മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതരായ താരദമ്പതികളാണ് മനോജ് കുമാറും ബീനാ ആന്റണിയും. വര്‍ഷങ്ങളുടെ അനുഭവപരിചയവുമായാണ് ഇരുവരും ഈ മേഖലയില്‍ തുടരുന്നത്. അഭിനയ രംഗത്ത് മാത്രമല്ല ഡബ്ബിംഗ് രംഗത്തും തന്റെതായ ഇടം കണ്ടെത്തിയിട്ടുള്ള താരമാണ് മനോജ്. മലയാള സിനിമക്ക് വേണ്ടിയും മൊഴിമാറ്റ ചിത്രങ്ങള്‍ക്ക് വേണ്ടിയും മനോജ് ഡബ്ബ് ചെയ്തിട്ടുണ്ട്. കുടുംബവിളക്ക് സീരിയലില്‍ മികച്ച ഒരു കഥാപാത്രമായി തിളങ്ങിയ താരത്തിന് ബിഗ്ബോസ് ഷോയില്‍ അഭിപ്രായപ്രകടനം നടത്തിയതിന്റെ പേരില്‍ വേഷം നഷ്ടമായിരുന്നു. ഇപ്പോള്‍ ഇന്ദുലേഖ എന്ന സീരിയയില്‍ നല്ലൊരു വേഷം കിട്ടിയ സന്തോഷത്തിലാണ് താരം.
പുതിയ പരമ്പര ഇന്ദുലേഖയില്‍ വില്ലന്‍ റോളാണ് മനോജിന് ലഭിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയ വഴിയാണ് മനോജ് പുതിയ സന്തോഷം പങ്ക് വച്ചിരിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം വില്ലന്‍ വേഷത്തില്‍ എത്തുന്നതിന്റെ ത്രില്ലിലാണ് മനോജ്. ത്രിവിക്രമന്‍ ഉണ്ണി എന്ന കഥാപാത്രത്തെയാണ് താന്‍ അവതരിപ്പിക്കുന്നത് എന്നും ഈ സീരിയലിലെ ശക്തമായ കഥാപാത്രങ്ങളില്‍ ഒന്നാണ് തന്റെ കഥാപാത്രമെന്നും മനോജ് പറയുന്നു.
മനോജിന്റെ വാക്കുകളിലൂടെ!
പ്രിയമുള്ളവരെ നമസ്കാരം...ഏറെ നാളുകള്‍ക്ക് ശേഷം ഞാന്‍ അഭിനയിക്കുന്ന ഒരു പുതിയ പരമ്പര സൂര്യ ടിവിയില്‍ രാത്രി 7.30 ന് സംപ്രേഷണം ആരംഭിക്കുന്നു...
' ഇന്ദുലേഖ''....തിങ്കള്‍ മുതല്‍ വെള്ളി വരെ. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഞാന്‍ ഒരു വില്ലന്‍ വേഷം ചെയ്യുന്നത്...' ത്രിവിക്രമന്‍ ഉണ്ണി '....ഈ സീരിയലിലെ ശക്തമായ കഥാപാത്രങ്ങളില്‍ ഒന്ന്...
മലയാള സിനിമയിലെ പ്രശസ്തനായ കഥാകൃത്തും സംവിധായകനും നടനുമായ രഞ്ജി പണിക്കര്‍ സര് ആദ്യമായി ഒരു സീരിയലില്‍ അഭിനയിക്കുന്നു എന്ന പ്രധാന സവിശേഷതയും ഇതിനുണ്ട്.... നായിക 'ഇന്ദുലേഖ'യുടെ അച്ഛനായി.. നല്ല കഥയും മുഹൂര്‍ത്തങ്ങളും ഉള്ള ഈ സീരിയല്‍ നിങ്ങള്‍ ഏറ്റെടുത്ത് വിജയിപ്പിക്കണം.. ഒപ്പം ' ത്രിവിക്രമന്‍' എന്ന കഥാപാത്രത്തെ എനിക്ക് നല്കിയ സൂര്യ ടിവിയ്ക്കും ഗിരീഷേട്ടനും നിര്‍മ്മാതാവ് ജിനുവിനും സംവിധായകന് ജിതേഷിനും നന്ദി....
സര്‍വ്വോപരി എന്നും എന്റെ കലായാത്രയില്‍ കൂടെയുള്ള നിങ്ങള്‍ ഓരോരുത്തരോടും നന്ദി.. എന്നും എപ്പോഴും എനിക്കും കുടുംബത്തിനു മേല്‍ അനുഗ്രഹവര്‍ഷം ചൊരിയുന്ന സര്വ്വേശ്വരന് മുന്നില്‍ നിറഞ്ഞ മനസ്സോടെ കൈകൂപ്പി നമസ്കരിച്ച് കൊണ്ട് നിര്‍ത്തുന്നു.