വിഖ്യാത നടന് നാനാ പടേക്കറിന്റെ അപ്രതീക്ഷിത വേര്പാടില് കടുത്ത ദുഃഖവും അനുശോചനവും രേഖപ്പെടുത്തി നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. ഇന്ത്യന് സിനിമയിലെ ഭാവാഭിനയത്തിന്റെ ചക്രവര്ത്തിയായ മഹാപ്രതിഭയായിരുന്നു നാനാ പടേക്കറെന്ന് അദ്ദേഹം അനുസ്മരിച്ചു. വെള്ളിത്തിരയിലെ വിസ്മയിപ്പിക്കുന്ന പ്രകടനങ്ങള്ക്ക് അപ്പുറം, സമൂഹത്തിലെ സാധാരണക്കാര്ക്കായി നിലകൊണ്ട ഉന്നതമായ വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേതെന്നും സുരേഷ് ഗോപി കുറിച്ചു. 'ഞാന് ഒരു അഭിനേതാവാണ്, താരമല്ല' എന്ന നാനാ പടേക്കറിന്റെ പ്രശസ്തമായ വാചകം ഉദ്ധരിച്ചാണ് സുരേഷ് ഗോപി ആദരാഞ്ജലികള് അര്പ്പിച്ചത്.
'നാം ഫൗണ്ടേഷന്' വഴി മഹാരാഷ്ട്രയിലുടനീളമുള്ള വരള്ച്ചബാധിതരായ കര്ഷകര്ക്കും ഗ്രാമീണ മേഖലകള്ക്കും കൈത്താങ്ങേകാന് നാനാ പടേക്കര് നടത്തിയ സമാന്തര സേവനങ്ങള് സുരേഷ് ഗോപി പ്രത്യേകമായി അനുസ്മരിച്ചു. അദ്ദേഹത്തിന്റെ വിയോഗം ഇന്ത്യന് ചലച്ചിത്ര ലോകത്തിന് നികത്താനാവാത്ത വലിയൊരു ശൂന്യതയാണെന്നും c കൂട്ടിച്ചേര്ത്തു.
സുരേഷ് ഗോപിയുടെ കുറിപ്പ്: 'ഭാവഭിനയത്തിന്റെ ചക്രവര്ത്തിയായ ഒരു മഹാപ്രതിഭയോട് ഇന്ത്യന് സിനിമ വിടപറയുന്നു. ഇന്ത്യന് സിനിമാ ചരിത്രത്തില്, വേറിട്ട ഭാവപ്രകടനങ്ങള് കൊണ്ട് ഇതുപോലെ കാന്തികശക്തിയോടെ, സമാനതകളില്ലാത്ത ആധിപത്യം സ്ഥാപിച്ചവര് അപൂര്വമാണ്. അദ്ദേഹത്തിന്റെ അഭിനയശൈലി വിശകലനം ചെയ്യുമ്പോള്, ആ ഭാവതീവ്രതയുടെ ആഴത്തെ അദ്ഭുതത്തോടെ നോക്കിക്കാണാന് മാത്രമേ സാധിക്കൂ. '
പരിന്ദ', 'ക്രാന്തിവീര്', 'തിരംഗ' എന്നീ ചിത്രങ്ങളിലെ പച്ചയായ, അവിസ്മരണീയമായ പ്രകടനങ്ങള് മുതല് 'നാട്സാമ്രാട്ട്' എന്ന ചിത്രത്തിലെ വികാരനിര്ഭരമായ മാസ്റ്റര്ക്ലാസ് അഭിനയം വരെ; അദ്ദേഹത്തിന്റെ സ്ഫോടനാത്മകമായ സംഭാഷണ ശൈലിയും വിട്ടുവീഴ്ചയില്ലാത്ത സാന്നിധ്യവും തലമുറകളിലുടനീളം മായാത്ത മുദ്ര പതിപ്പിച്ചു.
വെള്ളിത്തിരയ്ക്ക് അപ്പുറം, ആഴത്തിലുള്ള സഹാനുഭൂതിയും താഴെത്തട്ടിലുള്ള പ്രവര്ത്തനങ്ങളും കൊണ്ട് നിര്വ്വചിക്കപ്പെട്ട ഒരു വ്യക്തിത്വമായിരുന്നു അദ്ദേഹം. നാം ഫൗണ്ടേഷനിലൂടെ, മഹാരാഷ്ട്രയിലുടനീളമുള്ള വരള്ച്ചബാധിതരായ കര്ഷകരെയും ഗ്രാമീണ സമൂഹങ്ങളെയും കൈപിടിച്ചുയര്ത്താന് അദ്ദേഹം തനിക്കുള്ളതെല്ലാം നല്കി, ലക്ഷക്കണക്കിന് ആളുകളുടെ നിത്യമായ സ്നേഹവും ആദരവും നേടി. നാനാ പടേക്കറിന്റെ വിയോഗം ഇന്ത്യന് സിനിമയില് നികത്താനാവാത്ത ഒരു ശൂന്യതയാണ്, ആദരാഞ്ജലികള് ആ പ്രതിഭയ്ക്ക്'.
'ലോകം കണ്ട ഏറ്റവും മികച്ച അഭിനേതാക്കളില് ഒരാളായിരുന്നു അദ്ദേഹം. നൂറു ശതമാനം ജെന്റില്മാന്, നര്മ്മബോധമുള്ള മനുഷ്യന്, സ്വര്ണ്ണം പോലെ ഹൃദയമുള്ളയാള്' ഉഷാ ഉതുപ്പ് പറഞ്ഞു. അദ്ദേഹത്തെ മറ്റാരുമായും താരതമ്യം ചെയ്യാനാകില്ലെന്നും ഉഷാ ഉതുപ്പ് ഓര്ക്കുന്നു.