ബിഗ് ബോസ് താരവും ബി.ജെ.പി നേതാവുമായ ഡോ. റോബിന്‍ രാധാകൃഷ്ണനും മുന്‍ ബിഗ് ബോസ് മത്സരാര്‍ഥിയായ വേദ ലക്ഷ്മിയും തമ്മിലുള്ള സാമ്പത്തിക ആരോപണങ്ങളും വിവാദങ്ങളും രണ്ട് ദിവസമായി സോഷ്യല്‍മീഡിയയില്‍ നിറയുകയാണ്. പുറത്ത് വന്ന ശബ്ദരേഖകള്‍ക്കും തനിക്കെതിരെയുള്ള സാമ്പത്തിക ആരോപണങ്ങള്‍ക്കും മറുപടി നല്കുകയാണ് ഡോ. റോബിന്‍ രാധാകൃഷ്ണന്‍ ഇപ്പോള്‍.
ബിഗ്ബോസ് മത്സരാര്‍ഥിയായിരുന്നന്ന വേദ് ലക്ഷ്മിയും കേരള ഫാഷന്‍ ലീഗ് ഉടമ അബില്‍ദേവും ചേര്‍ന്ന് കൃത്രിമമായി നിര്‍മിച്ച എഡിറ്റഡ് ഓഡിയോകളും വ്യാജ പ്രചാരണങ്ങളും ഉപയോഗിച്ച് തന്നില്‍ നിന്ന് ലക്ഷക്കണക്കിന് രൂപ തട്ടിയെടുക്കാനും രാഷ്ട്രീയമായി തകര്‍ക്കാനും ശ്രമിക്കുകയാണെന്ന് റോബിന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. കേസുമായി ബന്ധപ്പെട്ട് താന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ തയാറാകാത്തവര്‍, സോഷ്യല്‍ മീഡിയയിലൂടെ മാത്രമാണ് ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് റോബിന്‍ ചൂണ്ടിക്കാട്ടി.
2024-ലുണ്ടായ താല്‍ക്കാലിക സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മുതലെടുത്താണ് അബില്‍ദേവ് വഴി വേദ് ലക്ഷ്മി തന്റെ ജീവിതത്തിലേക്ക് വരുന്നതും, പിന്നീട് തനിക്കെതിരെ ഭീഷണിയുമായി രംഗത്തെത്തുന്നതുമെന്ന് റോബിന്‍ പറയുന്നു.
ഇന്‍കം ടാക്‌സ് കൃത്യമായി അടയ്ക്കുന്ന തന്റെ അക്കൗണ്ടുകളില്‍ യാതൊരുവിധ അനധികൃത ഇടപാടുകളും നടന്നിട്ടില്ലെന്ന് ബാങ്ക് സ്റ്റേറ്റ്മെന്റുകള്‍ ഉയര്‍ത്തിക്കാട്ടി വ്യക്തമാക്കിയ അദ്ദേഹം, വിഷയത്തില്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും സോഷ്യല്‍ മീഡിയ നാടകങ്ങള്‍ക്ക് പകരം ധൈര്യമുണ്ടെങ്കില്‍ വേദ് ലക്ഷ്മിയും സംഘവും നിയമപരമായി സ്റ്റേഷനിലെത്തി കാര്യങ്ങളെ നേരിടണമെന്നും തുറന്നടിച്ചു.
റോബിന്‍ രാധാകൃഷ്ണന്‍ പ്രസ് മീറ്റില്‍ പറഞ്ഞത്:
സമൂഹ മാധ്യമങ്ങളില്‍ പരക്കുന്ന ഒരു വിഷയത്തില്‍ ക്ലാരിഫിക്കേഷന്‍ നല്‍കാനാണ് ഈ പത്രസമ്മേളനം. സത്യത്തില്‍ ഇതില്‍ നിയമപരമായ എല്ലാ കാര്യങ്ങളും ഞാന്‍ ഓള്‍റെഡി ചെയ്തു കഴിഞ്ഞതാണ്. മുന്‍പും പരാതി നല്‍കിയിരുന്നു, അടുത്തിടെയും പരാതി കൊടുത്തു. ഇന്ന് രാവിലെ പോലും ഞാന്‍ പൊലീസ് സ്റ്റേഷനില്‍ പോയിരുന്നു. എന്നാല്‍ ആരോപണം ഉന്നയിക്കുന്നവര്‍ പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടാനോ അവിടെ വരാനോ തയ്യാറായിട്ടില്ല, സമയം ഇല്ലെന്നാണ് അവര്‍ പറയുന്നത്. ശക്തമായ ഒരു നിയമവ്യവസ്ഥ ഇവിടെയുള്ളപ്പോള്‍, സോഷ്യല്‍ മീഡിയയില്‍ വന്നു വിശദീകരണം നല്‍കേണ്ടി വരുന്നത് വിഷമകരമായ കാര്യമാണ്. എങ്കിലും എന്റെ ഭാഗത്തു നിന്നുള്ള കാര്യങ്ങള്‍ ജനങ്ങള്‍ അറിയണമെന്ന് തോന്നിയതുകൊണ്ടാണ് ഞാന്‍ ഈ പ്രസ് മീറ്റ് വിളിച്ചത്.
