തമിഴ് ചിത്രത്തില്‍ സൂര്യയ്‌ക്കൊപ്പം നിര്‍ണായക വേഷത്തില്‍ നസ്ലന്‍ എത്തുന്നുണ്ട്. നസ്രിയ നസീം നായികയാവുന്ന ചിത്രം നിര്‍മ്മിക്കുന്നത് ജ്യോതികയുടെ ഴഗരം സ്റ്റുഡിയോസാണ്.
അതുപോലെ മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനാകുന്ന ബിഗ് ബജറ്റ് ചിത്രത്തില്‍ ആസിഫ് അലി, ലുക്മാന്‍ അവറാന്‍ എന്നിവര്‍ക്കൊപ്പം നസ്ലനും പ്രധാന വേഷത്തിലുണ്ട്. 'മാര്‍ക്കോ'യുടെ നിര്‍മാതാവ് ഷെരീഫ് മുഹമ്മദാണ് ചിത്രം ഒരുക്കുന്നത്. 'കുമ്പളങ്ങി നൈറ്റ്‌സി'ന് ശേഷം മധു സി. നാരായണന്‍ ഒരുക്കുന്ന പുതിയ ചിത്രത്തിലെ കേന്ദ്ര കഥാപാത്രവും നസ്ലന്‍ തന്നെ.
അമല്‍ നീരദ്, ഫഹദ് ഫാസില്‍, അന്‍വര്‍ റഷീദ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ബാച്ച്ലര്‍ പാര്‍ട്ടി സീക്വലില്‍ ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ഷൈന്‍ ടോം ചാക്കോ എന്നിവര്‍ക്കൊപ്പം നസ്ലനുമുണ്ട്. തരുണ്‍ മൂര്‍ത്തിയുടെ 'ടോര്‍പിഡോ'യില്‍ ഫഹദ് ഫാസില്‍, അര്‍ജുന്‍ ദാസ് എന്നിവര്‍ക്കൊപ്പവും, ആസിഫ് അലിയുടെ വമ്പന്‍ ആക്ഷന്‍ ചിത്രമായ 'ടിക്കി ടാക്ക'യിലും നസ്ലന്‍ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
മലയാളത്തിന് പുറമെ അന്യഭാഷകളിലേക്കും ചുവടുറപ്പിക്കുന്ന നസ്ലന്റെ കരിയറിലെ ഈ വളര്‍ച്ച ആരാധകര്‍ക്കും സിനിമാപ്രേമികള്‍ക്കും ഒരുപോലെ ആവേശം പകരുന്നതാണ്.