ബിഗ്‌ബോസ് സീസണ്‍ 2 പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ തുടങ്ങിയതാണ് ആദ്യ സീസണിലേതുപോലെ ഒരു പ്രണയജോഡി ഇക്കുറി ഉണ്ടാകുമോ എന്ന സംശയം. പേര്‍ളിഷിന് പകരമായി ആരായിരിക്കും ബിഗ് ബോസ് വീട്ടില്‍ പ്രണയം എത്തിക്കുക എന്ന് ആരാധകര്‍ ഉറ്റുനോക്കിയിരുന്നു. സുജോയും അലക്‌സാണ്ട്രയുമായിരുന്നു പ്രണയിക്കാനായി പ്രേക്ഷകരുടെ ഇഷ്ടജോഡികള്‍. ടാസ്‌കിനു വേണ്ടിയാണെങ്കിലും സാന്‍ഡ്രയെ സുജോ പ്രൊപ്പോസ് ചെയ്തതോടെ ബിഗ് ബോസ് വീട്ടിലെ ഇണക്കുരുവികളായി വീട്ടുകാര്‍ തന്നെ ഇവരെ തീരുമാനിച്ചു. സോഷ്യല്‍മീഡിയയിലും സുജാന്‍ഡ്ര എന്ന പേരില്‍ ഇവര്‍ക്കായുള്ള ഫാന്‍സ് ഗ്രൂപ്പുകള്‍ സജീവമാണ്.
ബിഗ്‌ബോസ് ഇന്നലെ നല്‍കിയ ടാസ്‌കിലും ഇവരെ ഒളിച്ചോടിയ കമിതാക്കളാക്കിയിരുന്നു. ഇതോടെ വീടിനകത്തും പുറത്തുമെല്ലാം സുജാന്‍ഡ്ര പ്രണയട്രാക്കുകള്‍ തുറന്നിരിക്കയാണ്. ഇപ്പോള്‍ സുജോയും അലക്‌സാണ്ട്രയും തമ്മിലുള്ള ചെറിയ വഴക്കാണ് ശ്രദ്ധ നേടുന്നത്. ഇന്നലെ രജിത്, സുജോ, പരീക്കുട്ടി എന്നിവര്‍ സംസാരിച്ചിരിക്കുമ്പോള്‍ അവര്‍ക്കിടയില്‍ നിന്ന് എഴുനേറ്റു പോകുകയായിരുന്നു സാന്‍ഡ്ര. ഈ സമയം സുജോയ്ക്ക് ഒരു അബദ്ധം പറ്റി സാന്‍ഡ്ര എന്നതിന് പകരം രേഷ്മ എന്നാണ് വിളിച്ചത്. ഇത് കേട്ടു ദേഷ്യപ്പെട്ട് വന്ന അലക്‌സാന്‍ഡ്ര നീ എന്റെ പേര് ആദ്യം പഠിക്ക് എന്നാണ് സുജോയ്ക്ക് താക്കീത് നല്‍കിയത്.
വീട്ടിലെ മറ്റുള്ള അംഗങ്ങള്‍ സുജോയുടെ പേര് തെറ്റിച്ചു വിളിക്കുമ്പോള്‍ താനാണ് അവര്‍ക്കെല്ലാം തിരുത്തി പറഞ്ഞു നല്‍കാറെന്നും സാന്‍ഡ്ര പറയുന്നു. 'എന്നിട്ടു അവന്‍ എന്നെ രേഷ്മ, അര്‍ച്ചന, എലീന എന്നെല്ലാമാണ് വിളിക്കുന്നത്. നിനക്കെന്റെ പേരുപോലും അറിയില്ലല്ലോ?', നിരാശയും കലിപ്പുമൊക്കെ ഇടകലര്‍ത്തി സാന്‍ഡ്ര പറഞ്ഞു.
എന്നാല്‍ സാന്‍ഡ്രയെ സുജോ പേര് തെറ്റിച്ചു വിളിക്കുന്നത് അറിഞ്ഞുകൊണ്ടാണെന്നാണ് രജിത് കുമാറിന്റെ കണ്ടെത്തല്‍. ' നിന്നെ തെറ്റിച്ചുവിളിക്കുമ്പോഴാണ് നിനക്ക് ദേഷ്യം വരുന്നത്. നിനക്കൊരു ദേഷ്യം വരുമ്പോഴാണ് അവനൊരു സുഖം വരുന്നത്', അതൊരു സൈക്കോളജി ആണെന്നായി രജിത്.
എന്നാല്‍ സുജോയ്ക്ക് പകരം മറ്റാരെങ്കിലും ആയിരുന്നെങ്കില്‍ താന്‍ അത് വിശ്വസിച്ചേനെ പക്ഷെ 'ഇവന് ഓര്‍മ ഇല്ലാത്തതുകൊണ്ടാണെന്നു എനിക്ക് നന്നായിട്ട് അറിയാം' എന്നായിരുന്നു സാന്‍ഡ്രയുടെ മറുപാടി. സാന്‍ഡ്ര പോയതിനു പിന്നാലെ 'അഭിനയം അഭിനയം കംപ്ലീറ്റ് അഭിനയം' എന്നുപറഞ്ഞു സുജോയെ കളിയാക്കുകയാണ് രജിത്. താന്‍ എല്ലാം നിരീക്ഷിച്ചുകൊണ്ടു തന്നെയാണ് ഇരിക്കുന്നതെന്ന മുന്നറിയിപ്പും ഇതിനൊപ്പം രജിത്ത് നല്‍കി