ബിഗ് ബോസ് മലയാളം സീസണ്‍ 8ല്‍ താന്‍ മത്സരാര്‍ത്ഥിയായി എത്തുമെന്ന തരത്തിലുള്ള സമൂഹമാധ്യമങ്ങളിലെ അഭ്യൂഹങ്ങള്‍ക്ക് മറുപടിയുമായി നടി അമൃത നായര്‍ രംഗത്ത്. താന്‍ ഒടുവില്‍ അഭിനയിച്ചുകൊണ്ടിരുന്ന 'ടോം ആന്റ് ജെസ്സി' പരമ്പരയില്‍ നിന്ന് പിന്മാറിയത് വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണെന്നും, അത് ഒരിക്കലും ബിഗ് ബോസിലേക്ക് പോകാന്‍ വേണ്ടിയല്ലെന്നും അമൃത യൂട്യൂബില്‍ പങ്കുവെച്ച പുതിയ വീഡിയോയിലൂടെ വ്യക്തമാക്കി. 'ടോം ആന്റ് ജെസിയില്‍ നിന്ന് ഞാന്‍ പിന്മാറിയത് വ്യക്തിപരമായ കാരണങ്ങളാലാണ്. അത് ഇപ്പോള്‍ വെളിപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.
അതൊരിക്കലും ബിഗ് ബോസിലേക്ക് വരാന്‍ വേണ്ടിയല്ല. ബിഗ് ബോസിലേക്ക് ഞാന്‍ വരുന്നുണ്ടെന്നു കരുതി പലരും എനിക്ക് വേണ്ടി ഗ്രൂപ്പുകള്‍ ക്രിയേറ്റ് ചെയ്യാം എന്ന് പറഞ്ഞിട്ടുണ്ട്. പി.ആര്‍. ചെയ്യാമെന്നു പറഞ്ഞ് ചാനലുകള്‍ പോലും ബന്ധപ്പെട്ട സ്ഥിതിയ്ക്ക് ഇപ്പോഴെങ്കിലും ഞാനിത് തുറന്ന് പറയണം എന്നുള്ളത് കൊണ്ടാണ് ഈ വീഡിയോ ചെയ്യുന്നത്' അമൃത പറഞ്ഞു
'ബിഗ് ബോസ് സീസണ്‍ 8 ലേക്ക് ഞാന്‍ ഇല്ല. ഇതിന് മുന്‍പും ഞാനിത് പറഞ്ഞിട്ടുണ്ട്, എനിക്ക് പറ്റിയ ഒരു പ്ലാറ്റ്ഫോം അല്ല അത്. അതുകൊണ്ട് ഞാനിപ്പോള്‍ ഇല്ല. എനിക്ക് വരണം എന്നുണ്ടായിരുന്നുവെങ്കില്‍ നേരത്തെ വരാമായിരുന്നു. അതിനുള്ള അവസരങ്ങളുണ്ടായിരുന്നു. എന്റെ അടുത്ത സുഹൃത്തുക്കള്‍ എല്ലാം വന്ന സമയത്തും ഞാന്‍ വന്നിട്ടില്ല. നിലവിലെ സാഹചര്യത്തില്‍ ഞാന്‍ ബിഗ് ബോസിലേക്ക് വരാനുള്ള ഒരു സാധ്യതയും ഇല്ല' അമൃത പറഞ്ഞു. ബിഗ് ബോസിലേക്ക് വരണമെങ്കില്‍ ഏറ്റവും ചുരുങ്ങിയത് പത്ത് ദിവസമെങ്കിലും മാറി നില്‍ക്കേണ്ടി വരുമെന്നും, എന്നാല്‍ അത്രയും ദിവസം വിട്ടുനില്‍ക്കാനുള്ള സാഹചര്യത്തിലല്ല താനിപ്പോഴുള്ളതെന്നും നടി പറഞ്ഞു.
തന്റെ ജീവിതത്തില്‍ മറ്റൊരു പ്രധാനപ്പെട്ട കാര്യം സംഭവിക്കാന്‍ പോകുന്നുണ്ടെന്നും അത് എന്താണെന്ന് വൈകാതെ അറിയിക്കുമെന്നും അമൃത കൂട്ടിച്ചേര്‍ത്തു. എന്തായാലും അത് ബിഗ് ബോസ് സംബന്ധിച്ചല്ലെന്നും അവര്‍ വ്യക്തമാക്കി. തന്റെ പേര് പ്രെഡിക്ഷന്‍ ലിസ്റ്റുകളില്‍ ഇത്രയധികം ഇടംപിടിച്ച സാഹചര്യത്തില്‍, ഭാവിയിലെ ഏതെങ്കിലും ഒരു സീസണില്‍ ബിഗ് ബോസ് അനുഭവം നേരിട്ടറിയാന്‍ താല്‍പ്പര്യമുണ്ടെന്നും എന്നാല്‍ ഈ സീസണില്‍ താനുണ്ടാവില്ലെന്നും അമൃത വ്യക്തമാക്കുന്നു.