ഒരു വര്‍ഷം മുമ്പ് ഫ്‌ളവേഴ്‌സ് ചാനലില്‍ സംപ്രേക്ഷണം ആരംഭിച്ച പരമ്പരയാണ് മഹാലക്ഷ്മി. വര്‍ഷങ്ങളായി മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി നിറഞ്ഞുനില്‍ക്കുന്ന നടന്‍ അരുണ്‍ രാഘവനാണ് പരമ്പരയില്‍ നായകനായി എത്തുന്നത്. റേറ്റിംഗില്‍ ഒന്നാമത് നില്‍ക്കുന്ന പരമ്പരയില്‍ നായികയായി വരുന്ന നയനാ പ്രസാദ് ഇതാ വിവാഹിതയായിരിക്കുകയാണ്. അതിവേഗം തന്നെ മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഹൃദയങ്ങള്‍ കീഴടക്കിയ നയനാ ആഴ്ചകള്‍ക്ക് മുമ്പാണ് തന്നെ പെണ്ണുകാണാനെത്തിയ ചെക്കന്റേയും കൂട്ടരുടേയും വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.
അപ്പോഴാണ് വിവാഹ വിശേഷം ആരാധകര്‍ അറിഞ്ഞതും. ഇപ്പോഴിതാ, ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ച് താലികെട്ട് നടന്നിരിക്കുകയാണ്. തുടര്‍ന്ന് തൊട്ടടുത്തുള്ള സൂര്യാസ് ചന്ദന ഇന്‍ എന്ന ഹോട്ടലില്‍ വച്ച് വിവാഹ റിസപ്ഷനും നടന്നു. തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ചിത്രങ്ങളിലൂടെയാണ് വിവാഹവിശേഷം ആരാധകര്‍ അറിഞ്ഞത്. മനീഷ് എന്ന പയ്യനാണ് നയനയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്. ഇരുവരുടേയും പ്രണയ വിവാഹമാണെന്നാണ് സൂചന.
മോഡലിംഗിലൂടെയും സിനിമകളിലൂടെയും നിറഞ്ഞു നിന്ന നയനയുടെ ആദ്യ സീരിയലാണ് മഹാലക്ഷ്മി. അതു കൂടാതെ, അവതാരകയായും അധ്യാപികയായും ഇന്‍ഫ്‌ളുവന്‍സറായും എല്ലാം നിരവധി മേഖലകളില്‍ കഴിവു തെളിയിച്ചിട്ടുള്ള നയന നഴ്‌സിംഗിലാണ് പഠനം പൂര്‍ത്തിയാക്കിയത്. ശേഷം കുറച്ചു കാലം എറണാകുളം ജനറല്‍ ഹോസ്പിറ്റലില്‍ നഴ്‌സായും ജോലി ചെയ്തിട്ടുണ്ട്. കോളേജ് ടീച്ചറായി ജോലി ചെയ്യുന്നതിനിടെയാണ് അഭിനയ രംഗത്തും നിറഞ്ഞു നില്‍ക്കുന്നത്.
പഠിക്കുന്ന കാലത്തു തന്നെ നൃത്തത്തിലും നാടകത്തിലും എല്ലാം സജീവമായിരുന്ന നയന പരസ്യ ചിത്രങ്ങളിലും ആല്‍ബങ്ങളിലും എല്ലാം ചെറിയ വേഷങ്ങള്‍ ചെയ്തായിരുന്നു തുടക്കം. കേരളാ വിഷന്‍ ചാനലിലും അവതാരകയായി പ്രവര്‍ത്തിച്ചിട്ടുള്ള താരം നീലി എന്ന സിനിമയില്‍ ചെറിയ വേഷം ചെയ്തുകൊണ്ടാണ് സിനിമയിലേക്ക് കാലെടുത്തു വയ്ക്കുന്നത്. പിന്നീട് കട്ടപ്പനിലെ ഋത്വിക് റോഷന്‍, ഒരു സ്മാര്‍ട്ട് ഫോണ്‍ പ്രണയം, 2018, സായാഹ്ന വാര്‍ത്തകള്‍, ഉപചാരപൂര്‍വ്വം ഗുണ്ട ജയന്‍ തുടങ്ങിയ സിനിമകളിലും അഭിനയിച്ചു. ഒരു സ്മാര്‍ട്ട് ഫോണ്‍ പ്രണയം എന്ന സിനിമയില്‍ നായികയായി അഭിനയിച്ചുവെങ്കിലും സിനിമ ഇതുവരെ റിലീസ് ചെയ്തിട്ടില്ല. ഉപചാരപൂര്‍വ്വം ഗുണ്ട ജയനില്‍ ഷൈജു കുറുപ്പിന്റെ സഹോദരിയായി അഭിനയിക്കുകയും ചെയ്തു. പിന്നാലെയാണ് മഹാലക്ഷ്മി എന്ന പരമ്പരയിലേക്കും എത്തിയത്.