ഞാന്‍ ഒരു ഡോക്ടറാണ്. അത്യാവശ്യം കുഴപ്പമില്ലാത്ത ഒരു സാമ്പത്തിക പശ്ചാത്തലമുള്ള കുടുംബത്തിലാണ് ജനിച്ചത്. ബിഗ് ബോസ് വരെയൊക്കെ വലിയ സാമ്പത്തിക പ്രശ്‌നങ്ങള്‍ ഒന്നുമില്ലാതെയാണ് പോയത്. ബിഗ് ബോസിന് ശേഷവും നല്ല രീതിയില്‍ തന്നെ സമ്പാദിക്കാന്‍ സാധിച്ചിരുന്നു. എന്നാല്‍ 2024-ല്‍ ചെറിയ രീതിയില്‍ ഒരു സാമ്പത്തിക പ്രശ്‌നം വന്നു. അംബാനിക്ക് വരെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ വരാറുണ്ട്, ഫണ്ട് കുറയുമ്പോള്‍ മേടിക്കുന്നതും തിരിച്ചു കൊടുക്കുന്നതുമൊക്കെ മനുഷ്യര്‍ക്കിടയില്‍ സാധാരണമാണ്. ഇവിടെ എന്റെ പേരില്‍ നിലനില്‍ക്കുന്ന ആരോപണം, വേദ് ലക്ഷ്മി എന്ന് പറയുന്നയാള്‍ക്ക് ഞാന്‍ കാശ് കൊടുക്കാനുണ്ടെന്നാണ്. അതല്ലാതെ കൊലപാതകം, പോക്‌സോ, റേപ്പ്, ഡ്രഗ് യൂസ് തുടങ്ങിയ യാതൊരുവിധ ക്രിമിനല്‍ കുറ്റങ്ങളും ഞാന്‍ ചെയ്തിട്ടില്ല.
ഈ വേ് ദലക്ഷ്മിയെ ഞാന്‍ അറിയുന്നത് കേരള ഫാഷന്‍ ലീഗിന്റെ ഓണറായ അബില്‍ദേവ് വഴിയാണ്. അയാള്‍ ഒരു പീഡനക്കേസിലെ പ്രതിയാണ്, ഒന്നു തിരഞ്ഞു കഴിഞ്ഞാല്‍ ആര്‍ക്കും മനസ്സിലാകും. കഴിഞ്ഞ ഫെബ്രുവരിയില്‍ കോണ്‍ഫിഡന്‍സ് ഗ്രൂപ്പിന്റെ പരേതനായ റോയി സാറിന്റെ പിറന്നാളിനു ക്ഷണിക്കാനാണ് അബില്‍ദേവ് എന്നെ വിളിക്കുന്നത്. എന്റെ കല്യാണ ദിവസമായതിനാല്‍ എനിക്ക് പോകാന്‍ പറ്റിയില്ല. പിന്നീട് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ തീര്‍ക്കാന്‍ എന്തെങ്കിലും ബ്രാന്‍ഡിങ് വര്‍ക്കുകള്‍ ചെയ്യാന്‍ റോയി സാറുമായി കണക്ട് ചെയ്യാമോ എന്ന് ഞാന്‍ ചോദിച്ചു. അപ്പോഴാണ് അബില്‍ദേവ് പറയുന്നത്, തന്റെ സുഹൃത്തായ യുകെ ബേസ്ഡ് വേദ് ലക്ഷ്മി എന്നൊരു പെണ്‍കുട്ടി ബിഗ് ബോസില്‍ കയറാന്‍ ശ്രമിക്കുന്നുണ്ടെന്നും, അവരെ മാക്‌സിമം സപ്പോര്‍ട്ട് ചെയ്ത് വിഡിയോകള്‍ ചെയ്യണമെന്നും.
