ജീവിതത്തില്‍ ചെറിയൊരു പ്രതിസന്ധി വന്നാല്‍ പോലും തളര്‍ന്നുപോകുന്നവരാണ് പലരും. മുന്നിലുള്ള വഴി അടഞ്ഞെന്ന് തോന്നുമ്പോള്‍ പിന്മാറും. എന്നാല്‍, ജീവിതം മുന്നോട്ടുതന്നെ കൊണ്ടുപോകണമെന്ന ഉറച്ച സന്ദേശമാണ് മലപ്പുറം സ്വദേശികളായ ഡോക്ടര്‍ സഹോദരിമാരുടെ കഥ നല്‍കുന്നത്. കുടുംബത്തെ പലതവണ തേടിയെത്തിയ കാന്‍സറിനുമുന്നില്‍ ഭയന്നുനില്‍ക്കാതെ, ചിരിയോടെ അതിനെ നേരിടുകയാണ് അവര്‍.
അമ്മയില്‍ തുടങ്ങിയ പോരാട്ടം പിന്നീട് രണ്ട് പെണ്‍മക്കളിലേക്കും എത്തി. കുടുംബത്തിലെ മൂന്ന് പേരെ കാന്‍സര്‍ ബാധിച്ചു. മൂത്ത സഹോദരി രോഗത്തെ അതിജീവിച്ചു. ഇപ്പോള്‍ രണ്ടാമത്തെ സഹോദരിയായ ഡോ. താര വി. കളരിക്കലിനാണ് ലുക്കീമിയ സ്ഥിരീകരിച്ചിരിക്കുന്നത്. ഒക്ടോബര്‍ അഞ്ചിനാണ് രോഗവിവരം സ്ഥിരീകരിച്ചത്.
ആ വാര്‍ത്ത കേട്ടപ്പോള്‍ ഞെട്ടിയെങ്കിലും, ജീവിതം അവിടെ അവസാനിക്കുന്നില്ലെന്ന് ഉറച്ചുവിശ്വസിക്കുകയാണ് ഇളയ സഹോദരിയായ ഡോ. ചിത്ര കളരിക്കലും കുടുംബവും. ആശുപത്രി വരാന്തയില്‍ ഇരുന്നുകൊണ്ട് രോഗവിവരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചപ്പോഴും അവരുടെ മുഖത്ത് ഭയത്തേക്കാള്‍ കൂടുതലുണ്ടായിരുന്നത് ആത്മവിശ്വാസമായിരുന്നു. 'വന്നത് വന്നു, ഇനി അതിനെ നേരിടുക'അതായിരുന്നു അവരുടെ നിലപാട്.
അമ്മയില്‍ നിന്നായിരുന്നു തുടക്കം
കുടുംബത്തിലെ കാന്‍സര്‍ പോരാട്ടം തുടങ്ങിയത് അമ്മയ്ക്ക് രോഗം സ്ഥിരീകരിച്ചതോടെയാണ്. ചികിത്സയുടെ കാലത്ത് ആശുപത്രിയില്‍ അമ്മയ്ക്കൊപ്പം ഏറെ സമയം ചെലവഴിച്ച മക്കള്‍ക്ക് കാന്‍സര്‍ എന്ന വാക്ക് അതുകൊണ്ടുതന്നെ അപരിചിതമായിരുന്നില്ല. അമ്മയുടെ മരണശേഷവും ആ രോഗത്തിന്റെ നിഴല്‍ കുടുംബത്തെ വിട്ടുപോയില്ല. പിന്നീട് മൂത്ത സഹോദരിക്കും കാന്‍സര്‍ സ്ഥിരീകരിച്ചു. ചികിത്സയിലൂടെ അവര്‍ രോഗത്തെ അതിജീവിച്ചു. ഇപ്പോള്‍ രണ്ടാമത്തെ സഹോദരിയായ താരയ്ക്കും രോഗം സ്ഥിരീകരിച്ചിരിക്കുന്നു. മൂന്ന് സഹോദരിമാരും ഡോക്ടര്‍മാരാണ്.
അതുകൊണ്ടുതന്നെ രോഗത്തെ വൈകാരികമായി മാത്രമല്ല, യാഥാര്‍ഥ്യ ബോധത്തോടെയും കാണാനാണ് അവര്‍ ശ്രമിക്കുന്നത്. ''എന്തെങ്കിലും കേട്ടുകഴിഞ്ഞാല്‍ അതിനെച്ചൊല്ലി വിലപിച്ചിരിക്കുന്നതിനോട് ഞങ്ങള്‍ക്ക് താല്‍പര്യമില്ല. അമ്മയ്ക്കായിരുന്നു ആദ്യം കാന്‍സര്‍ സ്ഥിരീകരിച്ചത്. അന്ന് മുതല്‍ തന്നെ ഇതെല്ലാം ഞങ്ങള്‍ കാണുന്നുണ്ട്. അമ്മയുടെ മരണശേഷവും കാന്‍സര്‍ കുടുംബത്തില്‍ തന്നെ കിടന്നു കറങ്ങുകയാണ്. പിന്നീടാണ് ചേച്ചിക്ക് വരുന്നത്. മൂത്ത ചേച്ചി കാന്‍സര്‍ അതിജീവിതയാണ്. രണ്ടാമത്തെ ആള്‍ക്കാണ് ഇപ്പോള്‍ സ്ഥിരീകരിച്ചത്,'' ഡോ. ചിത്ര പറയുന്നു.
ഒരു സാധാരണ ദിവസം പോലെ ആ വാര്‍ത്ത താരയ്ക്ക് രോഗം സ്ഥിരീകരിച്ച വിവരം കുടുംബത്തെ സംബന്ധിച്ച് തീര്‍ച്ചയായും ഞെട്ടിക്കുന്നതായിരുന്നു. എന്നാല്‍ ആ ഞെട്ടലിനെ ജീവിതത്തെ കീഴടക്കാന്‍ അനുവദിക്കരുതെന്ന് അവര്‍ തീരുമാനിച്ചു. സാധാരണ രക്തപരിശോധനയ്ക്കിടെയാണ് ചില വ്യത്യാസങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് കൂടുതല്‍ പരിശോധനകള്‍. ഓരോ പരിശോധനാ ഫലത്തിനും കാത്തിരിക്കുന്ന നിമിഷങ്ങള്‍ കുടുംബത്തിന് ആശങ്ക നിറഞ്ഞതായിരുന്നു. അവസാനം കൂടുതല്‍ പരിശോധനകള്‍ ആവശ്യമായി വന്നു. ഇപ്പോള്‍ ബോണ്‍ മാരോ പരിശോധനയ്ക്കുള്ള തയ്യാറെടുപ്പിലാണ് താര.
''രോഗവാര്‍ത്ത ഞെട്ടലോടെയാണ് കേട്ടത്. പക്ഷേ, അങ്ങനെ പേടിച്ചിട്ട് കാര്യമില്ലല്ലോ. മുന്നോട്ട് പോകണ്ടേ. ട്രീറ്റ്മെന്റ് വേണം. വെറുതെ രക്തം പരിശോധിച്ചപ്പോഴാണ് ചെറിയൊരു വ്യത്യാസം കാണുന്നത്. അതാണ് സംഭവങ്ങളുടെ തുടക്കം. പിന്നാലെ പരിശോധനകളുടെ ബഹളമായിരുന്നു. ബ്ലഡ് ടെസ്റ്റ്, മറ്റ് റിസള്‍ട്ടുകള്‍ ഇതെല്ലാം കാത്തിരിക്കുന്നതാണ് ഏറ്റവും പ്രയാസം. ഓരോന്ന് വരുമ്പോഴും ഉത്കണ്ഠയും ടെന്‍ഷനുമായിരുന്നു,'' ചിത്ര പറയുന്നു. രോഗം കൃത്യമായി വിലയിരുത്തിയശേഷം ചികിത്സ ആരംഭിക്കാനാണ് കുടുംബത്തിന്റെ തീരുമാനം.
