തിയേറ്ററിനുള്ളിലിരുന്ന് സിനിമ കാണുന്നതിനിടയില്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്തു കഴിക്കുന്ന രീതിക്കെതിരെ നടന്‍ ആര്‍. മാധവന്‍. നിങ്ങള്‍ക്ക് ലഞ്ചോ ഡിന്നറോ കഴിക്കണമെങ്കില്‍ റസ്റ്റോറന്റിലേക്കാണ് പോകേണ്ടതെന്നും അല്ലാതെ തിയേറ്ററിലേക്കല്ലെന്നും അദ്ദേഹം പറഞ്ഞു. തന്റെ ഏറ്റവും പുതിയ ചിത്രമായ 'ജി.ഡി.എന്‍' പ്രൊമോഷന്റെ ഭാഗമായി സംസാരിക്കവേയാണ് താരം തിയേറ്ററുകളിലെ ഈ പുതിയ പ്രവണതയ്ക്കെതിരെ രംഗത്തെത്തിയത്.
ഇന്നത്തെ കാലത്ത് ഒരു കുടുംബത്തെ മുഴുവന്‍ തിയേറ്ററിലേക്ക് എത്തിക്കുമ്പോള്‍, സിനിമ കാണുന്നതിനിടയില്‍ ആരോ പാനിപൂരി ഓര്‍ഡര്‍ ചെയ്യുകയും അത് കൊണ്ടുവന്നു കൊടുക്കുകയും ചെയ്യുന്നത് വെറും മണ്ടത്തരമാണെന്ന് മാധവന്‍ വ്യക്തമാക്കി. സിനിമ മോശമാണെങ്കില്‍ക്കൂടി ഇത്തരം കാര്യങ്ങള്‍ പ്രേക്ഷകരെ കൂടുതല്‍ അസ്വസ്ഥരാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂടാതെ, മുന്‍പ് 'അലൈപായുതേ' റിലീസ് ചെയ്തപ്പോള്‍ റിവ്യൂ അറിയാന്‍ ഒരാഴ്ച കാത്തിരിക്കേണ്ടി വന്നിരുന്നുവെന്നും, എന്നാല്‍ ഇന്ന് സിനിമ ഇറങ്ങുന്നതിന് മുന്‍പ് തന്നെ അവലോകനങ്ങള്‍ വരുന്ന സ്ഥിതിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മാധവനെ കൂടാതെ ദക്ഷിണേന്ത്യയിലെ പ്രമുഖ താരങ്ങളായ സത്യരാജ്, പ്രിയാമണി, ജയറാം, ദുഷാര വിജയന്‍ തുടങ്ങിയ വമ്പന്‍ താരനിര തന്നെ 'ജി.ഡി.എന്‍' ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. കൃഷ്ണകുമാര്‍ രാമകുമാറും ആര്‍. മാധവനും ചേര്‍ന്ന് തിരക്കഥയൊരുക്കിയ ചിത്രം സംവിധാനം ചെയ്യുന്നത് കൃഷ്ണകുമാര്‍ രാമകുമാര്‍ തന്നെയാണ്. 2022-ല്‍ മികച്ച സിനിമയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടിയ ടീം വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.