മലയാള സിനിമയിലെ മികച്ച പ്രകടനങ്ങള്‍ കൊണ്ട് സ്വന്തമായൊരിടം അടയാളപ്പെടുത്തിയ നടിയാണ് അനാര്‍ക്കലി മരയ്ക്കാര്‍. ചാനല്‍ ഫ്ലോറുകളിലും അഭിമുഖങ്ങളിലും തന്റേടിയായ നിലപാടുകള്‍ കൊണ്ട് ശ്രദ്ധ നേടാറുമുള്ള അനാര്‍ക്കലിക്ക്, അടുത്തിടെ റിപ്പോര്‍ട്ടര്‍ ചാനലിലെ ഷോയില്‍ നേരിടേണ്ടി വന്നത് തികച്ചും വ്യക്തിപരമായ കാര്യങ്ങള്‍ വെണ്ടയ്ക്ക നിരത്തുന്ന തരത്തിലുള്ള സംശയരോഗ ചോദ്യങ്ങള്‍. വ്യക്തിജീവിതത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ ഉന്നയിച്ച ഡോ.അരുണ്‍കുമാറിനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്.
'ആടെ പാടേ വൈബോണം' എന്ന പരിപാടിക്കെത്തിയ നടിയോട് സീനിയര്‍ മാധ്യമപ്രവര്‍ത്തകന്‍ അരുണ്‍കുമാര്‍ ചോദിച്ച ചോദ്യങ്ങളുടെ നിലവാരമില്ലായ്മയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമര്‍ശനത്തിന് വഴിവെച്ചിരിക്കുന്നത്. അനാര്‍ക്കലിയുടെ വ്യക്തിജീവിതത്തില്‍ അവര്‍ കമ്മിറ്റഡാണോ വീട്ടുകോര്‍ സമ്മതിക്കുമോ തുടങ്ങിയ ചോദ്യങ്ങളാണ് അരുണ്‍കുമാര്‍ ചോദിച്ചത്. ഇത്തരം ചോദ്യങ്ങള്‍ അന്തസ്സില്ലാത്തതാണ് എന്നാണ് സോഷ്യല്‍ മീഡിയിയല്‍ ഫര്‍സാന അലി ഉയര്‍ത്തിയ വിമര്‍ശനം.
29 വയസ്സുള്ള, സ്വന്തം അധ്വാനം കൊണ്ട് ഇന്‍ഡസ്ട്രിയില്‍ നിലനില്‍ക്കുന്ന ഒരു സ്ത്രീയെ അഭിമുഖത്തിന് വിളിച്ചിരുത്തി അവരുടെ പ്രൊഫഷണല്‍ ജീവിതത്തെക്കുറിച്ചോ കലയെക്കുറിച്ചോ സംസാരിക്കാതെ, പ്രണയവും ലിവിങ് റിലേഷനും മാത്രം ചികഞ്ഞെടുക്കുന്നതില്‍ എന്തൊരു സന്തോഷമാണ് മാധ്യമങ്ങള്‍ക്ക് ലഭിക്കുന്നത്? ഏതൊരു മേഖലയില്‍ ശോഭിക്കുന്ന സ്ത്രീയായാലും അവരുടെ പങ്കാളി, പ്രണയം, വിവാഹം, പാചകം എന്നിവയിലേക്ക് ചോദ്യങ്ങള്‍ ഒതുക്കുന്ന അനാവശ്യ പ്രവണത ഇവിടെയും ആവര്‍ത്തിക്കപ്പെടുകയായിരുന്നു എന്നുമാണ് അവര്‍ വിമര്‍ശിക്കുന്നത്.
ഫര്‍സാന അലിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ: അഭിനേത്രിയായ അനാര്‍ക്കലി മരിക്കാറും റിപ്പോര്‍ട്ടര്‍ ചാനലിലെ അരുണ്‍കുമാറും തമ്മിലുള്ള സംഭാഷണം ചാനല്‍ ഫ്ലോറില്‍ നടക്കുന്നു. 'ആടെ പാടേ വൈബോണം', എന്ന പ്രോഗ്രാമിലെ അതിഥിയായാണ് അനാര്‍ക്കലി എത്തിയത്. അനാര്‍ക്കലിയോടുള്ള അരുണ്‍കുമാറിന്റെ ചോദ്യങ്ങള്‍: ഇന്‍ റിലേഷന്‍ഷിപ്പാണ്, അല്ലേ?
കമ്മിറ്റഡാണോ? ഒരാളോടല്ലേയുള്ളു? പുതിയ തലമുറ ഇങ്ങനെയൊന്നുമല്ല, ഒന്നില്‍ കൂടുതല്‍ കമ്മിറ്റ്മെന്റുകള്‍ കാണുമല്ലോ, ബാക്കപ്പ് കാണുമല്ലോ, അങ്ങനെയൊന്നുമല്ലല്ലോ(അല്ലേ)? സിംഗിള്‍ കമ്മിറ്റ്മെന്റാണ്(ആണോ)? കല്യാണത്തിലേക്കുള്ള കമ്മിറ്റ്മെന്റാണോ അതോ ഇങ്ങനെ പോണം എന്നാണോ? ഇപ്പോള്‍ ലിവിങ് റിലേഷന്‍ ആണോ? വീട്ടുകാരുടെ ഭാഗത്ത് നിന്ന് വേറെ ബുദ്ധിമുട്ടുകള്‍ ഒന്നുമില്ലല്ലോ(അല്ലേ)? 29 വയസ്സുള്ള ഒരു സ്ത്രീയോടാണ്, സ്വകാര്യ ജീവിതത്തെക്കുറിച്ച് ഇത്രയും തരംതാഴ്ന്ന രീതിയിലുള്ള ചോദ്യങ്ങളുണ്ടായത്. സ്ത്രീകള്‍- അത് ഏതെങ്കിലും ഒരു പ്രൊഫഷനില്‍ ജ്വലിച്ചുനില്‍ക്കുന്നവരായാലും ശരി, അവര്‍ മുന്നിലെത്തുമ്പോള്‍, അവരുടെ പ്രണയ ജീവിതം, ഭര്‍ത്താവ്, കുട്ടികള്‍, വീട്ടുജോലികള്‍, പാചക വൈദഗ്ദ്ധ്യം ഇത്യാദി കാര്യങ്ങളാണ് മാധ്യമങ്ങള്‍ക്ക് എപ്പോഴും ആദ്യം അറിയേണ്ടത്.
ഇതൊക്കെ അറിഞ്ഞിട്ട് എന്ത് സന്തോഷമാണാവോ കിട്ടുന്നത്! ഏതു തരം പ്രോഗ്രാമിലേക്കാണ് അനാര്‍ക്കലിയെ ക്ഷണിച്ചതെന്നുപോലും ഒരു വേള മാധ്യമപ്രവര്‍ത്തകന്‍ മറന്നുപോയതുപോലെയായിരുന്നു ആ കുറച്ച് നിമിഷങ്ങള്‍. എന്റെ സംശയം, ഇതുപോലത്തെ അന്തസില്ലാത്ത, സ്വകാര്യത ചികഞ്ഞെടുക്കുന്ന ചോദ്യങ്ങള്‍ ഒരു പുരുഷനോട് ചോദിക്കാന്‍ അരുണ്‍കുമാറിന് സാധിക്കുമോ എന്നതാണ്..!