കാന്‍സര്‍ ജീവിതത്തിന്റെ അവസാനമല്ല' കാന്‍സര്‍ എന്ന വാക്ക് കേള്‍ക്കുമ്പോള്‍ ഭയപ്പെടുന്നവരാണ് വലിയൊരു വിഭാഗം. രോഗത്തെക്കാള്‍ കൂടുതല്‍ ഭയമാണ് പലരെയും തളര്‍ത്തുന്നതെന്നും ചിത്ര പറയുന്നു. അതിനാലാണ് താരയുടെ രോഗവിവരം പങ്കുവച്ച വീഡിയോയിലും അവര്‍ ചിരിച്ചുകൊണ്ട് സംസാരിച്ചത്. രോഗത്തെ നിസാരവത്കരിക്കാനല്ല, അതിനെ ഭയന്ന് ജീവിതം അവസാനിപ്പിക്കരുതെന്ന സന്ദേശം നല്‍കാനാണ് ആ ചിരി.
''കാന്‍സര്‍ വലിയ പ്രശ്നമല്ലെന്നാണ് ഞങ്ങള്‍ പറയുക. ചികിത്സിച്ചാല്‍ മാറാവുന്നതാണ്. എല്ലാറ്റിനും പരിഹാരമുണ്ട്. അസുഖം എന്നുള്ളത് തലയില്‍ കയറ്റിവച്ച് വിഷമിക്കാന്‍ താല്‍പര്യമില്ല. അമ്മ, ചേച്ചി, താര... അതുകൊണ്ടുതന്നെ ഞങ്ങള്‍ മാനസികമായി ഓക്കെയായിരുന്നു. വന്നത് വന്നു, അതിനെ നേരിടുക. വെറുതെ സങ്കടപ്പെട്ടിട്ട് കാര്യമില്ല. പ്രാക്ടിക്കലായി വേണം രോഗത്തെ കാണാന്‍,'' ചിത്ര പറയുന്നു. അത് തന്നെയാണ് ഈ കുടുംബത്തിന്റെ ശക്തിയും. താരയുടെ രോഗവിവരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചപ്പോള്‍ അതിന് പിന്നില്‍ മറ്റൊരു ലക്ഷ്യം കൂടിയുണ്ടായിരുന്നു. കാന്‍സര്‍ സ്ഥിരീകരിച്ചാല്‍ ജീവിതം അവസാനിച്ചുവെന്ന തോന്നലില്‍ കഴിയുന്നവര്‍ക്ക് പ്രതീക്ഷ നല്‍കുക. ''കാന്‍സറിനെ വലിയ പ്രശ്നമായി കാണുന്ന വലിയൊരു വിഭാഗം ഇന്നുമുണ്ട്. പേടിയാണ് പ്രധാനമായും ഇവര്‍ക്കുള്ളത്. പേടിച്ചതുകൊണ്ട് എന്താണ് ഗുണം? വളരെ സന്തോഷത്തോടെ ഈ വീഡിയോ പങ്കുവച്ചത് അങ്ങനെയുള്ളവര്‍ക്ക് ധൈര്യം പകരാനാണ്. പോസിറ്റിവിറ്റി ചുറ്റുപാടിലേക്ക് കൈമാറാനാണ് ഞങ്ങള്‍ക്ക് ഇഷ്ടം,'' ചിത്ര പറയുന്നു. രോഗത്തോട് പൊരുതുമ്പോഴും ജീവിതം മുന്നോട്ടു കൊണ്ടു പോകണമെന്നതാണ് അവര്‍ പറയുന്നത്
'ഇതൊന്നും ജീവിതത്തിന്റെ അവസാനമല്ല. മുന്നോട്ട് ജീവിക്കണം... നല്ല ധൈര്യത്തോടെ. ഇതും കടന്നുപോകുമെന്ന് ഉറപ്പിക്കണം. കാന്‍സര്‍ വന്നത് ജീവിതത്തിന്റെ അവസാനമാണ് എന്ന ചിന്ത ഉപേക്ഷിക്കണം.'' ഒരു വീഡിയോ... നിരവധി പേരുടെ പരിശോധന സമൂഹമാധ്യമത്തില്‍ വീഡിയോ പങ്കുവച്ചതിന് പിന്നാലെ നിരവധി പേരില്‍ നിന്ന് ചിത്രയ്ക്ക് സന്ദേശങ്ങളെത്തി. വീഡിയോ കണ്ടശേഷം കാന്‍സര്‍ പരിശോധന നടത്തിയവരും അതിലുണ്ടായിരുന്നു. അത് ഈ കുടുംബത്തിന് വലിയ സന്തോഷമായി. പലരും സാധാരണ ആരോഗ്യപരിശോധനകള്‍ പോലും നടത്താറില്ല. രക്തത്തിലെ ചെറിയ വ്യത്യാസങ്ങള്‍ പോലും കൃത്യസമയത്ത് പരിശോധിച്ചാല്‍ കൂടുതല്‍ പരിശോധനകള്‍ക്ക് വഴിയൊരുക്കാനും രോഗം നേരത്തെ കണ്ടെത്താനും സാധിക്കുമെന്ന ബോധവത്കരണം ആവശ്യമാണ്.
