മലയാളികള്‍ക്ക് സുപരിചിതമായ മുഖമാണ് നടി മങ്ക മഹേഷിന്റേത്. മിനിസ്‌ക്രീനിലും ബിഗ്സ്ക്രീനിലും അമ്മ വേഷത്തില്‍ തിളങ്ങുകയാണ് താരം. വളരെ ചെറുപ്പത്തില്‍ തന്നെ അഭിനയരംഗത്തേക്ക് എത്തിയ നടിയാണ് മങ്ക മഹേഷ്. അമ്പലപ്പുഴയാണ് മങ്കമഹേഷിന്റെ ജന്മനാട്. അഞ്ചു സഹോദരങ്ങളാണ് താരത്തിന്. ആലപ്പുഴയാണ് മങ്ക പഠിച്ചു വളര്‍ന്നത്. അച്ഛനമ്മമാരുടെ ഏറ്റവും ഇളയ മകളായ താരം സ്‌കൂള്‍ കാലം മുതല്‍ തന്നെ കലാരംഗത്ത് തിളങ്ങിയിരുന്നു. നൃത്തത്തിലൂടെ കലാജീവിതം തുടങ്ങിയ താരം പിന്നീട് നാടകത്തിലേക്ക് എത്തി. കെപിഎസി വഴിയാണ് മങ്ക അഭിനയജീവിതം തുടങ്ങിയത്. കെപിഎസിയില്‍ വച്ചാണ് താരം തന്റെ പാതിയായ മഹേഷിനെ പരിചയപ്പെടുന്നത്. പിന്നീട് ഇരുവരും പ്രണയത്തിലീവുകയും വിവാഹിതരാവുകയും ചെയ്തു.
വിവാഹത്തോടെ ആലപ്പുഴയില്‍ നിന്നും താരം ഭര്‍ത്താവ് മഹേഷിന്റെ നാടായ തിരുവന്തപുരത്തേക്ക് ചേക്കേറുകയായിരുന്നു. മകള്‍ ജനിച്ചതോടെയാണ് മങ്ക കലാജീവിതത്തിന് ഇടവേള നല്‍കുന്നത്. മകള്‍ വളര്‍ന്ന ശേഷം ദൂരദര്‍ശനിലെ പരമ്പരകളിലൂടെയാണ് മടങ്ങി വരവ്. ഇതിന് പിന്നാലെ സിനിമയിലും ചാന്‍സ് ലഭിക്കുകയായിരുന്നു. 1997 ല്‍ പുറത്തിറങ്ങിയ മന്ത്രമോതിരമാണ് ആദ്യത്തെ സിനിമ. പിന്നീട് പഞ്ചാബിഹൗസ് ചെയ്തു.അതിലെ ദിലീപിന്റെ അമ്മവേഷത്തിനു ശേഷം തുടരെ അമ്മവേഷങ്ങള്‍ തേടിയെത്തി. പിന്നീട് ആ വര്‍ഷം തന്നെ എംടി-ഹരിഹരന്‍ ടീമിന്റെ 'എന്ന് സ്വന്തം ജാനകിക്കുട്ടി'യില്‍ അവസരം ലഭിച്ചു. കരിയറിലെ ഏറ്റവും വലിയ അംഗീകാരങ്ങളില്‍ ഒന്നായിട്ടാണ് ഇതിനെ കാണുന്നത്- നടി അഭിമുഖത്തില്‍ പറയുന്നു. അങ്ങനെ മൂന്ന് , നാല് വര്‍ഷങ്ങള്‍ കടന്നു പോയി. അഭിനയ ജീവിതവും കുടുംബ ജീവിതവും സുഗമമായി പോകുന്നതിനിടക്കാണ് മങ്ക മഹേഷിനെ തകര്‍ത്തു കൊണ്ട് ഭര്‍ത്താവ് വിടപറയുന്നത്.
ഭര്‍ത്താവ് മരിച്ചതോടെ മങ്ക മഹേഷ് തിരുവന്തപുരത്തെ വീടും താമസസ്ഥലവും വിറ്റ് സ്വന്തം നാടായ ആലപ്പുഴയിലേക്ക് മടങ്ങിയെത്തി. ഇതിനിടെ ഏക മകള്‍ വിവാഹിതയായി. മകള്‍ കുടുംബവുമൊത്ത് വിദേശത്ത് താമസമാക്കിയതോടെ മങ്കയുടെ ജീവിതത്തില്‍ വീണ്ടും ശൂന്യത തളം കെട്ടി. അതോടെയാണ് വീണ്ടുമൊരു വിവാഹത്തെക്കുറിച്ച് ചിന്തിച്ചത്. തുടര്‍ന്ന് തന്റെ ജീവിത പങ്കാളിയെ താരം കണ്ടെത്തി. ഇപ്പോള്‍ ഭര്‍ത്താവിനൊപ്പം ആലുപ്പുഴയിലെ വീട്ടിലാണ് താരം താമസം. ഇപ്പോള്‍ സിനിമയ്ക്കൊപ്പം സീരിയലിലും സജീവമാണ് താരം. സീ കേരളം ചാനലിലെ നീയും ഞാനും എന്ന പരമ്പരയിലാണ് മങ്ക മഹേഷ് ഇപ്പോള്‍ അഭിനയിക്കുന്നത്.