ലക്ഷ്മിയെ എനിക്ക് വ്യക്തിപരമായി അറിയില്ലായിരുന്നു. അങ്ങനെ ഇരുവരും എന്റെ ബോട്ടിക്കില്‍ വരികയും ബര്‍ത്ത്ഡേ ആഘോഷിക്കുകയും ചെയ്തു. അബില്‍ദേവ് എന്നെ സ്വന്തം അനിയനെപ്പോലെ കാണുന്നു എന്ന് പറഞ്ഞാണ് കൂടെക്കൂടിയത്. പിന്നീട് ബിഗ് ബോസ് സമയത്ത് വ്യക്തിപരമായി താല്പര്യമില്ലാതിരുന്നിട്ടും ഇയാളുടെ ഫിനാന്‍ഷ്യല്‍ സപ്പോര്‍ട്ട് കാരണവും ഫോഴ്‌സ് ചെയ്തതുകൊണ്ടും വേദ് ലക്ഷ്മിയെ സപ്പോര്‍ട്ട് ചെയ്യേണ്ടി വന്നു. എന്നാല്‍ ആദില-നൂറമാരുെട ഗസ്റ്റ് സ്റ്റേറ്റ്‌മെന്റിന്റെ സമയത്ത് സപ്പോര്‍ട്ട് ചെയ്യാന്‍ പറ്റില്ല എന്ന് ഞാന്‍ പബ്ലിക്കായി തന്നെ പറഞ്ഞിരുന്നു.
2025 ജൂണ്‍-ജൂലൈ സമയത്താണ് ഇവര്‍ ഫണ്ട് ട്രാന്‍സ്ഫര്‍ ചെയ്തു തുടങ്ങുന്നത്. എന്നാല്‍ എന്റെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുമ്പോള്‍, തിരിച്ച് മറ്റ് പലരുടെയും അക്കൗണ്ട് ഡീറ്റെയില്‍സ് തന്നാണ് അങ്ങോട്ട് അയയ്ക്കാന്‍ ആവശ്യപ്പെട്ടിരുന്നത്. അഞ്ജലി ജെ നായര്‍, നവീന്‍ തുടങ്ങി എനിക്ക് പരിചയം പോലുമില്ലാത്ത ആളുകളുടെ അക്കൗണ്ടുകളിലേക്കാണ് ഞാന്‍ ഫണ്ട് അയച്ചു കൊടുത്തത്. സുഹൃത്തുക്കളല്ലേ എന്ന് വിചാരിച്ച് ഞാന്‍ അത് വിശ്വസിച്ചു. വേദ് ലക്ഷ്മിയുടെ അക്കൗണ്ടില്‍ നിന്ന് ഒരേയൊരു തവണ മാത്രമാണ് എനിക്ക് പണം വന്നത്. തുടക്കത്തില്‍ ധന്യശ്രീ എന്നൊരാളുടെ അക്കൗണ്ടിലേക്കാണ് ഫണ്ട് അയക്കാന്‍ അവര്‍ ആവശ്യപ്പെട്ടത്. ഈ സെക്കന്‍ഡ് വരെ വേദ് ലക്ഷ്മിയുടെ സ്വന്തം അക്കൗണ്ട് ഡീറ്റെയില്‍സ് എനിക്ക് അയച്ചു തന്നിട്ടില്ല. തരാനുള്ള കാശ് ചോദിക്കുന്ന ഒരാള്‍ എന്തുകൊണ്ടാണ് സ്വന്തം അക്കൗണ്ട് വിവരം തരാത്തത്?
ഇതിനിടയില്‍ എനിക്ക് പണത്തിന്റെ ആവശ്യമുണ്ടെന്ന് കാണിച്ച് ഉടന്‍ തിരിച്ചുകൊടുക്കാം എന്ന് പറയുന്ന രീതിയിലുള്ള സെല്‍ഫി വിഡിയോകള്‍ ഇവര്‍ ആവശ്യപ്പെട്ടു. സുഹൃത്തല്ലേ എന്ന് കരുതി മൂന്നോ നാലോ വിഡിയോകള്‍ ഞാന്‍ അയച്ചുകൊടുത്തു. ഈ വിഡിയോകളും വോയ്‌സുകളും വച്ചാണ് പിന്നീട് ഭീഷണി തുടങ്ങിയത്. ഇലക്ഷന്‍ സമയത്ത് ഞാന്‍ പോകുന്നതിന് തൊട്ടുമുന്‍പ്, ഇവരുടെ വീട്ടില്‍ വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തി ഒരു വിഡിയോ ചെയ്യിപ്പിച്ചു. വേദ് ലക്ഷ്മിയാണ് അവിടെ സിസിടിവിയുള്ള റൂമില്‍ അത് ഷൂട്ട് ചെയ്തത്. അതിനുശേഷം ഇലക്ഷന്‍ സമയത്ത് ഞാന്‍ അഴിമതിക്കാരന്‍ ആണെന്ന് പറഞ്ഞ് പൊളിറ്റിക്കലി വേദ് ലക്ഷ്മി സ്റ്റോറികള്‍ ഇട്ടു. ആദ്യം 36 ലക്ഷം, പിന്നെ 45 ലക്ഷം, ഇപ്പോള്‍ 75 ലക്ഷം എന്നിങ്ങനെയാണ് ഇവര്‍ ചോദിക്കുന്നത്. ഇലക്ഷന് പോയപ്പോള്‍ എനിക്ക് ഒരുപാട് കാശ് കിട്ടി എന്നാണ് ഇവര്‍ വിചാരിക്കുന്നത്. എന്നാല്‍ ഒരു രൂപ പോലും ഞാന്‍ അങ്ങോട്ട് കൊടുക്കുകയോ ഇവരില്‍ നിന്ന് വാങ്ങുകയോ ചെയ്തിട്ടില്ല.
