തെന്നിന്ത്യന്‍ പ്രേക്ഷകരുടെ ഒരു പ്രിയ താരമാണ് ഐശ്വര്യ രാജേഷ്. തമിഴ്, തെലുങ്ക്, മലയാളം ഹിന്ദി സിനിമകളില്‍ ഐശ്വര്യ രാജേഷ് അഭിനനയിച്ചിട്ടുണ്ട്. തിരഞ്ഞെടക്കുന്ന കഥാപാത്രങ്ങളില്‍ എല്ലാം ഐശ്വര്യ രാജേഷ് എന്ന അഭിനേത്രിയുടെ പക്വത കാണാം. വെറുതേ ഒരു നായിക എന്നതിനപ്പുറം, അഭിനയ പ്രാധാന്യമുള്ള വേഷമാണെങ്കില്‍ സഹതാരമായി എത്താനും ഐശ്വര്യ രാജേഷിന് വിരോധമില്ല.
പൊതുവെ അമ്മ വേഷങ്ങള്‍ ചെയ്യാന്‍ നായികമാര്‍ മടിക്കുന്ന സമയത്താണ്, തന്റെ 21 ആം വയസ്സില്‍ രണ്ട് കുട്ടികളുടെ അമ്മയായി അഭിനയിച്ചത്. അത്രയെ വ്യക്തമായ കാഴ്ചപ്പാടുകളും നിലപാടുകളും ഉള്ള നടിയാണ് ഐശ്വര്യ. താന്‍ കടന്ന് വന്ന വഴികളെക്കുറിച്ച് നടി പങ്ക് വച്ചതാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
എനിക്ക് എട്ട് വയസ്സുള്ളപ്പോഴാണ് അച്ഛന്‍ മരണപ്പെട്ടത്. അതിന് ശേഷം അമ്മ കഷ്ടപ്പെട്ടാണ് ഞങ്ങള്‍ നാല് മക്കളെ വളര്‍ത്തിയത്. എനിക്ക് മുന്നെ മൂന്ന് ചേട്ടന്മാരാണ്. എല്ലാവരും ഒന്നര വയസ്സിന്റെ പ്രായ വ്യത്യാസം മാത്രമേയുള്ളൂ.
അമ്മയ്ക്ക് അധികം വിദ്യാഭ്യാസം ഇല്ല, എന്നിട്ടും അമ്മ ജീവിതത്തോട് പൊരുതി. എല്‍ഐസി ഏജന്റ് ആയും, ചെറിയ രീതിയില്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസ്സും നടത്തിയാണ് അമ്മ ഞങ്ങളെ വളര്‍ത്തിയത്. ആ കഷ്ടപ്പാടിലും ഞങ്ങള്‍ നാല് പേര്‍ക്കും നല്ല വിദ്യഭ്യാസം തരാന്‍ അമ്മ ശ്രദ്ധിച്ചു. അത്രയധികം ഡെഡിക്കേറ്റഡ് ആയിട്ടുള്ള, ആത്മവിശ്വാസമുള്ള അമ്മയെ കണ്ടാണ് ഞാന്‍ വളര്‍ന്നത്.
വളരെ ചെറിയ പ്രായത്തില്‍ തന്നെ അമ്മയെ സഹായിക്കാന്‍ വേണ്ടി ഞാനും സമ്പാദിച്ചു തുടങ്ങിയിരുന്നു. എന്നെ കൊണ്ട് ആകുന്ന വിധം ഇരുന്നൂറോ, മൂന്നൂറോ രൂപ ഉണ്ടാക്കും. ട്യൂഷന്‍ എടുത്തുകൊടുത്തോ, ബര്‍ത്ത് ഡേ പാര്‍ട്ടികളിലൊക്കെ ആങ്കറിങ് ചെയ്തോ ഒക്കെയാണ് സമ്പാദിച്ചു തുടങ്ങിയത്.
ആ അവസ്ഥയില്‍ ഏറ്റവും വലിയ തിരിച്ചടി ചേട്ടന്മാരുടെ മരണമായിരുന്നു. അതും ചെറിയ പ്രായത്തില്‍ തന്നെ. ഒന്നര വര്‍ഷത്തെ ഗ്യാപ്പിലാണ് രണ്ട് പേരെയും നഷ്ടപ്പെട്ടത്. ആദ്യത്തെ ആള്‍ക്ക് 21 വയസ്സായിരുന്നു മരിക്കുമ്പോള്‍. ഒന്നര വര്‍ഷം കൊണ്ട് അടുത്ത ആളും പോയി. ആക്സിഡന്റ് ആയിരുന്നു. അതിനെ കുറിച്ച് അധികം സംസാരിച്ചാല്‍ ഞാന്‍ ഇമോഷണലാവും. ആ അവസ്ഥയില്‍ നിന്ന് തിരിച്ചു കയറുക എന്നത് ഞങ്ങളെ സംബന്ധിച്ച് വലിയ വെല്ലുവിളി തന്നെയായിരുന്നു.
സിനിമയില്‍ എത്തിയപ്പോഴും ഒരുപാട് റിജക്ഷന്‍സ് നേരിട്ടു. ഒട്ടും എളുപ്പമല്ലായിരുന്നു അത്. നിറത്തിന്റെ പേരിലും മറ്റുമുള്ള അവഗണനകളോട് പൊരുതിയാണ് ഇന്ന് കാണുന്ന നിലയിലേക്ക് താന്‍ എത്തിയത് എന്ന് ഐശ്വര്യ രാജേഷ് പറഞ്ഞു.
ചെറുപ്പകാലത്ത് തനിക്കുണ്ടായ ഒരു ദുരനുഭവം ഐശ്വര്യ പങ്ക് വ്ച്ചു.
''ഞാന്‍ വളരെ ചെറുപ്പമായിരുന്നു. എന്റെ സഹോദരനോടൊപ്പമാണ് ഞാന്‍ പോയത്. സഹോദരനെ ഫോട്ടോഗ്രാഫര്‍ പുറത്തിരുത്തി. എന്നെ അകത്തേയ്ക്ക് വിളിപ്പിച്ച് ലിംഗേറി ( lingerie) ധരിക്കാന്‍ തന്നു. എന്നിട്ട് പറഞ്ഞു എനിക്ക് നിന്റെ ശരീരം കാണണമെന്ന്''- ഐശ്വര്യ രാജേഷ് ദുരനുഭവം വെളിപ്പെടുത്തി.
ആ പ്രായത്തില്‍ ഇന്‍ഡസ്ട്രി എങ്ങനെ വര്‍ക്ക് ചെയ്യുന്നുവെന്നതിനെ കുറിച്ച് നമുക്ക് അറിയില്ല. ഇവിടെ കാര്യങ്ങള്‍ അങ്ങനെയായിരിക്കുമെന്ന് കരുതി. പക്ഷേ എനിക്കെന്തോ അതില്‍ സംശയം തോന്നി. ആ വസ്ത്രം ധരിക്കാന്‍ തനിക്ക് തന്റെ സഹോദരന്റെ അനുമതി വേണമെന്ന് പറഞ്ഞു. മുറിയില്‍ നിന്ന് പുറത്തുപോകേണ്ടിയും വന്നു. എത്ര പെണ്‍കുട്ടികളോട് അയാള്‍ ഇങ്ങനെ ഒരു കാര്യം ചെയ്തിട്ടുണ്ടാകും. ഈ സംഭവം ഒരിക്കലും താന്‍ തന്റെ സഹോദരനോട് പറഞ്ഞിട്ടില്ല എന്നും ഐശ്വര്യ രാജേഷ് പറയുന്നു.
ഒരിക്കല്‍ ഒരു സംവിധായകന്‍ തന്നോട് അപമര്യാദയായി പെരുമാറിയ കാര്യവും ഐശ്വര്യ രാജേഷ് വെളിപ്പെടുത്തി. ഞാന്‍ കുറച്ച് മിനുട്ട് വൈകിയതേയുള്ളൂ. എന്നാല്‍ ജൂനിയര്‍ ആര്‍ടിസ്റ്റുകളുടെ മുന്നില്‍ വെച്ച് എന്നെ വഴക്ക് പറഞ്ഞു. വഴക്ക് പറഞ്ഞത് ഒരു പ്രശ്‌നമല്ല. എന്നാല്‍ മറ്റ് നടിമാരോട് തന്നെ താരതമ്യം ചെയ്തു തുടങ്ങിയതാണ് പ്രശ്‌നം. ഞാന്‍ ഒരു മിസ്‌റ്റേക്ക് വരുത്തിയാല്‍ പോലും പൊതുമധ്യത്തില്‍ ഒരാളെ ശകരാരിക്കുന്നത് ശരിയാണോ എന്നും ചോദിക്കുന്നു ഐശ്വര്യ രാജേഷ്. എന്നാല്‍ ഫോട്ടോഗ്രാഫറുടെയും സംവിധായകന്റെയും പേര് വെളിപ്പെടുത്താന്‍ ഐശ്വര്യ രാജേഷ് തയ്യാറായില്ല.