ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന റിയാലിറ്റി ഷോ ആയ ബിഗ്‌ബോസിനോട് ആദ്യം പ്രേക്ഷകര്‍ മുഖംതിരിച്ചെങ്കിലും പിന്നീട് ഈ ഷോ മലയാളി ഹൃദയങ്ങള്‍ കീഴടക്കി മുന്നേറുകയായിരുന്നു. നൂറു ദിവസത്തെ മത്സരാര്‍ഥികളുടെ ജീവിതം ചിത്രീകരിക്കുന്ന ഷോ ഇന്നലെയാണ് 50 ദിവസങ്ങള്‍ പിന്നിട്ടത്. കൊട്ടിഘോഷിച്ചെത്തിയ പല മത്സരാര്‍ഥികളും ഇതോടകം ഷോയില്‍നിന്നും പുറത്തായി. ഇതൊടെ മത്സരം മുറുകിയിരിക്കുകയാണ്.
ജൂണ്‍ 24 നാണ് മലയാളികളുടെ പ്രിയനടന്‍ മോഹന്‍ലാല്‍ അവതാരകനായി പതിനാറ് പേരുമായി ബിഗ്‌ബോസ് ആരംഭിച്ചത്. നടീ-നടന്‍മാര്‍, അവതാരകര്‍, മോഡലുകള്‍, സോഷ്യല്‍ ആക്ടിവിസ്റ്റ് തുടങ്ങി വിവിധ മേഖലകളില്‍പെട്ടവരായിരുന്നു ആ പതിനാറു പേര്‍. സമൂഹവുമായി യാതൊരു വിധത്തിലും ബന്ധമില്ലാത്ത നൂറ് ദിവസങ്ങള്‍ ബിഗ് ബോസ് ഹൗസില്‍ താമസിക്കുക എന്നതാണ് ഷോയുടെ ദൗത്യം. ഇവരെ സര്‍വസമയവും നിരീക്ഷിക്കാന്‍ 60 കാമറകളുമുണ്ടാകും. ശനി, ഞായര്‍ ദിവസങ്ങളില്‍ എലിമിനേഷന്‍ റൗണ്ടിലാണ് ഈ സൂപ്പര്‍സ്റ്റാര്‍ മത്സരാര്‍ഥികളെ കാണാനായി എത്തുന്നത്. ഒരാഴ്ച വീട്ടില്‍ നടന്ന വിശേഷങ്ങള്‍ മറ്റു മത്സരാര്‍ഥികളോട് ചോദിക്കുകയും അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുകയും ചെയ്ത ശേഷമാണ് ലാല്‍ എലിമിനേഷന്‍ പ്രക്രിയയിലേക്ക് കടക്കുക. മത്സരാര്‍ഥികളുടെ വോട്ടിംഗിനൊപ്പം പ്രേക്ഷകരുടെ വോട്ടിംഗും പരിഗണിച്ചാണ് എലിമിനേഷന്‍ നടത്തുക.
അരിസ്റ്റോ സുരേഷ്, ഹിമ ശങ്കര്‍, ദിയ സന, ശ്വേതാ മേനോന്‍, രഞ്ജിനി ഹരിദാസ്, അര്‍ച്ചന സുശീലന്‍, തരികിട സാബു, ഡേവിഡ് ജോണ്‍, അനൂപ് ചന്ദ്രന്‍, മനോജ് വര്‍മ, അതിഥി റായ്, ശ്രീനിഷ് അരവിന്ദ്, ബഷീര്‍ ബഷി, പേളി മാണി, ശ്രീലക്ഷ്മി ജഗതി ശ്രീകുമാര്‍, ദീപന്‍ മുരളി തുടങ്ങിയവരായിരുന്നു ഷോയില്‍ മത്സരാര്‍ഥികളായി എത്തിയത്. വിവാദങ്ങളുടെ തോഴി രഞ്ജിനി ഹരിദാസും, സമരനായിക ദിയ സനയും, രണ്ടു കല്യാണം കഴിച്ച ഫ്രീക്കന്‍ പയ്യന്‍ ബഷീറിന്റെ മത്സരാര്‍ഥിത്വവുമാക്കെ ഷോയില്‍ വിവാദങ്ങളുണ്ടാക്കി.
ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് പതിനാറ് പേരില്‍ ആദ്യം പുറത്തുപോയത് നിര്‍മ്മാതാവും ബിസിനസ്സുകാരനുമായ മനോജ് വര്‍മ്മയാണ്.
ആദ്യ എലിമിനേഷന് പരിപാടി സാക്ഷ്യം വഹിച്ചപ്പോള്‍ മോഡലും താരവുമായ ഡേവിഡ് ജോണ്‍ പുറത്തായി. ടാസ്‌കുകളും ആഘോഷങ്ങളുമായി പരിപാടി രണ്ടാം ആഴ്ചയിലെത്തിയപ്പോള്‍ എലിമിനേഷന്‍ റൗണ്ടും അടുത്തെത്തി.രണ്ടാം എലിമിനേഷനില്‍ ആരും പുറത്തായില്ല എന്നു മാത്രമല്ല മോഡലായ ഷിയാസ് കരിം 15 ാം ദിവസം പരിപാടിയിലേക്ക് എത്തുകയും ചെയ്തു. ഇണക്കങ്ങളും പിണക്കങ്ങളുമായി ഷോ മുമ്പോട്ടു പോകുമ്പോഴാണ് 21ാം ദിവസം ഹിമാശങ്കര്‍ പുറത്തായത്. അസൂയ, കുശുമ്പ്, പരദൂഷണം ഇവ ചൂണ്ടിക്കാട്ടി താരങ്ങളും അവതാരകരുമായ ശ്രീലക്ഷ്മി ശ്രീകുമാറിനേയും ദീപന്‍ മുരളിയേയും മത്സരാര്‍ത്ഥികള്‍ നോമിനേറ്റ് ചെയ്തപ്പോള്‍ പ്രേക്ഷകരും ഇതേ അഭിപ്രായം ശരിവയ്ക്കുകയായിരുന്നു. 27ാം ദിവസം ശ്രീലക്ഷ്മി പുറത്തായപ്പോള്‍ 28ാം ദിവസം കണ്ണുകള്‍ കെട്ടിയാണ് ദീപന്‍ മുരളിയെ പുറത്താക്കിയത്. ദീപന്‍ പുറത്തായതിനു ശേഷമാണ് മറ്റ് മത്സരാര്‍ഥികളും ആ വിവരം അറിയുന്നത്. ആര്‍ക്കും തന്നെ ദീപന് ഒരു യാത്രയയപ്പ് നല്‍കാന്‍ സാധിച്ചില്ല എന്നതും ശ്രദ്ധേയമാണ്.
അപ്പോഴേക്കും പേളിയും അരിസ്റ്റോ സുരേഷും തമ്മിലുള്ള സൗഹൃദത്തിനെതിരെയുള്ള വിമര്‍ശനങ്ങള്‍ ബിഗ്ബോസ് ഹൗസില്‍ ഉയര്‍ന്നു തുടങ്ങിയിരുന്നു. ശ്വേതാമേനോനും പേളിമാണിയും തമ്മില്‍ വീട്ടിലുണ്ടായ തര്‍ക്കത്തില്‍ പ്രേക്ഷകര്‍ പേളിമാണിയോടൊപ്പം നിന്നതിന്റെ തെളിവായി 35ാം ദിവസം ശ്വേതാ മേനോന്‍ പുറത്തായി. ശ്വേതയുടെ പുറത്താകലിനൊപ്പം പേരന്‍പിലെ നായികയായ ട്രാന്‍സ് വ്വുമണ്‍ അഞ്ജലി അമീര്‍ ബിഗ് ബോസിലേക്ക് രംഗപ്രവേശംചെയ്തു. അപ്പോഴേക്കും പേളിമാണിയും ശ്രീനേഷും തമ്മിലുള്ള സൗഹൃദം പ്രണയമാണെന്ന തരത്തിലുള്ള വാര്‍ത്തകളും പുറത്തു വന്നു. പുറത്താകണമെന്ന ദിയാസനയുടെ ആഗ്രഹം തന്നെയായിരുന്നു പ്രേക്ഷകര്‍ക്കും. 42 ാം ദിവസം ദിയാ സനയും പുറത്തായി. എന്നാല്‍ പിന്നീട് വികാര നിര്‍ഭരമായ സന്ദര്‍ഭങ്ങളാണ് പരിപാടിയില്‍ നടന്നത്.ശാരീരികാസ്വാസ്ഥ്യങ്ങളെ തുടര്‍ന്ന് അഞ്ജലി അമീറിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും 45ാം ദിവസം അഞ്ജലി പുറത്തു പോകുകയും ചെയ്തു.
50 ദിവസം തികഞ്ഞ ഇന്നലെ ബിഗ്‌ബോസില്‍ അതിന്റെ ആഘോഷപരിപാടികളും നടന്നു. ഇതിന് പിന്നാലെയാണ് എലിമിനേഷന്‍ നടന്നത്. ഇക്കുറി എലിമിനേഷനില്‍ പേളി, സുരേഷ്, സാബു, അനൂപ്, അതിദി തുടങ്ങിയവരാണ് എത്തിയത്. എന്നാല്‍ പരിപാടിയുടെ എലിമിനേഷന്‍ പ്രക്രിയയ്ക്കിടയില്‍ പരിപാടിയിലേക്ക് തിരികെ വരാന്‍ ആഗ്രഹമുണ്ടെന്നും ആരും പുറത്തു പോകരുതെന്നും അപേക്ഷിച്ച് അഞ്ജലിയുടെ അപേക്ഷ എത്തുകയായിരുന്നു. ഇത് മാനിച്ച ബിഗ്‌ബോസ് ഇക്കുറി ആരെയും എലിമിനേറ്റ് ചെയ്തില്ല.
മാത്രമല്ല 21ാം ദിവസം പുറത്തായ ഹിമാശങ്കറിനെ ഇന്നലെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ തിരിച്ചെടുക്കുകയും ചെയ്തു. പ്രേക്ഷകരും മത്സരാര്‍ഥികളും ഒരു പോലെ നോമിനേറ്റ് ചെയ്ത ഹിമയെ പ്രേക്ഷകരുടെ അഭ്യര്‍ഥന മാനിച്ചാണ് പരിപാടിയില്‍ തിരിച്ചെടുത്തത്. ഹിമയുടെ തിരിച്ചുവരവും ബിഗ് ബോസിലെ സംഭവ വികാസങ്ങളും ചേര്‍ന്ന് പരിപാടിയില്‍ അടുത്തത് എന്താകും എന്ന ആകാംക്ഷയിലാണ് പ്രേക്ഷകര്‍. ബിഗ് ബോസ് ഹൗസ് ഇന്നലെ 50 ദിവസം പൂര്‍ത്തിയാക്കിയ ആഘോഷത്തിന് ശേഷം 51ാം ദിവസമായ ഇന്ന് അടുത്ത നോമിനേഷന്‍ പ്രക്രിയയ്ക്കു സാക്ഷ്യം വഹിക്കുകയാണ് പ്രേക്ഷകര്‍.