ഭീഷണി സഹിക്ക വയ്യാതെ 2026 ജനുവരി 31-ന് ഞാന്‍ കമ്മിഷണര്‍ക്കും തുമ്പ പൊലീസ് സ്റ്റേഷനിലും പരാതി നല്‍കി. അവിടെയുള്ള എസ്.എച്ച്.ഒ അബില്‍ദേവിനെയും വേദലക്ഷ്മിയെയും വിളിച്ചെങ്കിലും അവര്‍ വന്നില്ല. കാര്യങ്ങള്‍ ജെനുവിന്‍ ആണെങ്കില്‍ പൊലീസിന് മുന്നില്‍ വന്ന് ട്രാന്‍സാക്ഷന്‍ കാണിക്കുകയല്ലേ വേണ്ടത്? പരാതി കൊടുത്തതിന് പിന്നാലെ ഇലക്ഷന്‍ തിരക്കുകളായി, അതിനിടയില്‍ എന്റെ അമ്മയ്ക്ക് സുഖമില്ലാതായി. രണ്ടു മൂന്നു മാസം അമ്മയുടെ ചികിത്സയുമായി ബന്ധപ്പെട്ട് തിരക്കിലായിരുന്നു. കഴിഞ്ഞ ജൂണ്‍-ജൂലൈ മൂന്നാം തീയതി അമ്മ മരണപ്പെട്ടു. അമ്മയുടെ മരണശേഷം ഞാന്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും സജീവമായി വര്‍ക്കുകള്‍ ചെയ്യാന്‍ തുടങ്ങിയതോടെ ഇവരുടെ ഭീഷണി വീണ്ടും തുടങ്ങി.
എന്റെ ബ്രാന്‍ഡിങ് ഉള്ള സ്ഥലങ്ങളിലെല്ലാം വിളിച്ച് ഞാന്‍ പണം നല്‍കാനുണ്ടെന്ന് പറഞ്ഞ് വര്‍ക്കുകള്‍ മുടക്കാന്‍ ഇവര്‍ ശ്രമിച്ചു. ബിജെപി ജനറല്‍ സെക്രട്ടറിയെ വരെ വിളിച്ചു പറഞ്ഞു. മാത്രമല്ല, ഒരു വര്‍ഷം മുന്‍പ് ഞാന്‍ ബിജെപിയില്‍ ചേരുന്നതിന് മുന്‍പ് സുഹൃത്തുക്കളോട് സംസാരിച്ച സാധാരണ വോയ്‌സ് ക്ലിപ്പുകള്‍ എഐ സൗണ്ട് മോഡുലേഷന്‍ വരുത്തി, കട്ട് ചെയ്ത് എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചു. അന്ന് എനിക്ക് ബിജെപിയെ പറ്റി എബിസിഡി അറിയില്ലായിരുന്നു, ജനങ്ങള്‍ക്കും എനിക്കും രാജ്യത്തിനും വേണ്ടി പ്രവര്‍ത്തിക്കാനാണ് ഞാന്‍ വന്നത് എന്നാണ് അന്നും പറഞ്ഞത്, ഇന്നും അതില്‍ തന്നെയാണ് നിലനില്‍ക്കുന്നത്. എനിക്ക് ബിജെപിയെ ഇഷ്ടമാണ്, ഞാന്‍ പാര്‍ട്ടിയില്‍ തുടരുകയും ചെയ്യും. വര്‍ഗീയ വാദികളെന്നത്, അതെല്ലാവരും പറയുന്നതല്ലേ.
എന്റെ അക്കൗണ്ട് വിവരങ്ങള്‍ ചോദിച്ചവര്‍ക്കായി കഴിഞ്ഞ രണ്ടര വര്‍ഷത്തെ പഞ്ചാബ് നാഷ്‌നല്‍ ബാങ്ക് സ്റ്റേറ്റ്‌മെന്റ് ഞാന്‍ കാണിക്കാം. ഈ അക്കൗണ്ടില്‍ ഒരു കോടി 44 ലക്ഷം രൂപയുടെ ട്രാന്‍സാക്ഷന്‍ നടന്നിട്ടുണ്ട്. എന്റെ എച്ച്ഡിഎഫ്‌സി ബാങ്ക് അക്കൗണ്ടില്‍ കഴിഞ്ഞ ആറു മാസത്തിനിടെ ഒരു കോടി പത്തു ലക്ഷം രൂപയുടെ ട്രാന്‍സാക്ഷനും നടന്നിട്ടുണ്ട്. കൃത്യമായി ഇന്‍കം ടാക്‌സ് ഫയല്‍ ചെയ്യുന്ന ആളാണ് ഞാന്‍. ഇതിലൊന്നും ഒരു രൂപയുടെ പോലും ഹവാലയോ മണി ലോണ്ടറിങ്ങോ ഇല്ലീഗല്‍ കാര്യങ്ങളോ നടന്നിട്ടില്ല. ഞാന്‍ പരാതി നല്‍കിയ ശേഷമാണ് ആദ്യമായി മാര്‍ച്ചില്‍ (മാര്‍ച്ച് 12-ന്) ഇവര്‍ അക്കൗണ്ട് ഡീറ്റെയില്‍സ് അയച്ചു തരുന്നത്. ആ അക്കൗണ്ടിലേക്ക് ഞാന്‍ 11 ലക്ഷം രൂപ ട്രാന്‍സ്ഫര്‍ ചെയ്തു കൊടുക്കുകയും ചെയ്തിട്ടുണ്ട്. എന്റെ ബ്ലാങ്ക് ചെക്കും സ്റ്റാമ്പ് പേപ്പറും ഇവര്‍ വാങ്ങി വെച്ചിട്ടുണ്ട്.
കഴിഞ്ഞ രണ്ടു മൂന്നു ദിവസമായി അനന്തു (ഡ്രേക്ക്) എന്ന് പറയുന്നയാള്‍ ഇതിലേക്ക് വന്നിട്ടുണ്ട്. പോക്‌സോ കേസ് ഉള്‍പ്പെടെയുള്ള പ്രതിയായ ഇയാള്‍ എന്റെ ബോട്ടിക്കില്‍ വന്ന് എനിക്ക് സപ്പോര്‍ട്ടായി വിഡിയോ ചെയ്യാമെന്ന് പറഞ്ഞു. അത് എക്‌സ്‌പെന്‍സീവ് ആണെന്ന് പറഞ്ഞപ്പോള്‍ എന്റെ കയ്യില്‍ ചെലവാക്കാന്‍ പണമില്ല എന്ന് ഞാന്‍ വ്യക്തമാക്കി. ഇയാള്‍ അബില്‍ദേവിന്റെ നമ്പര്‍ ചോദിച്ചു വാങ്ങി പോവുകയും, തൊട്ടടുത്ത ദിവസം ഇരുവരും ഒന്നിച്ച് സെല്‍ഫിയെടുത്ത് എനിക്കെതിരെ വിഡിയോകള്‍ ചെയ്യാന്‍ തുടങ്ങുകയുമാണ് ഉണ്ടായത്. പൊളിറ്റിക്കലി എന്നെ മോശക്കാരനാക്കി ബിജെപിയില്‍ നിന്ന് പുറത്താക്കുക, എന്നെ ഇല്ലാതാക്കുക എന്നത് മാത്രമാണ് ഇവരുടെ ലക്ഷ്യം. പാര്‍ട്ടി എന്തെങ്കിലും തീരുമാനമെടുത്താല്‍ പോലും ആദരവോടെ ഞാന്‍ അംഗീകരിക്കും, എന്നും ബിജെപിക്കാരനായി തന്നെ നില്‍ക്കും. ബിഗ് ബോസില്‍ പറഞ്ഞതുപോലെ പോസിറ്റീവും നെഗറ്റീവും ഉള്ള പച്ചയായ മനുഷ്യനാണ് ഞാന്‍.
ഇനി ജനുവരി 29-ലെ വോയ്‌സ് ക്ലിപ്പിനെ പറ്റി പറയാം. ജനുവരി 31-ന് പരാതി കൊടുക്കുന്നതിന് രണ്ടു ദിവസം മുന്‍പ് അബില്‍ദേവ് എന്നെ വിളിച്ച് ഫണ്ട് അയച്ചില്ലെങ്കില്‍ വിഡിയോ പബ്ലിക്കില്‍ ഇടും എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. ദേഷ്യം വന്ന് ഞാന്‍ അവനെ തന്തയ്ക്ക് വിളിച്ച് ചീത്തവിളിച്ചു ഫോണ്‍ കട്ട് ചെയ്തു. തൊട്ടടുത്ത സെക്കന്‍ഡില്‍ അപ്രതീക്ഷിതമായി വേദ് ലക്ഷ്മി വിളിച്ച് കാശ് എവിടെ എന്ന് ചോദിച്ച് എക്‌സ്‌പോസ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയപ്പോള്‍, അങ്ങനെയൊരു അവസ്ഥയിലായിരുന്ന ഞാന്‍ അവരെയും ചീത്തവിളിച്ചു. ആ ചീത്തവിളിച്ച ഭാഗം മാത്രം എഡിറ്റ് ചെയ്ത് വച്ചാണ് എന്നെ ഭീഷണിപ്പെടുത്തിയത്. അതിനുശേഷമാണ് ഞാന്‍ പൊലീസില്‍ പരാതി നല്‍കിയത്. പെരുമ്പാവൂര്‍ സ്റ്റേഷനില്‍ പോയി വേദ് ലക്ഷ്മി പരാതി നല്‍കിയപ്പോള്‍ ഞാന്‍ ചോദിച്ചത്, ഞങ്ങള്‍ തമ്മില്‍ എന്തെങ്കിലും ബ്രാന്‍ഡ് അഗ്രിമെന്റ് ഉണ്ടോ അല്ലെങ്കില്‍ എനിക്ക് അവരുടെ അക്കൗണ്ട് ഡീറ്റെയില്‍സ് അയച്ചു തന്നതിന് വല്ല തെളിവുമുണ്ടോ എന്നാണ്.
ഈ ബുദ്ധിമുട്ടുള്ള സമയത്തെല്ലാം എന്റെ ഭാര്യ എനിക്ക് ഭയങ്കര സപ്പോര്‍ട്ടിങ് സിസ്റ്റമായി ഒപ്പമുണ്ടായിരുന്നു. സാമ്പത്തികമായും മാനസികമായും എന്നെ താങ്ങി നിര്‍ത്തിയത് അവളാണ്. ഞങ്ങളെ തമ്മില്‍ തെറ്റിക്കാനും പലരും ശ്രമിക്കുന്നുണ്ട്. ഇത് എന്റെ അവസാനത്തെ പ്രസ് മീറ്റാണ്. ഇനി സോഷ്യല്‍ മീഡിയയില്‍ സ്റ്റോറികളും കൗണ്ട്ഡൗണും ഇട്ട് ആളുകളെ മാനിപുലേറ്റ് ചെയ്യാതെ, നിങ്ങള്‍ക്ക് സത്യസന്ധതയുണ്ടെങ്കില്‍ നിയമപരമായി പോകൂ, പൊലീസ് സ്റ്റേഷനില്‍ വരൂ. ഇന്ന് രാവിലെ 10 മണിക്ക് സ്റ്റേഷനില്‍ വരാന്‍ പറഞ്ഞിട്ട് വരാതിരുന്ന വേദ് ലക്ഷ്മിക്ക്, വൈകുന്നേരം നാലുമണിക്ക് പ്രസ് മീറ്റ് നടക്കുന്ന സ്ഥലത്തിന് തൊട്ടടുത്ത് വന്ന് ചായയും പരിപ്പുവടയും തരാമെന്ന് സ്റ്റോറി ഇടാന്‍ സമയമുണ്ട്. എന്നാല്‍ തൊട്ടടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ വരാന്‍ സമയമില്ല! എന്റെ ഭാഗത്ത് ന്യായമുള്ളതുകൊണ്ടാണ് ഞാന്‍ സംസാരിക്കുന്നത്. നിയമപരമായി നേരിടാന്‍ ഞാന്‍ റെഡിയാണ്, ധൈര്യമുണ്ടെങ്കില്‍ നിങ്ങള്‍ നിയമപരമായി നേരിടൂ.
ഇത്തരമൊരു വോയ്‌സ് ക്ലിപ്പില്‍ നമ്മള്‍ ഫണ്ട് നല്‍കിയിട്ടില്ലെങ്കില്‍ എന്ത് ചെയ്യും? പണം തരാന്‍ സാധിക്കുമോ, എന്റെ അക്കൗണ്ട് വിവരങ്ങള്‍ അയച്ചാല്‍ തുക ട്രാന്‍സ്ഫര്‍ ചെയ്യേണ്ടതുണ്ടല്ലോ എന്ന് ചോദിക്കുന്ന തരത്തിലുള്ള ഒരു വോയ്‌സ് മെസ്സേജ് എവിടെയെങ്കിലും ലഭ്യമാണോ? ലക്ഷ്മി, വളരെ ലളിതവും യുക്തിസഹവുമായ ഒരു ചോദ്യം ഞാന്‍ ചോദിക്കാം.
സുഹൃത്തേ, ഞാന്‍ ഇത് പറഞ്ഞ പശ്ചാത്തലം തികച്ചും വ്യത്യസ്തമാണ്. ഒരാള്‍ മാത്രം സംസാരിക്കുന്ന കാര്യത്തെക്കുറിച്ചാണ് നമ്മള്‍ പറയുന്നത്. അടുത്തിടെ ഞാന്‍ പങ്കുവച്ച വിഡിയോയില്‍ എന്താണ് പറഞ്ഞിരുന്നതെന്ന് ഓര്‍ക്കുന്നുണ്ടോ? ഞാന്‍ ബിജെപിയില്‍ പ്രവര്‍ത്തിക്കുന്നതുകൊണ്ട് ഒരു വര്‍ഗീയവാദിയാണെന്നാണ് പലരും പ്രചരിപ്പിക്കുന്നത്. എന്നാല്‍ ഞാന്‍ ഒരിക്കലും വര്‍ഗീയവാദിയല്ല; വര്‍ഗീയത പ്രചരിപ്പിക്കുന്ന രീതിയില്‍ ഞാന്‍ സംസാരിച്ചിട്ടുമില്ല. പൊതുവേ ബിജെപിക്കാര്‍ വര്‍ഗീയവാദികളാണെന്നൊരു അഭിപ്രായം പലയിടത്തും ഉയരാറുണ്ട്. ആ ഒരു പശ്ചാത്തലത്തിലാണ് അന്നത്തെ ആ സംഭാഷണത്തില്‍ ഞാന്‍ സംസാരിച്ചത്.
സോഷ്യല്‍ മീഡിയയില്‍ പൊതുവേ ബിജെപിക്കാരെ വര്‍ഗീയവാദികള്‍ എന്ന് വിശേഷിപ്പിക്കാറില്ലേ? തീര്‍ച്ചയായും ഉണ്ട്. ഒരു വര്‍ഷം മുന്‍പ്, മാര്‍ച്ച് 3-നാണ് ഞാന്‍ ബിജെപിയില്‍ ചേരുന്നത്. അതിനുശേഷമാണ് ഞാന്‍ ഈ കാര്യങ്ങള്‍ പറയുന്നത്. എനിക്ക് ഇതിന്റെ വ്യക്തമായ വിവരങ്ങള്‍ അറിയില്ലെന്ന് ആ വോയ്‌സില്‍ കൃത്യമായി പറയുന്നുണ്ട്. എനിക്കറിയാത്ത ഒരു കാര്യത്തെക്കുറിച്ച് ഞാന്‍ എങ്ങനെ സംസാരിക്കും? രാഷ്ട്രീയത്തില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്ന ആളല്ലെങ്കിലും, രാഷ്ട്രീയ പ്രവര്‍ത്തനം ആഗ്രഹിച്ചിരുന്ന ആളാണ് ഞാന്‍. നിലവില്‍ പൂര്‍ണ്ണ ആത്മാര്‍ത്ഥതയോടെയാണ് ഞാന്‍ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നത്.
പൊതുസമൂഹം സാധാരണയായി പറയുന്ന കാര്യങ്ങള്‍ മാത്രമാണ് ഞാന്‍ അന്ന് സംസാരിച്ചത്. റോബിന്‍ എന്ന വ്യക്തിയുടെ ലക്ഷ്യം മറ്റൊന്നാണ്. നിലവില്‍ ഞാന്‍ ബിജെപിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. അടുത്തിടെ നടന്ന പ്രതിഷേധ പരിപാടികളില്‍ പങ്കെടുത്ത എന്റെ വിഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും, ആ വിവരങ്ങള്‍ ജനങ്ങളിലേക്ക് എത്തുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇതില്‍ ചിലര്‍ക്ക് വിയോജിപ്പുണ്ടായിരുന്നു. എതിര്‍ രാഷ്ട്രീയ പാര്‍ട്ടികളിലോ മറ്റ് വിഭാഗങ്ങളിലോ ഉള്ളവര്‍ക്കാകാം ഇത് ഇഷ്ടപ്പെടാതിരുന്നത്. ഇത്തരമൊരു സംഭാഷണം പുറത്തുവിട്ടാല്‍ എന്നെ എളുപ്പത്തില്‍ ആക്രമിക്കാന്‍ കഴിയുമെന്ന് അവര്‍ കരുതുന്നു.
കേരളത്തില്‍ പൊതുവേ ബിജെപിക്കാരെ വര്‍ഗീയവാദികളായി ചിത്രീകരിക്കാറുണ്ടെന്നത് ഒരു യാഥാര്‍ഥ്യമാണ്. ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണന്‍ വര്‍ഗീയവാദിയാണ് എന്ന് എന്നെക്കുറിച്ച് പോലും ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ഞാന്‍ ഒരിക്കലും വര്‍ഗീയത പറയുന്ന ആളല്ല. മറ്റൊരാളുമായി നടത്തിയ വ്യക്തിപരമായ സംഭാഷണത്തിന്റെ ഒരു ഭാഗം മാത്രം എഡിറ്റ് ചെയ്ത് പുറത്തുവിടുകയാണ് ഇവിടെ ഉണ്ടായിരിക്കുന്നത്. മറുഭാഗത്തിന്റെ സംഭാഷണം അവര്‍ മനഃപൂര്‍വം ഒഴിവാക്കി. എന്റെ പക്കല്‍ ഇത്തരം റെക്കോര്‍ഡിങുകള്‍ ഒന്നുമില്ല.
കേസിലെ പ്രധാന പ്രതിയായ അബില്‍ ദേവുമായി ഞാന്‍ നടത്തിയ സംഭാഷണത്തിന്റെ വോയ്‌സ് ക്ലിപ്പുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. മാസങ്ങള്‍ക്ക് മുന്‍പ് അയാള്‍ എന്നെ ഭീഷണിപ്പെടുത്തുകയും, പണം തട്ടിയെടുക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. വേദ് ലക്ഷ്മിയോടോ ആനന്ദിനോടോ അല്ല, മറിച്ച് അബില്‍ ദേവിനോടാണ് ഞാന്‍ സംസാരിച്ചത്. അബില്‍ ദേവ് പശ്ചാത്തലത്തില്‍ നിന്നുകൊണ്ട് വേദലക്ഷ്മിയെക്കൊണ്ട് കാര്യങ്ങള്‍ ചെയ്യിക്കുകയാണ്. അതുകൊണ്ടാണ് കഴിഞ്ഞ ദിവസം ഞാന്‍ അയാള്‍ക്കെതിരെ ശക്തമായി പ്രതികരിച്ച് വോയ്‌സ് പോസ്റ്റ് ചെയ്തത്. അയാള്‍ ഇതുവരെ നിയമപരമായി പരാതി നല്‍കാന്‍ തയ്യാറായിട്ടില്ല. വേദ് ലക്ഷ്മിയും അബില്‍ ദേവും ഒത്തു കളിക്കുകയാണ്; അന്വേഷിച്ചാല്‍ ഇത് വ്യക്തമാകും. ഇപ്പോള്‍ അനന്തും ഇവര്‍ക്കൊപ്പം ചേര്‍ന്നിട്ടുണ്ട്.
എന്ത് ആരോപണങ്ങള്‍ വന്നാലും അതിനെ നിയമപരമായി നേരിടാന്‍ ഞാന്‍ തയാറാണ്. ഒരു വര്‍ഷം മുന്‍പ് ഒരു അടുത്ത സുഹൃത്തിനോട് പറഞ്ഞ കാര്യം, അവന്‍ പിന്നീട് ഭീഷണിയായി ഉപയോഗിക്കുമ്പോള്‍ ഏതൊരാള്‍ക്കും പ്രയാസമുണ്ടാകും. '5 ലക്ഷം രൂപ തന്നില്ലെങ്കില്‍ അന്ന് പെണ്‍കുട്ടിയെക്കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ പുറത്തുവിടും' എന്ന് ഭീഷണിപ്പെടുത്തിയാല്‍ എന്താണ് അവസ്ഥ? എന്നിരുന്നാലും എന്ത് സംഭവിച്ചാലും ഞാന്‍ ഇതിനെ നേരിടും. ഇതെന്റെ അവസാനത്തെ പ്രസ് മീറ്റാണ്.
പെരുമ്പാവൂരിലെ വീട്ടിലേക്ക് എന്നെ വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തിയാണ് അവര്‍ ആ വിഡിയോ ചിത്രീകരിച്ചത്. വേദ് ലക്ഷ്മിയാണ് വിഡിയോ എടുത്തത്; അവിടുത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ ഇത് വ്യക്തമാകും. 'ഇലക്ഷന്‍ സമയത്ത് ബുദ്ധിമുട്ടിക്കില്ല' എന്ന് പറഞ്ഞാണ് അവര്‍ പണം ആവശ്യപ്പെട്ടതും വിഡിയോ ചിത്രീകരിച്ചതും. തിരഞ്ഞെടുപ്പ് സമയത്ത് സാമ്പത്തിക ആരോപണങ്ങള്‍ വന്നാല്‍ പാര്‍ട്ടി ടിക്കറ്റ് ലഭിക്കില്ലെന്ന ഭയത്തിലാണ് ഞാന്‍ അവര്‍ പറഞ്ഞതൊക്കെ കേട്ടത്. ഇലക്ഷന്‍ സമയത്ത് എനിക്ക് കോടിക്കണക്കിന് രൂപ ലഭിക്കുമെന്ന് അവര്‍ തെറ്റായി ധരിച്ചു. സഹോദരനെപ്പോലെ കൂടെ നടന്ന് പുറകില്‍ നിന്ന് കുത്തുകയാണ് അബില്‍ ദേവ് ചെയ്തത്. ഇവര്‍ക്കെതിരെ നിയമപരമായ നിലപാടുമായി മുന്നോട്ടുപോകാന്‍ തന്നെയാണ് എന്റെ തീരുമാനം.''