Latest News

എന്റെ സുധി പോയിട്ട് 3 വര്‍ഷം; എന്നും ഒന്നിച്ചായിരുന്നു; അതിനാല്‍ ഒരു ചിത്രം പോലും എടുക്കാന്‍ ഞങ്ങള്‍ മറന്നു; കൂട്ടുകാരനെ നഷ്ടപ്പെട്ട  ദിവസം ബിനു അടിമാലി കുറിച്ചത്

Malayalilife
എന്റെ സുധി പോയിട്ട് 3 വര്‍ഷം; എന്നും ഒന്നിച്ചായിരുന്നു; അതിനാല്‍ ഒരു ചിത്രം പോലും എടുക്കാന്‍ ഞങ്ങള്‍ മറന്നു; കൂട്ടുകാരനെ നഷ്ടപ്പെട്ട  ദിവസം ബിനു അടിമാലി കുറിച്ചത്

 മലയാളി പ്രേക്ഷകരെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയ നടന്‍ കൊല്ലം സുധിയുടെ വിയോഗത്തിന് മൂന്ന് വര്‍ഷം തികയുമ്പോള്‍, അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപെട്ട പ്രിയ സുഹൃത്ത് ബിനു അടിമാലിയുടെ ഓര്‍മ്മക്കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ നോവറാകുന്നു. സുധിയുടെ വിയോഗത്തിന് ശേഷം മാസങ്ങള്‍ നീണ്ട ചികിത്സയിലൂടെയും മാനസിക വിഷമങ്ങളിലൂടെയും കടന്നുപോയാണ് ബിനു അടിമാലി സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്. ആരോഗ്യം വീണ്ടെടുത്ത ശേഷം സുധിയുടെ കുടുംബത്തെ അദ്ദേഹം സന്ദര്‍ശിച്ചിരുന്നു.

എന്റെ സുധി പോയിട്ട് മൂന്ന് വര്‍ഷം. ഞങ്ങള്‍ എന്നും ഒന്നിച്ചായിരുന്നു. എപ്പോഴും കൂടെയുണ്ടായിരുന്നതിനാല്‍ ഒരു ചിത്രം പോലും ഒരുമിച്ച് എടുക്കാന്‍ ഞങ്ങള്‍ മറന്നിരുന്നു...' എന്ന് കുറിച്ചുകൊണ്ട്, തങ്ങളുടെ ഒരുമിപ്പിച്ചു വരച്ച ചിത്രം സമ്മാനിച്ച സുഹൃത്ത് അതുലിന് ബിനു നന്ദി പറഞ്ഞു. 

സുധിയുടെ മരണത്തോടെ സ്റ്റാര്‍ മാജിക്കും ആ കൂട്ടായ്മയുമെല്ലാം ഇല്ലാതായെന്ന രീതിയിലുള്ള സങ്കടക്കടലാണ് ആരാധകര്‍ കമന്റ് ബോക്‌സില്‍ പങ്കുവെക്കുന്നത്. സുധിച്ചേട്ടന്‍ ദൂരെയേതോ ലൊക്കേഷനിലേക്ക് ഷൂട്ടിംഗിന് പോയതായി വിശ്വസിക്കാനാണ് തങ്ങള്‍ക്ക് ഇഷ്ടമെന്നാണ് മറ്റ് സഹതാരങ്ങളും പറയുന്നത്. 

