Latest News

മനോരമ ന്യൂസില്‍ നിന്ന് നിഷാ പുരുഷോത്തമന്‍ രാജിവെച്ചു; മൂന്ന് മാസത്തെ നോട്ടീസ് കാലാവധി നല്‍കി; രാജി സ്വീകരിക്കാതെ അനുനയ ചര്‍ച്ചകളുമായി ചാനല്‍ മാനേജ്മെന്റ്; ഓഫറുകള്‍ തള്ളി നിഷ

Malayalilife
മനോരമ ന്യൂസില്‍ നിന്ന് നിഷാ പുരുഷോത്തമന്‍ രാജിവെച്ചു; മൂന്ന് മാസത്തെ നോട്ടീസ് കാലാവധി നല്‍കി; രാജി സ്വീകരിക്കാതെ അനുനയ ചര്‍ച്ചകളുമായി ചാനല്‍ മാനേജ്മെന്റ്; ഓഫറുകള്‍ തള്ളി നിഷ

മലയാള മാധ്യമ രംഗത്ത് ഏറെ ശ്രദ്ധേയയായ പ്രമുഖ മാധ്യമപ്രവര്‍ത്തക നിഷാ പുരുഷോത്തമന്‍ മനോരമ ന്യൂസില്‍ നിന്നും പടിയിറങ്ങുന്നു. ചാനലിലെ ഏറ്റവും പ്രമുഖമായ രാത്രികാല ചര്‍ച്ചയായ 'കൗണ്ടര്‍ പോയിന്റ്' അടക്കമുള്ള പ്രധാന പരിപാടികള്‍ നയിച്ച മുഖമാണ് നിഷ. മാനേജ്മെന്റിന് ഔദ്യോഗികമായി രാജി സമര്‍പ്പിച്ച താരം നിലവില്‍ മൂന്ന് മാസത്തെ നോട്ടീസ് കാലാവധിയിലാണ് ഉള്ളത്. വരുന്ന ഡിസംബറോടുകൂടി താരം മനോരമ ന്യൂസ് പൂര്‍ണ്ണമായി വിട്ട് പുറത്തിറങ്ങുമെന്നാണ് ലഭിക്കുന്ന വിവരം. കുറച്ചുകാലമായി ഡല്‍ഹി ബ്യൂറോയായിരുന്നു മാധ്യമപ്രവര്‍ത്തന കേന്ദ്രം.

വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് ചാനലിന്റെ തുടക്കം മുതല്‍ ജോലി ചെയ്യുന്ന നിഷ പുരുഷോത്തമന്‍ രാജി സമര്‍പ്പിച്ചത്. മലയാളി പ്രേക്ഷകരുടെ സ്വീകരണമുറികളില്‍ സ്ഥിര സാന്നിധ്യമായ നിഷയുടെ ഈ അപ്രതീക്ഷിത രാജി മാനേജ്മെന്റിനെ ഏറെ ഞെട്ടിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ താരത്തിന്റെ രാജി ഇതുവരെ മാനേജ്മെന്റ് ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല. രാജിയില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ മനോരമയുടെ ചാനല്‍ സംരംഭങ്ങളുടെ മേധാവി തന്നെ നേരിട്ട് രംഗത്തിറങ്ങി ചര്‍ച്ചകള്‍ നടത്തി വരികയാണ്.

ഏതെങ്കിലും അഭിപ്രായ വ്യത്യാസങ്ങളുടെ പുറത്തല്ല താരം പടിയിറങ്ങുന്നത് എന്നാണ് പുറത്തുവരുന്ന പ്രധാനപ്പെട്ട ആദ്യ വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. ഒരു വര്‍ഷം മുന്‍പ് തന്നെ സ്ഥലം മാറ്റം ആവശ്യപ്പെട്ട് ചാനല്‍ അധികൃതര്‍ക്ക് അവര്‍ അപേക്ഷ നല്‍കിയിരുന്നതായി അറിയാം. ആരോഗ്യ പ്രശ്നങ്ങള്‍ അടക്കം ചൂണ്ടിക്കാണിച്ചു കൊണ്ട് നല്‍കിയ ആ അപേക്ഷ അന്ന് നിരസിക്കപ്പെടുകയായിരുന്നു. പിന്നീട് നടന്ന വാര്‍ഷിക സ്ഥലം മാറ്റത്തിലും മാനേജ്മെന്റ് നിഷയുടെ അപേക്ഷ പരിഗണിച്ചിരുന്നില്ല എന്ന് വിവരം പുറത്തുവരുന്നുണ്ട്. ഇതോടെ വലിയ തോതില്‍ നിരാശയിലായ താരം അനുകൂലമായ സാഹചര്യം വന്നപ്പോള്‍ രാജി വെക്കുകയാണുണ്ടായത്. മറ്റ് ചാനലുകളില്‍ നിന്ന് മികച്ച ഓഫറുകള്‍ ലഭിച്ചത് കൊണ്ടല്ല ഈ രാജിയെന്ന് നിഷയോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. എങ്കിലും കമ്പനിയോടുള്ള സ്നേഹവും കടപ്പാടും എക്കാലത്തും ഉണ്ടാകുമെന്ന് മാത്രമാണ് താരം പ്രതികരിച്ചത്.

കേരളത്തിലെ ടെലിവിഷന്‍ ജേര്‍ണലിസത്തിന്റെ ആദ്യകാലം മുതല്‍ രംഗത്തുള്ള വളരെ പരിചയസമ്പന്നയായ വ്യക്തിയാണ് നിഷാ പുരുഷോത്തമന്‍. മനോരമയുടെ ജേര്‍ണലിസം സ്‌കൂളായ മാസ്‌കോമില്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷമാണ് അവര്‍ മാധ്യമപ്രവര്‍ത്തനത്തിലേക്ക് കടന്നുവരുന്നത്. 2003-ല്‍ ഇന്ത്യാ വിഷന്‍ ന്യൂസ് ചാനലിലൂടെയാണ് നിഷ തന്റെ മാധ്യമപ്രവര്‍ത്തന രംഗത്തേക്ക് ഔദ്യോഗികമായി കാല്‍വെക്കുന്നത്. കേരളത്തിലെ ആദ്യത്തെ മുഴുവന്‍ സമയ വാര്‍ത്താ ചാനലായ ഇന്ത്യാ വിഷന്റെ തുടക്കം മുതല്‍ പ്രവര്‍ത്തിച്ച് താരം വേഗത്തില്‍ ശ്രദ്ധ നേടി.

വലിയ രാഷ്ട്രീയ പ്രാധാന്യമുള്ള സംഭവങ്ങള്‍ നിഷ വിജയകരമായി റിപ്പോര്‍ട്ട് ചെയ്തു. പിന്നീട് 'ടോക്കിങ്ങ് പോയിന്റ്' എന്ന ജനപ്രിയ പൊതുജന സംവാദ പരിപാടിയിലൂടെയാണ് അവര്‍ മികച്ച അവതാരക എന്ന പേര് നേടിയെടുത്തത്. ഇന്ത്യാ വിഷനില്‍ നിന്ന് 2005-ല്‍ മനോരമ ന്യൂസില്‍ എത്തിയ നിഷ, ചാനലിന്റെ തുടക്കം മുതല്‍ ഒപ്പമുണ്ടായിരുന്ന പ്രമുഖ മാധ്യമ പ്രവര്‍ത്തകയാണ്. ചാനലിലെ മറ്റ് പ്രമുഖ അവതാരകരുമായി ചെറിയ മത്സരങ്ങള്‍ ഉണ്ടെങ്കിലും നിഷയെ മാനേജ്മെന്റ് ഏറെ പ്രാധാന്യത്തോടെയാണ് കണ്ടിരുന്നത്.

ഡല്‍ഹി ബ്യൂറോ മേധാവിയായി നിയമിതയായി പോയപ്പോഴും മനോരമ ന്യൂസിന്റെ രാത്രി ചര്‍ച്ചയായ കൗണ്ടര്‍ പോയിന്റിന്റെ മുഖ്യ അവതാരകയായി അവര്‍ തുടര്‍ന്നു. ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം ഡല്‍ഹിയില്‍ നിന്ന് പ്രത്യേകമായിട്ടാണ് നിഷ ഈ പരിപാടി അവതരിപ്പിച്ച് പോന്നിരുന്നത്. രാഷ്ട്രീയ ചര്‍ച്ചകളില്‍ ഭരണകൂടത്തോട് ശക്തമായ ചോദ്യങ്ങള്‍ ചോദിക്കുന്ന നിഷയുടെ രീതി ഏറെ പ്രശംസ നേടിയിരുന്നു. സിപിഎം പ്രതിനിധികളുമായി ചര്‍ച്ചകളില്‍ പലപ്പോഴും കൊമ്പുകോര്‍ത്ത നിഷയുടെ ചില വാഗ്വാദങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വലിയ രീതിയില്‍ വൈറലായിരുന്നു.

രാഷ്ട്രീയ പശ്ചാത്തലമുള്ള ഒരു കുടുംബത്തില്‍ നിന്നാണ് നിഷാ പുരുഷോത്തമം കടന്നുവരുന്നത് എന്നത് വളരെ ശ്രദ്ധേയമായ ഒരു കാര്യമാണ്. ഇടുക്കി ഉടുമ്പഞ്ചോര കുമളി സ്വദേശിനിയായ നിഷയുടെ പിതാവ് ടി.ജി. പുരുഷോത്തമന്‍ പ്രമുഖ കോണ്‍ഗ്രസ് നേതാവാണ്. കുമളി തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റായും ഡി.സി.സി സെക്രട്ടറിയായും കെപിസിസി അംഗമായുമൊക്കെ അദ്ദേഹം ദീര്‍ഘകാലം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള മുന്‍നിര കോണ്‍ഗ്രസ് നേതാക്കള്‍ ഹൈറേഞ്ചില്‍ സന്ദര്‍ശനത്തിനെത്തുമ്പോള്‍ താമസിച്ചിരുന്നത് ഇവരുടെ വീട്ടിലായിരുന്നു.

nisha purushothaman resigned manorama

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES