Latest News

21-ാം വയസ്സില്‍ മുത്തശ്ശി സമ്മാനിച്ച ഒരു സാരിയുടുത്ത് ദേശീയ പുരസ്‌കാരം വാങ്ങണം; വിവാഹത്തിന് ഉടുക്കണം'' എന്നായിരുന്നു മുത്തശ്ശി പറഞ്ഞത്; ആഗ്രഹം പങ്ക് വച്ച് സായ് പല്ലവി

Malayalilife
 21-ാം വയസ്സില്‍ മുത്തശ്ശി സമ്മാനിച്ച ഒരു സാരിയുടുത്ത് ദേശീയ പുരസ്‌കാരം വാങ്ങണം; വിവാഹത്തിന് ഉടുക്കണം'' എന്നായിരുന്നു മുത്തശ്ശി പറഞ്ഞത്; ആഗ്രഹം പങ്ക് വച്ച് സായ് പല്ലവി

തെന്നിന്ത്യന്‍ സിനിമയിലെ മുന്‍നിര നായികയാണ് സായ് പല്ലവി. രാമായണ സിനിമയിലൂടെ പാന്‍ ഇന്ത്യന്‍ താരമായിരിക്കുകയാണ് താരം. ഇപ്പോഴിതാ താരം തന്റെ ഒരു സ്വപ്നത്തെ കുറിച്ച് പറയുകയാണ്. 21-ാം വയസ്സില്‍ മുത്തശ്ശി സമ്മാനിച്ച ഒരു സാരിയുടുത്ത് ദേശീയ പുരസ്‌കാരം വാങ്ങിക്കണമെന്നാണ് സായ് പല്ലവിയുടെ ആഗ്രഹം. തന്റെ വിവാഹത്തിനുടുക്കണം എന്നു പറഞ്ഞാണ് മുത്തശ്ശി ഈ സാരി തനിക്ക് സമ്മാനമായി നല്‍കിയതെന്നും താരം പറയുന്നു.

'നിന്റെ വിവാഹത്തിന് ഇത് ഉടുക്കണം എന്നായിരുന്നു അന്ന് മുത്തശ്ശി പറഞ്ഞത്. ആ സമയത്ത് മുത്തശ്ശി ഒരു ശസ്ത്രക്രിയയ്ക്ക് വിധേയയായിരുന്നു. അതുകൊണ്ടുതന്നെ തന്റെ വിവാഹം ഉടന്‍ നടക്കുമെന്നായിരുന്നു അന്ന് കരുതിയതെന്നും ഗലാട്ട പ്ലസ്സിന് നല്‍കിയ അഭിമുഖത്തില്‍ സായ് പല്ലവി പറയുന്നു.

പിന്നീട് 23-24 വയസിനോട് അടുക്കുമ്പോഴാണ് 'പ്രേമം' സിനിമയില്‍ സായ് പല്ലവി അഭിനയിക്കുന്നത്. ആ സമയത്താണ് ഒരു വലിയ പുരസ്‌കാരം നേടണമെന്ന ആഗ്രഹം മനസ്സില്‍ ശക്തമായതെന്നും താരം പറഞ്ഞു. ദേശീയ പുരസ്‌കാരമായിരുന്നു അന്ന് ഏറ്റവും വലിയ അംഗീകാരമായി കണ്ടിരുന്നത്.

''ആ സാരി ഉടുത്ത് ദേശീയ പുരസ്‌കാരം വാങ്ങണമെന്നാണ് ആഗ്രഹം. ഇപ്പോള്‍ ആ ദേശീയ പുരസ്‌കാരം ആ സാരിയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുകയാണ്,'' സായ് പല്ലവി പറഞ്ഞു.

ദേശീയ പുരസ്‌കാരം ലഭിക്കണമെന്ന ആഗ്രഹം ഇപ്പോഴും താരത്തിനുണ്ട്. എന്നാല്‍ അതുമായി ബന്ധപ്പെട്ട സമ്മര്‍ദവും പ്രതീക്ഷയും ആ സാരി ധരിക്കുന്ന നിമിഷം വരെയേ ഉണ്ടാകൂ എന്നും സായ് പല്ലവി പറയുന്നു. മുത്തശ്ശി നല്‍കിയ സാരിയുടെ ഓര്‍മയും ദേശീയ പുരസ്‌കാരം എന്ന സ്വപ്നവും ഇപ്പോള്‍ തന്റെ മനസ്സില്‍ ഒന്നായി മാറിയിരിക്കുകയാണെന്നും താരം വ്യക്തമാക്കി.

