Latest News

ട്രെയിലറിലും മറ്റും കണ്ട രംഗങ്ങള്‍ തിയേറ്ററില്‍ പ്രതീക്ഷിച്ചിരുന്നു; ഫൈനല്‍ കട്ടില്‍ സീനുകള്‍ നീക്കം ചെയ്ത കാര്യം മോഹന്‍ലാലോ ടീമോ അറിഞ്ഞിരുന്നില്ല; മലയാളികള്‍ക്കുള്ള സന്തോഷമില്ലായ്മ ഞങ്ങള്‍ക്കുമുണ്ട്'; ജയിലര്‍ 2 വിവാദത്തില്‍ ആന്റണി പെരുമ്പാവൂര്‍ 

Malayalilife
 ട്രെയിലറിലും മറ്റും കണ്ട രംഗങ്ങള്‍ തിയേറ്ററില്‍ പ്രതീക്ഷിച്ചിരുന്നു; ഫൈനല്‍ കട്ടില്‍ സീനുകള്‍ നീക്കം ചെയ്ത കാര്യം മോഹന്‍ലാലോ ടീമോ അറിഞ്ഞിരുന്നില്ല; മലയാളികള്‍ക്കുള്ള സന്തോഷമില്ലായ്മ ഞങ്ങള്‍ക്കുമുണ്ട്'; ജയിലര്‍ 2 വിവാദത്തില്‍ ആന്റണി പെരുമ്പാവൂര്‍ 

രജനീകാന്ത് നായകനായെത്തിയ 'ജയിലര്‍ 2'വില്‍ മോഹന്‍ലാലിന്റെ സീനുകള്‍ അവസാന നിമിഷം വെട്ടിമാറ്റിയതില്‍ പ്രതികരിച്ച് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍. ചിത്രത്തിന്റെ ഫൈനല്‍ എഡിറ്റില്‍ തന്റെ രംഗങ്ങള്‍ നീക്കം ചെയ്ത കാര്യം മോഹന്‍ലാലോ അദ്ദേഹത്തിന്റെ ടീമോ മുന്‍കൂട്ടി അറിഞ്ഞിരുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. 

 മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കവെയാണ് ആന്റണി പെരുമ്പാവൂര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. 'അത് നമ്മള്‍ മലയാളികള്‍ക്ക് സന്തോഷമുള്ള കാര്യമല്ലല്ലോ, ആ സന്തോഷമില്ലായ്മ ഞങ്ങള്‍ക്കുമുണ്ട്' എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സിനിമയുടെ ട്രെയിലറിലും പ്രൊമോഷനുകളിലും കണ്ട രംഗങ്ങള്‍ തിയേറ്ററിലും പ്രതീക്ഷിച്ചിരുന്നുവെന്നും ആന്റണി പറഞ്ഞു. 

'ജയിലര്‍' ആദ്യഭാഗത്തില്‍ 'മാത്യു' എന്ന അതിഥി വേഷത്തില്‍ മോഹന്‍ലാല്‍ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്. അതിനാല്‍ രണ്ടാം ഭാഗത്തിലും ലാലേട്ടന് വലിയ പ്രാധാന്യമുണ്ടാകുമെന്നാണ് പ്രേക്ഷകര്‍ കരുതിയിരുന്നത്. എന്നാല്‍ സിനിമ റിലീസായപ്പോള്‍ ഷൂട്ട് ചെയ്ത പല പ്രധാന രംഗങ്ങളും ഒഴിവാക്കിയ നിലയിലായിരുന്നു. ഇതോടെ മോഹന്‍ലാല്‍ ആരാധകര്‍ സോഷ്യല്‍ മീഡിയയിലടക്കം സംവിധായകന്‍ നെല്‍സണ്‍ ദിലീപ്കുമാറിനും അണിയറപ്രവര്‍ത്തകര്‍ക്കും എതിരെ കടുത്ത വിമര്‍ശനങ്ങളുമായി രംഗത്തെത്തി. മോഹന്‍ലാല്‍ ചിത്രത്തിന്റെ പോസ്റ്ററുകളോ പ്രൊമോഷനുകളോ പങ്കുവെക്കാതിരുന്നതും ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിരുന്നു. 

രംഗങ്ങള്‍ വെട്ടിമാറ്റിയതിലുള്ള നിരാശ കാരണമാണ് താരം സിനിമ പ്രൊമോട്ട് ചെയ്യാതിരുന്നതെന്നാണ് സോഷ്യല്‍ മീഡിയയുടെ വിലയിരുത്തല്‍. ആന്റണി പെരുമ്പാവൂരിന്റെ പ്രതികരണം കൂടിയെത്തിയതോടെ ഈ വിവാദം സോഷ്യല്‍ മീഡിയയില്‍ വീണ്ടും ചൂടുപിടിച്ചിരിക്കുകയാണ്. നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്ത് സണ്‍ പിക്ചേഴ്‌സ് നിര്‍മിച്ച 'ജയിലര്‍ 2'വില്‍ സുരാജ് വെഞ്ഞാറമൂട്, ജാക്കി ഷെറോഫ്, മിഥുന്‍ ചക്രവര്‍ത്തി, ഹൃത്വിക് രോഷന്‍, ശിവരാജ്കുമാര്‍, വിജയ് സേതുപതി, എസ്.ജെ. സൂര്യ, യോഗി ബാബു, വിദ്യ ബാലന്‍, രമ്യ കൃഷ്ണ തുടങ്ങി വന്‍ താരനിരയാണ് അണിനിരന്നത്.

antony perumbavoor ABOUT jailer 2

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES