സിനിമകളിലും സീരിയലുകളിലുമെലാം നിറഞ്ഞുനിന്ന നടിയാണ് മായാ മൗഷ്മി. എന്നാല്‍ പെട്ടെന്നൊരുനാള്‍ മായയെ സ്‌ക്രീനില്‍ നിന്നും കാണാതായി. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് മായയെ പിന്നീട് കാണുന്നത്. ആ വലിയ ഇടവേളയിലേക്ക് മായയെ നയിച്ചത് അപ്രതീക്ഷിതമായി കടന്നു വന്ന അപൂര്‍വ്വ രോഗമായിരുന്നു. തിരുവനന്തപുരം സ്വദേശിനിയാണ് മായ. ബാംഗാളി നടി മൗഷ്മി ചാറ്റര്‍ജിയുടെ പേരില്‍ നിന്നാണ് മൗഷ്മി എന്ന വാല്‍ പേരുണ്ടായത്. അച്ഛന്‍ ജി.ആര്‍. നാഥ് നേവിയിലായിരുന്നതിനാല്‍ മായ ജനിച്ചത് ആന്‍ഡമാനിലാണ്. കൊച്ചിയിലും വിശാഖപട്ടണത്തും കോയമ്പത്തൂരിലും തിരുവനന്തപുരത്തുമായി പഠിച്ച് മായക്ക് 15 വയസ്സുളളപ്പോള്‍ അച്ഛന്‍ നേവിയില്‍ നിന്ന് വി.ആര്‍.എസ് എടുത്ത് പോരുകയായിരുന്നു.
കോളജ് പഠനം കഴിഞ്ഞയുടന്‍ വിവാഹവും. ഭര്‍ത്താവ് വിദേശത്തായിരുന്നു. മകന്‍ അമന് രണ്ടേ കാല്‍ വയസ്സുളളപ്പോളാണ് അഭിനയത്തിലേക്ക് വരുന്നത്. അക്കാലത്ത് ഒരേ സമയം എട്ടു സീരിയലുകളില്‍ വരെ അഭിനയിച്ചിട്ടുണ്ട്. അങ്ങനെ തിരക്കില്‍ പെട്ട് ഓടവേയാണ് കുടുംബജീവിതത്തില്‍ അസ്വാരസ്യങ്ങളുണ്ടായത്. ചെയ്യാത്ത കാര്യങ്ങളുടെ പേരില്‍ കുറ്റപ്പെടുത്തലുകള്‍ വന്നപ്പോള്‍ മുന്നോട്ട് പോകാന്‍ കഴിയാതെയായി. ആയിടയ്ക്കാണ് മായയുടെ ജീവിതം മാറ്റി മറിച്ച കണ്ണിനെ ബാധിച്ച രോഗമുണ്ടാകുന്നത്. 2013ലായിരുന്നു അത്. കണ്ണിനെ സ്റ്റെഫാല കോക്കസ് എന്ന ബാക്ടീരിയ ബാധിച്ചതാണ് പ്രശ്‌നമായത്. അസഹ്യമായ വേദനയായിരുന്നു. വെയിലും ചൂടും പറ്റില്ല. കണ്ണില്‍ നിന്നും പേസ്റ്റ് രൂപത്തില്‍ പീള വരും. കണ്ണിന്റെ സോക്കറ്റ് മുഴുവന്‍ നിറയും. മുഖത്ത് വെളിച്ചം പോലും അടിക്കാന്‍ പാടില്ല. വെയിലും ചൂടുമൊന്നും കൊള്ളാന്‍ പാടില്ലായിരുന്നു. ക്രമേണ മായയുടെ കാഴ്ച മങ്ങി.
പകരാനുള്ള സാധ്യത വളരെ കൂടുതലായതോടെ മായയുടെ ജീവിതം അടച്ചിട്ട മുറിയിലേക്ക് ചുരുക്കപ്പെട്ടു. കൊറോണയ്ക്കും മുമ്പേ മായ ക്വാറന്റീന്‍ ജീവിതം അനുഭവിച്ചു തുടങ്ങിയിരുന്നു. ദിവസങ്ങളും ആഴ്ചകളുമല്ല ഒരു വര്‍ഷത്തോളം മുറിക്കുള്ളില്‍ അടച്ചിരിക്കുകയായിരുന്നു മായ. കണ്ടു നില്‍ക്കാന്‍ പോലും സാധിക്കാനാകാത്ത അത്ര ദയനീമായിരുന്നു മായയുടെ അവസ്ഥ. ഇതോടെ അടുപ്പമുണ്ടായിരുന്നവരും അകന്നു. അക്കാലത്ത് തന്നെ സ്ഥിരമായി വിളിക്കുകയും പിന്തുണ നല്‍കുകയും ചെയ്തത് നടന്‍ പ്രേം പ്രകാശായിരുന്നു. ആരോഗ്യ പ്രശ്‌നങ്ങള്‍ക്കിടെ അച്ഛന്റെ സാമ്പത്തിക പ്രശ്‌നങ്ങളും മായയുടെ ജീവിതത്തെ സാരമായി ബാധിച്ചിരുന്നു.
ബിസിനസില്‍ കൂടെ ഉണ്ടായിരുന്നവര്‍ ചതിച്ചതോടെ അച്ഛന് നഷ്ടായത് 52 ലക്ഷം രൂപയാണ്. പ്രതിസന്ധി ഘട്ടത്തില്‍ ആരും അദ്ദേഹത്തിനൊപ്പം നിന്നില്ല. തന്റെ സ്വര്‍ണം വിറ്റ് അച്ഛന്റെ കടങ്ങള്‍ തീര്‍ക്കാന്‍ മായ സഹായിച്ചു. തന്റെ സമ്പാദ്യമെല്ലാം മായ അച്ഛനു നല്‍കി. സ്വത്തെല്ലാം വിറ്റു. പക്ഷെ കടവും ബാധ്യതകളും തീര്‍ന്നില്ല. ഒരു ദിവസം, ദൂരെയൊരു ഗൃഹപ്രവേശനത്തില്‍ പങ്കെടുക്കാനുണ്ടെന്ന് പറഞ്ഞ് വീട്ടില്‍ നിന്നും അതിരാവിലെ ഇറങ്ങിയ അച്ഛനെ പിന്നെ കാണുന്നത്, മതിലിനോട് ചേര്‍ന്നുള്ള റെയിലില്‍ തൂങ്ങി മരിച്ച നിലയിലാണ്.
ജീവിതത്തില്‍ ആകെ തകര്‍ന്നു നില്‍ക്കുന്ന സമയത്താണ് മായയെ തേടി വിപിന്‍ എത്തുന്നത്. അച്ഛനുണ്ടായിരുന്ന സമയത്തും വിപിന്‍ വിവാഹാലോചനയുമായി വന്നിരുന്നുവെങ്കിലും അന്ന് വിവാഹത്തിന് മായയും വീട്ടുകാരും തയ്യാറായിരുന്നില്ല. ഒരു മാല പോലും വാങ്ങി നല്‍കാനാകില്ലെന്ന് പറഞ്ഞായിരുന്നു അവര്‍ ആലോചന നിരസിച്ചത്. പക്ഷെ എല്ലാം നഷ്ടപ്പെട്ടു നില്‍ക്കുമ്പോഴും തന്നെ സ്‌നേഹിക്കുവാന്‍ വിപിന് സാധിക്കുന്നുവെന്നത് മായയുടെ മനസ് മാറ്റി. അവര്‍ വിവാഹിതരായി. പതിയെ മായ ജീവിതം തിരികെ പിടിച്ചു. 12 വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം മിഴി രണ്ടിലും എന്ന പരമ്പരയിലൂടെ 2023 ല്‍ മായ തിരിച്ചുവന്നു. അഭിനയത്തില്‍ സജീവമായി. മകളായിരുന്നു അമ്മയെ തിരിച്ചുവരാന്‍ പ്രോത്സാഹിപ്പിച്ചത്.