അതുകൊണ്ടുതന്നെ താരയുടെ ചികിത്സയുടെ ഓരോ ഘട്ടവും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാനാണ് കുടുംബത്തിന്റെ തീരുമാനം. സ്വന്തം അനുഭവം മറ്റൊരാള്‍ക്ക് നേരത്തെയുള്ള പരിശോധനയ്ക്കും ചികിത്സയ്ക്കും പ്രചോദനമാകുമെങ്കില്‍ അതിനേക്കാള്‍ വലിയ കാര്യമില്ലെന്നാണ് ഇവരുടെ നിലപാട്. രോഗത്തോട് മാത്രമല്ല, ഭയത്തോടും പോരാട്ടം രോഗത്തോടുള്ള പോരാട്ടത്തിനൊപ്പം അതിനെക്കുറിച്ചുള്ള ഭയത്തോടും പോരാടുകയാണ് ഈ മൂന്ന് സഹോദരിമാര്‍. അമ്മയുടെ രോഗകാലത്ത് കണ്ടതും അനുഭവിച്ചതും പിന്നീട് മൂത്ത സഹോദരിയുടെ ചികിത്സാകാലത്ത് നേരിട്ടതും ഇപ്പോള്‍ താരയുടെ ചികിത്സയിലേക്ക് നീളുകയാണ്. ഓരോ ഘട്ടത്തിലും കുടുംബം പരസ്പരം താങ്ങായി നില്‍ക്കുന്നു.
രോഗവിവരം അറിഞ്ഞ ആദ്യ നിമിഷത്തിലെ ഞെട്ടലിനപ്പുറം ഇപ്പോള്‍ മുന്നിലുള്ളത് ചികിത്സയും പ്രതീക്ഷയുമാണ്. ബോണ്‍ മാരോ പരിശോധനയും തുടര്‍ന്ന് ആവശ്യമായ ചികിത്സകളും കാത്തിരിക്കുമ്പോള്‍ ചിത്രയുടെ വാക്കുകള്‍ക്ക് വലിയൊരു ജീവിതസന്ദേശമുണ്ട്: 'ഒരു ജീവിതമേ ഉള്ളൂ. അത് നന്നായി ആസ്വദിച്ച് ജീവിക്കണം. പ്രശ്നങ്ങളെല്ലാം കടന്നുപോകും' കാന്‍സറിനെക്കുറിച്ചുള്ള ഭയം മാത്രം സംസാരിക്കുന്നിടത്ത്, രോഗത്തിനുമുന്നില്‍ ചിരിച്ചുനില്‍ക്കാനും ചികിത്സയെ നേരിടാനും കഴിയുമെന്ന് സ്വന്തം ജീവിതത്തിലൂടെ കാണിക്കുകയാണ് ഈ കുടുംബം.
അമ്മയില്‍ തുടങ്ങി, രണ്ട് പെണ്‍മക്കളിലേക്ക് എത്തിയ കാന്‍സറിന്റെ കഥയാണിത്. പക്ഷേ, അത് തോല്‍വിയുടെ കഥയാകണമെന്നില്ല. ഭയത്തിന് മുന്നില്‍ കീഴടങ്ങാതെ പ്രതീക്ഷയോടെ മുന്നോട്ട് പോകുന്ന മൂന്ന് ഡോക്ടര്‍ സഹോദരിമാരുടെ അതിജീവനത്തിന്റെ കഥയാകട്ടെ.നിരവധി പേരാണ് വീഡിയോ ഷെയര്‍ ചെയ്ത് സഹോദരിമാരുടെ ജീവിത വീക്ഷണത്തെയും ഇച്ഛാശക്തിയെയും ധൈര്യത്തെയും പ്രശംസിക്കുന്നത്.