അപകടം നടന്ന ആ കറുത്ത ദിവസത്തെക്കുറിച്ച് ബിനു അടിമാലി ഓര്‍ക്കുന്നത് ഇങ്ങനെയാണ്: 'അന്ന് എന്തോ സംഭവിക്കാന്‍ പോവുകയാണെന്നൊരു തോന്നല്‍ മനസ്സില്‍ വന്നിരുന്നു. വണ്ടിയുടെ മുന്‍സീറ്റിലായിരുന്നു സുധി ഇരുന്നിരുന്നത്. വഴിയില്‍ ഭക്ഷണം കഴിക്കാനിറങ്ങിയപ്പോഴും അവന്‍ മുന്നിലെ സീറ്റില്‍ തന്നെ പോയി ഇരുന്നു, അവിടെനിന്ന് മാറുന്നേയുണ്ടായിരുന്നില്ല. അന്ന് കരിയറിലെ ഏറ്റവും നല്ലൊരു എനര്‍ജിയിലായിരുന്നു അവന്‍. ഇത്രയും സന്തോഷത്തില്‍ ഇവനെ മുന്‍പൊന്നും കണ്ടിട്ടില്ലല്ലോ എന്ന് ഞാന്‍ ഓര്‍ത്തു. അവസാനമായി ഞാന്‍ കാണുമ്പോള്‍ അവന്‍ ഉറങ്ങുകയായിരുന്നു, പിന്നീട് ഞാന്‍ കണ്ണ് തുറക്കുമ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു. സുധിയുടെ മുഖത്ത് അപകടത്തില്‍ ഒരു പാടുണ്ടായിരുന്നു; അവന്‍ പോയപ്പോള്‍ ആ പാട് എന്റെ മുഖത്തും അവശേഷിപ്പിച്ചു. അവന്റെ മുഖത്ത് എവിടെയായിരുന്നോ ആ പാട്, അതേ സ്ഥലത്ത് തന്നെയാണ് ഇപ്പോള്‍ എനിക്കും ആ അടയാളമുള്ളത്...' 

അപകടമുണ്ടാക്കിയ വലിയ ഷോക്കില്‍ നിന്നും ഡിപ്രഷനില്‍ നിന്നും കടുത്ത ചികിത്സകളിലൂടെയാണ് ബിനു അടിമാലി കരകയറിയത്. മാനസികമായി തളര്‍ന്ന സമയത്ത് ഹോസ്പിറ്റലില്‍ പോകുന്നതിനേക്കാള്‍ നല്ലത് മിമിക്രി അസോസിയേഷന്റെ പരിപാടികളില്‍ പങ്കെടുക്കുന്നതാണെന്ന് ഡോക്ടര്‍ നിര്‍ദ്ദേശിച്ച കാര്യവും അദ്ദേഹം ഓര്‍ത്തെടുത്തു. ആരോടും പരിഭവമില്ലാത്ത, ആര് കുറ്റം പറഞ്ഞാലും ചിരിച്ചുതള്ളുന്ന സ്വഭാവമായിരുന്നു സുധിയുടേത്. സ്റ്റേജിലെ ബോഡി ഷെയ്മിങ് തമാശകളെപ്പോലും കലയായി മാത്രം കണ്ട് ആസ്വദിച്ച വ്യക്തിയായിരുന്നു അവന്‍. 

സുധിയുടെ മരണശേഷം സാമ്പത്തികമായി ബുദ്ധിമുട്ടിലായ കുടുംബത്തെ താങ്ങിനിര്‍ത്താന്‍ ഭാര്യ രേണു കലാമേഖലയിലേക്ക് കടന്നുവന്നതിനെ ബിനു അടിമാലിയും ഷിയാസ് കരീമും ഉള്‍പ്പെടെയുള്ള സുഹൃത്തുക്കള്‍ പൂര്‍ണ്ണമായി പിന്തുണച്ചു. അവര്‍ക്ക് ജീവിക്കാന്‍ വേണ്ടിയാണ് രേണു ഈ മേഖല തിരഞ്ഞെടുത്തതെന്നും അവരെ സ്വന്തം ജോലി ചെയ്യാന്‍ അനുവദിച്ച് കൂടെ നില്‍ക്കുകയാണ് വേണ്ടതെന്നും സുഹൃത്തുക്കള്‍ ഒരേസ്വരത്തില്‍ വ്യക്തമാക്കുന്നു. മൂന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കൊല്ലം സുധി എന്ന കലാകാരന്‍ മലയാളി മനസ്സുകളില്‍ ഇന്നും ജീവിക്കുന്നു എന്നതിന്റെ തെളിവാണ് സോഷ്യല്‍ മീഡിയയിലെ ഈ അനുസ്മരണങ്ങള്‍.
 

Read more topics: # കൊല്ലം സുധി
binu adimali post about kollamsudhi

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES