പത്തനംതിട്ട: ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട ആതുരാലയങ്ങള്‍ക്ക് വീല്‍ ചെയറുകള്‍ വിതരണം ചെയ്തു. പ്രശസ്ത സിനിമതാരം പത്മഭൂഷണ്‍ മമ്മൂട്ടിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കെയര്‍ ആന്‍ഡ് ഷെയര്‍ ഫൗണ്ടേഷന്റെ 'ചലനം' പദ്ധതിയുടെ ഭാഗമായാണ് വീല്‍ ചെയറുകള്‍ വിതരണം ചെയ്തത്.
കഴിഞ്ഞ 16 വര്‍ഷമായി കേരളത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ ഉന്നമനത്തിനായി ശ്രദ്ധേയമായ വിവിധ സാമൂഹിക സേവന പ്രവര്‍ത്തനങ്ങളാണ് കെയര്‍ ആന്‍ഡ് ഷെയര്‍ ഫൗണ്ടേഷന്‍ നടത്തിവരുന്നത്. തിരുവല്ല ഇരവിപേരൂര്‍ ഗില്‍ഗാല്‍ ആശ്വാസഭവനില്‍ നടന്ന ചടങ്ങില്‍ ചക്രക്കസേരകളുടെ വിതരണത്തിന്റെ ഉദ്ഘാടനം മാര്‍ത്തോമാ സഭയുടെ കോട്ടയം ഭദ്രാസനാധിപന്‍ അഭി. തോമസ് മാര്‍ തിമോത്തിയോസ് എപ്പിസ്‌കോപ്പ നിര്‍വഹിച്ചു.
മമ്മൂട്ടിയുടെ നേതൃത്വത്തില്‍ കെയര്‍ ആന്‍ഡ് ഷെയര്‍ ഫൗണ്ടേഷന്‍ നടപ്പാക്കിവരുന്ന ഹൃദയസ്പര്‍ശം, വഴികാട്ടി, സുകൃതം, പൂര്‍വികം, വിദ്യാമൃതം, ഹൃദ്യം, കാഴ്ച തുടങ്ങിയ വിവിധ പദ്ധതികളെക്കുറിച്ച് അറിയാനും മനസ്സിലാക്കാനും കഴിഞ്ഞിട്ടുണ്ടെങ്കിലും, ഫൗണ്ടേഷന്റെ ഒരു പരിപാടിയില്‍ നേരിട്ട് പങ്കെടുക്കാന്‍ അവസരം ലഭിക്കുന്നത് ആദ്യമായാണെന്ന് തോമസ് മാര്‍ തിമോത്തിയോസ് എപ്പിസ്‌കോപ്പ പറഞ്ഞു. ഇതിലുള്ള സന്തോഷവും അഭിമാനവും അദ്ദേഹം പങ്കുവച്ചു. നിര്‍ധനരും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുമായ കേരളത്തിലെ ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതിന് സഹായകരമാകുന്ന മാനവികതയിലും മനുഷ്യസ്‌നേഹത്തിലും അധിഷ്ഠിതമായ കൂടുതല്‍ നന്മപ്രവര്‍ത്തനങ്ങളും സേവനങ്ങളും മമ്മൂട്ടിയുടെയും കെയര്‍ ആന്‍ഡ് ഷെയര്‍ ഫൗണ്ടേഷന്റെയും ഭാഗത്തുനിന്ന് തുടര്‍ന്നും ഉണ്ടാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
കെയര്‍ ആന്‍ഡ് ഷെയര്‍ ഫൗണ്ടേഷന്‍ മാനേജിങ് ഡയറക്ടര്‍ ഫാ. തോമസ് കുര്യന്‍ മാരോട്ടിപ്പുഴ അധ്യക്ഷത വഹിച്ചു. ഫൗണ്ടേഷന്‍ നടപ്പാക്കിവരുന്ന വിവിധ പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം വിശദീകരിച്ചു. ഓര്‍ഫനേജ് അസോസിയേഷന്‍ കോട്ടയം ജില്ലാ പ്രസിഡന്റ് ഫാ. റോയ് വടക്കേല്‍ അനുഗ്രഹസന്ദേശം നല്‍കി.
ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് അംഗം എം. ആര്‍. രാജേഷ്, ഓര്‍ഫനേജ് അസോസിയേഷന്‍ പത്തനംതിട്ട ജില്ലാ പ്രസിഡന്റ് പാസ്റ്റര്‍ ജേക്കബ് ജോസഫ്, ജില്ലാ ജോയിന്റ് സെക്രട്ടറി എബി ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു. ജില്ലയിലെ വിവിധ ആതുരാലയങ്ങളില്‍നിന്നെത്തിയ ഭാരവാഹികള്‍ വീല്‍ ചെയറുകള്‍ ഏറ്റുവാങ്ങി.