എഴുപത്തഞ്ചോളം സിനിമകളില്‍ അഭിനയിച്ചുവെങ്കിലും മണികണ്ഠന്‍ എന്ന നടനെ അടയാളപ്പെടുത്തുന്ന മികച്ച രംഗങ്ങളില്‍ ഒന്നായിരുന്നു മീശമാധവന്‍ എന്ന ചിത്രത്തിലെ 'കൃഷ്ണവിലാസം ഭഗീരഥന്‍ പിള്ള.. വലിയ വെടി.. ചെറിയ വെടി'... എന്ന അനൗണ്‍സറുടെ വേഷം. പിന്നെ തിളങ്ങിയത് സൂപ്പര്‍ ശരണ്യയിലെ അച്ഛന്റെ വേഷത്തിലാണ്. എങ്കിലും മറിമായത്തിലൂടെ സത്യശീലനായി മിനിസ്‌ക്രീനില്‍ വര്‍ഷങ്ങളായി തിളങ്ങിനില്‍ക്കുന്ന മണികണ്ഠന്‍ പട്ടാമ്പിയുടെ സ്വകാര്യ വിശേഷമാണ് ഇപ്പോള്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിയിരിക്കുന്നത്. നടന്റെ മൂത്തമകള്‍ സാന്ദ്രയുടെ വിവാഹമാണത്. ബി ഫാം പഠനം പൂര്‍ത്തിയാക്കിയ സാന്ദ്ര ഇന്ന് രാവിലെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചാണ് വിവാഹിതയായത്. ഹരികൃഷ്ണനാണ് വരന്‍. ലളിതമായ ചടങ്ങുകളോടെ വിവാഹം നടന്നത്. ചടങ്ങില്‍ അടുത്ത ബന്ധുക്കളും 'മറിമായം' താരങ്ങളും എല്ലാം പങ്കെടുക്കുകയും വധൂവരന്മാരെ അനുഗ്രഹിക്കുകയും ചെയ്തിരുന്നു.
നടനും തിരക്കഥാകൃത്തുമൊക്കെയാണ് മണികണ്ഠന്‍ പട്ടാമ്പി. പാലക്കാട് പട്ടാമ്പിക്കാരനായ നടന്റെ ഭാര്യ ജലജ ആണ്. ഇളയ മകള്‍ ശ്രേയ പ്ലസ് ടു കഴിഞ്ഞ് ഉപരിപഠനം നടത്തുകയാണ്. ടെലിവിഷന്‍ ചരിത്രത്തില്‍ തന്നെ വലിയ വിജയമായി മാറിയ 'മറിമായം' പരമ്പരയിലെ സഹപ്രവര്‍ത്തകരും മണികണ്ഠന്റെ സന്തോഷത്തില്‍ പങ്കുചേരാന്‍ ഗുരുവായൂരിലെത്തിയിരുന്നു. അഭിനേതാക്കളായ വിനോദ് കോവൂര്‍, സ്നേഹ ശ്രീകുമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ കവരുകയാണ്. ടെലിവിഷന്‍ പരമ്പരകളിലൂടെയും സിനിമകളിലൂടെയും മലയാളി പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതനാണ് മണികണ്ഠന്‍ പട്ടാമ്പി. സ്വന്തം പേരിനേക്കാളുപരി 'മറിമായം' എന്ന ജനപ്രിയ ആക്ഷേപഹാസ്യ പരമ്പരയിലെ 'സത്യശീലന്‍' എന്ന കഥാപാത്രമായാണ് മണികണ്ഠന്‍ ജനമനസ്സുകളില്‍ ഇടംനേടിയത്. പരമ്പരയിലെ സ്വാഭാവിക അഭിനയത്തിന് മികച്ച ഹാസ്യതാരത്തിനുള്ള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡും മണികണ്ഠന്‍ സ്വന്തമാക്കിയിട്ടുണ്ട്.
തൃശ്ശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമയിലെ പഠനത്തിന് ശേഷം നാടകവേദികളിലൂടെയാണ് മണികണ്ഠന്‍ അഭിനയജീവിതം ആരംഭിക്കുന്നത്. 'മണ്‍കോലങ്ങള്‍' എന്ന ചിത്രത്തിലൂടെയായിരുന്നു വെള്ളിത്തിരയിലേക്കുള്ള അരങ്ങേറ്റം. ഈ ചിത്രത്തിലെ പ്രകടനം സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണ്ണയ സമിതിയുടെ പ്രത്യേക പരാമര്‍ശം നേടി. തുടര്‍ന്ന് ലാല്‍ ജോസ് ചിത്രം 'മീശമാധവന്‍', 'രസികന്‍', 'അറബിക്കഥ', 'അച്ഛനുറങ്ങാത്ത വീട്', 'കഥ പറയുമ്പോള്‍', 'ചക്കരമുത്ത്', 'നിദ്ര', 'ഈ അടുത്ത കാലത്ത്' തുടങ്ങി ഒട്ടേറെ ശ്രദ്ധേയ ചിത്രങ്ങളില്‍ അഭിനയിച്ചു.