എന്നാല്‍ പുരസ്‌കാരങ്ങള്‍ക്കപ്പുറം ഒരു അഭിനേത്രി എന്ന നിലയില്‍ തനിക്ക് ഏറ്റവും പ്രധാനപ്പെട്ടത് മറ്റൊന്നാണെന്നും സായ് പല്ലവി പറയുന്നു. താന്‍ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളെ പ്രേക്ഷകര്‍ക്ക് ശരിക്കും അനുഭവിക്കാന്‍ കഴിയുന്നുണ്ടോ എന്നതാണ് തന്നെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ടതെന്ന് താരം വ്യക്തമാക്കി.

''ആ കഥാപാത്രം സ്‌ക്രീനില്‍ അനുഭവിക്കുന്ന വികാരങ്ങളും വേദനകളും സന്തോഷങ്ങളും പ്രേക്ഷകര്‍ക്ക് അനുഭവിക്കാന്‍ കഴിയുന്നുണ്ടെങ്കില്‍, ഒരു അഭിനേത്രി എന്ന നിലയില്‍ എന്റെ ജോലി ഞാന്‍ ചെയ്തു എന്നാണ് ഞാന്‍ കരുതുന്നത്. അതുതന്നെ വലിയൊരു അംഗീകാരമാണ്,'' സായ് പല്ലവി പറഞ്ഞു.

അതിന് ശേഷം ലഭിക്കുന്ന പുരസ്‌കാരങ്ങളും അംഗീകാരങ്ങളും ഒരു ബോണസ് മാത്രമാണെന്നും താരം കൂട്ടിച്ചേര്‍ത്തു. പുരസ്‌കാരങ്ങള്‍ ലഭിക്കുമ്പോള്‍ സന്തോഷം തോന്നുമെങ്കിലും, അവയെക്കാള്‍ വലുതാണ് പ്രേക്ഷകര്‍ക്ക് കഥാപാത്രങ്ങളെ അനുഭവിക്കാന്‍ കഴിയുന്നതെന്നാണ് തന്റെ വിശ്വാസമെന്നും സായ് പല്ലവി പറഞ്ഞു.

ഗലാട്ട പ്ലസ്സിന് നല്‍കിയ അഭിമുഖത്തിലാണ് സായ് പല്ലവി തന്റെ ദേശീയ പുരസ്‌കാര സ്വപ്നത്തെക്കുറിച്ചും മുത്തശ്ശി നല്‍കിയ സാരിയുമായുള്ള വൈകാരിക ബന്ധത്തെക്കുറിച്ചും സംസാരിച്ചത്.

നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന രണ്ട് ഭാഗങ്ങളുള്ള 'രാമായണ'ത്തില്‍ സീതാദേവിയായാണ് സായ് പല്ലവി എത്തുന്നത്. രണ്‍ബീര്‍ കപൂര്‍ ശ്രീരാമനായി എത്തുന്ന ചിത്രത്തിനായി താരം സ്വീകരിച്ച രൂപവും കഥാപാത്രത്തിനായുള്ള ആത്മീയമായ തയ്യാറെടുപ്പുകളും നേരത്തെ തന്നെ വലിയ ശ്രദ്ധ നേടിയിരുന്നു. ഒരു ദേശീയ പുരസ്‌കാരം എന്ന സ്വപ്നം മനസ്സില്‍ സൂക്ഷിക്കുന്ന സായ് പല്ലവിയുടെ കരിയറില്‍ 'രാമായണ'യിലെ സീതാ കഥാപാത്രവും നിര്‍ണായകമായ ഒന്നായി മാറുമോ എന്ന ആകാംക്ഷയിലാണ് ആരാധകര്‍.

sai pallavi expressed her wish

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES