സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായ രേണു സുധിയുടെ പുതിയ ഓണം ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നു. ചികിത്സയുടെ ഭാഗമായി മുടി നഷ്ടപ്പെട്ടിട്ടും ഒട്ടും തളരാത്ത ആത്മവിശ്വാസത്തോടെ ക്യാമറയ്ക്ക് മുന്നില്‍ പോസ് ചെയ്ത രേണുവിന്റെ ചിത്രങ്ങള്‍ ഇതിനോടകം തന്നെ വലിയ സ്വീകാര്യതയാണ് നേടിയത്.
കീമോതെറാപ്പിയെ തുടര്‍ന്ന് മുടി കൊഴിഞ്ഞുതുടങ്ങിയപ്പോള്‍ അത് പൂര്‍ണമായി നീക്കം ചെയ്ത ലുക്കിലാണ് രേണു ഇത്തവണ ഓണം ഫോട്ടോഷൂട്ടിനായി ക്യാമറയ്ക്ക് മുന്നിലെത്തിയത്. കേരള സാരിയും അതിനോടിണങ്ങുന്ന കടുംപച്ച ബ്ലൗസും ലളിതമായ ആഭരണങ്ങളും മിനിമല്‍ മേക്കപ്പുമാണ് ചിത്രങ്ങളിലെ പ്രധാന ആകര്‍ഷണം. ഫോട്ടോഗ്രാഫറായ ആതിര ജോയ് ആണ് രേണുവിന്റെ മനോഹരമായ ഈ ചിത്രങ്ങള്‍ പകര്‍ത്തിയത്.
ആതിര തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ ഈ ചിത്രങ്ങള്‍ ആരാധകരുമായി പങ്കുവെച്ചത്. 'പ്രതിസന്ധികളില്‍ തളരാതെ, ആത്മവിശ്വാസത്തിന്റെ ചിരിയുമായി മുന്നേറുന്ന രേണു... ഈ ഓണം അതിജീവനത്തിന്റെയും പ്രത്യാശയുടെയും മനോഹരമായ ഓര്‍മ്മപ്പെടുത്തലാണ്. ഹൃദയം നിറഞ്ഞ ഓണാശംസകള്‍' ചിത്രം പങ്കുവെച്ചുകൊണ്ട് ആതിര കുറിച്ചു.
സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച് നിമിഷങ്ങള്‍ക്കകം തന്നെ ചിത്രങ്ങള്‍ വൈറലായി മാറി. നിരവധിപ്പേരാണ് രേണുവിന്റെ പോസിറ്റീവ് മനോഭാവത്തെയും ധൈര്യത്തെയും പ്രശംസിച്ച് അനുകൂല കമന്റുകളുമായി രംഗത്തെത്തിയത്. 'പ്രതിസന്ധികള്‍ തോല്‍പ്പിക്കാന്‍ നോക്കുമ്പോഴൊക്കെ, പുഞ്ചിരിയോടെ അവള്‍ വീണ്ടും പോരാടുന്നു, കണ്ണ് കിട്ടാതിരിക്കട്ടെ. അടിപൊളി ആയിട്ടുണ്ട്, ചേച്ചി ഹാപ്പി ആയിട്ട് ഇരിക്കുന്നത് കാണാനാണ് എനിക്ക് ഇഷ്ടം' എന്നിങ്ങനെ നീളുന്നു ആരാധകരുടെ കമന്റുകള്‍.