മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ ഒന്നടങ്കം നെഞ്ചേറ്റിയ ജനപ്രിയ പരമ്പരയാണ് 'ഉപ്പും മുളകും'. ബാലു, നീലു, ലച്ചു, മുടിയന്‍, ശിവാനി, കേശു, പാറുക്കുട്ടി എന്നീ കഥാപാത്രങ്ങളെല്ലാം മലയാളി കുടുംബങ്ങള്‍ക്ക് സ്വന്തം വീടുകളിലെ അംഗങ്ങളെപ്പോലെ പ്രിയപ്പെട്ടവരാണ്. യൂട്യൂബില്‍ ഏറ്റവുമധികം കാഴ്ചക്കാരുള്ള മലയാളം പരമ്പരകളിലൊന്നു കൂടിയാണിത്. ബിജു സോപാനം, നിഷ സാരംഗ്, അന്‍സാബിത്ത്, ശിവാനി, വിഷ്ണു, ജൂഹി റുസ്തഗി, അമേയ തുടങ്ങിയവരാണ് പരമ്പരയില്‍ പ്രധാന വേഷങ്ങളിലെത്തി ശ്രദ്ധ നേടിയത്.
എന്നാല്‍, ചില അസ്വാരസ്യങ്ങളെയും പ്രശ്‌നങ്ങളെയും തുടര്‍ന്ന് പരമ്പരയിലെ പ്രധാന താരങ്ങളായ ബിജു സോപാനവും നിഷ സാരംഗും ഇതില്‍ നിന്നും പിന്മാറിയിരുന്നു. ഇതിനെത്തുടര്‍ന്ന് നിലവില്‍ പരമ്പരയുടെ പഴയ എപ്പിസോഡുകളാണ് സംപ്രേഷണം ചെയ്തുകൊണ്ടിരിക്കുന്നത്. പരമ്പരയില്‍ നിന്നും വിട്ടുനില്‍ക്കുകയാണെങ്കിലും അതിലെ മക്കളായി അഭിനയിച്ച കേശു, പാറുക്കുട്ടി തുടങ്ങിയവരുമായുള്ള ആത്മബന്ധത്തിന് ഇന്നും യാതൊരു കോട്ടവും വന്നിട്ടില്ലെന്ന് നടന്‍ ബിജു സോപാനം വ്യക്തമാക്കുന്നു. 'മൂവി വേള്‍ഡ് മീഡിയ'യ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ തുറന്നുപറഞ്ഞത്.
''കേശുവും പാറുക്കുട്ടിയുമൊക്കെ ഇപ്പോഴും എന്നെ ഫോണില്‍ വിളിക്കാറുണ്ട്. പരമ്പരയിലെ വിശേഷങ്ങളൊക്കെ അന്വേഷിക്കാറുണ്ട്. അച്ഛാ ആ എപ്പിസോഡ് കണ്ടോ, ഈ എപ്പിസോഡ് കണ്ടോ എന്നൊക്കെയുള്ള കാര്യങ്ങള്‍ ചോദിച്ചറിയാറുണ്ട്. സീരിയലില്‍ അഭിനയിച്ചിരുന്ന കാലത്ത് എങ്ങനെയാണോ വിളിച്ചിരുന്നത്, അതുപോലെ ഇപ്പോഴും അവര്‍ എന്നെ 'അച്ഛാ' എന്നു തന്നെയാണ് വിളിക്കുന്നത്. അവരെല്ലാവരും ഒന്നിനൊന്ന് മെച്ചപ്പെട്ട കഴിവുള്ള കുട്ടികളാണ്. വളരെ ചെറിയ പ്രായത്തിലാണ് അവരെല്ലാം ഈ സീരിയലിലേക്ക് എത്തിയത്. ഇത്രയും കാലം ജനങ്ങളുടെ മനസ്സില്‍ നിറഞ്ഞുനില്‍ക്കാന്‍ സാധിക്കുക എന്നത് തന്നെ വളരെ വലിയ കാര്യമാണ്. ഇത്രയും നാള്‍ പ്രേക്ഷകരെ ബോറടിപ്പിക്കാതെ നില്‍ക്കാന്‍ അവര്‍ക്കായെന്നും ബിജു സോപാനം ഓര്‍മിച്ചു.
പരമ്പരയില്‍ നിന്നും പിന്മാറിയതിനെത്തുടര്‍ന്ന് താന്‍ ഇപ്പോള്‍ സിനിമകളില്‍ സജീവമാണെന്നും തത്കാലം സിറ്റ്കോമുകളില്‍ നിന്നും ഒരു ചെറിയ ഇടവേള എടുത്തിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ''കുറച്ചുനാള്‍ മാറിനില്‍ക്കേണ്ട ഒരു സാഹചര്യം വന്നു, എന്നാല്‍ അത് എനിക്ക് ഗുണകരമായി മാറി. കാരണം ഇപ്പോള്‍ സിനിമകളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ എനിക്ക് സാധിക്കുന്നുണ്ട്. സിറ്റ്കോം ചെയ്തുകൊണ്ടിരുന്ന ആ കാലത്ത് മാസത്തില്‍ പത്തു ദിവസത്തില്‍ കൂടുതല്‍ എന്നെക്കൊണ്ട് സിനിമകള്‍ ചെയ്യാന്‍ സാധിക്കുമായിരുന്നില്ല. കാരണം പരമ്പരയുടെ ഷൂട്ടിനായി മാത്രം മാസം ഇരുപത് ദിവസത്തോളം മാറ്റിവെക്കേണ്ടി വന്നിരുന്നു. ഏറെ ബുദ്ധിമുട്ടുകള്‍ സഹിച്ചും അഡ്ജസ്റ്റ് ചെയ്തുമാണ് അന്ന് സിനിമകള്‍ ചെയ്തിരുന്നത്'', ബിജു സോപാനം കൂട്ടിച്ചേര്‍ത്തു.
സിനിമകളില്‍ കൂടുതല്‍ സജീവമാകണമെങ്കില്‍ മിനിസ്‌ക്രീന്‍ മേഖലയില്‍ നിന്നും താല്‍ക്കാലികമായെങ്കിലും വിട്ടുനില്‍ക്കേണ്ടത് ആവശ്യമായിരുന്നുവെന്നും താരം പറഞ്ഞു. നിലവില്‍ താന്‍ ഏഴ് സിനിമകള്‍ ചെയ്തു കഴിഞ്ഞതായും അവ ഓരോന്നായി റിലീസിനൊരുങ്ങിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. കൂടാതെ, മറ്റ് പുതിയ സിനിമകളുടെ ചര്‍ച്ചകളും അണിയറയില്‍ പുരോഗമിക്കുന്നുണ്ടെന്നും ബിജു സോപാനം അഭിമുഖത്തില്‍ വ്യക്തമാക്കി.